കൊച്ചി: വ്യവസായിയും സിനിമ നിർമ്മാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി.

സിനിമയിൽ അവസരവും വിവാഹ വാഗ്ദാനവും നൽകി 2000 മുതൽ ഉള്ള കാലഘട്ടത്തിൽ വയനാട്, മുംബൈ, തൃശൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നാണു യുവതി നൽകിയ പരാതിയിൽ പറയുന്നത്. 78,60,000 രൂപയും 80 പവൻ സ്വർണവും തട്ടിയെടുത്തു എന്നും തൃശൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ പറയുന്നു. യുവതി പൊലീസിൽ പരാതി നൽകുമെന്നു വന്നതോടെ ഏഴു പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള സെഷൻസ് കോടതികളിലും കേരള ഹൈക്കോടതിയിലും ഹർജി നൽകി മുൻകൂർ ജാമ്യം നേടിയിരുന്നു ഇയാൾ.

ഹൈക്കോടതി കഴിഞ്ഞയാഴ്ച മാർട്ടിന് മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. തുടർന്നു കഴിഞ്ഞ ദിവസം ഹാജരായി ചോദ്യം ചെയ്യലിനു വിധേയമാക്കിയിരുന്നു. തുടർന്ന് ഇന്നു വീണ്ടും ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പു നടത്തുകയാണ്.

കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്ത് അന്വേഷണം ആരംഭിക്കവേ പ്രതി മാർട്ടിൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യം അനുവദിച്ച കോടതി നാലു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാൻ നിർദ്ദേശം നൽകുകയായിരുന്നു. അതേസമയം യുവതിയുടെ പീഡനപരാതി വ്യാജ മാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നാലു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന നിബന്ധനയിലായിരുന്നു ജാമ്യം. ഇതേത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി മാർട്ടിനെ പൊലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

1986-1992 കാലഘട്ടത്തിലെ ആട് തേക്ക് മാഞ്ചിയം തട്ടിപ്പു കേസിലെ വിവാദ വ്യവസായിയാണ് മാർട്ടിൻ സെബാസ്റ്റ്യൻ. തട്ടിപ്പ് വിവാദത്തിനു ശേഷം സി.എസ്.മാർട്ടിൻ എന്ന് പേരുമാറ്റി മാർട്ടിൻ സെബാസ്റ്റ്യനായി സിനിമാ നിർമ്മാണത്തിലുൾപ്പടെ നിരവധി വ്യവസായങ്ങളിൽ സജീവമായി.

90കളിൽ ഏറെ ചർച്ചയായ കേസായിരുന്നു ആട് തേക്ക് മാഞ്ചിയം. ആയിരം രൂപ നൽകിയാൽ ഇരുപത് വർഷങ്ങൾക്ക് ശേഷം തിരിച്ചു നൽകാം എന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതര സംസ്ഥാനങ്ങളിൽ ആടും തേക്കുമടക്കം വളർത്തി പൈസ നൽകാമെന്നായിരുന്നു മാർട്ടിൻ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.