പത്തനംതിട്ട: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വന്ന രണ്ട് യുവാക്കളെ കഞ്ചാവുമായി പിടികൂടി. കള്ളവോട്ട് നടക്കാൻ സാധ്യതയുള്ളതിനാൽ കർശന സുരക്ഷയൊരുക്കിയിരുന്ന പൊലീസുകാർ തിരിച്ചറയൽക ാർഡ് ചോദിച്ചപ്പോഴാണ് വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതി എടുത്തു കൊടുത്തത്.

കൊടുമൺ, കുടമുട്ട് സ്വദേശികളായ കണ്ണൻ ഗണേശ്, വിമൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു ഗ്രാമോളം കഞ്ചാവാണ് കൈവശമുണ്ടായിരുന്നത്. ഇതു കാരണം ഇവരെ ജാമ്യത്തിൽ വിട്ടയയ്ക്കുമെന്ന് പൊലീസ് ഇൻസ്പെക്ടർ ജിബു ജോൺ പറഞ്ഞു. പത്തനംതിട്ട കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. കള്ളവോട്ട് എന്നാരോപിച്ച് രണ്ട് യുവാക്കളെ സിപിഎം പ്രവർത്തകർ തടഞ്ഞുനിർത്തുകയായിരുന്നു.തുടർന്ന് പൊലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

നിലവിൽ യുഡിഎഫ് ആണ് ബാങ്ക് ഭരിക്കുന്നത്. ഭരണം പിടിച്ചെടുക്കാൻ എൽഡിഫ് അരയും തലയും മുറുക്കി രംഗത്തുണ്ട്. ഇരു വിഭാഗത്തിൽ നിന്നും കള്ളവോട്ടുകൾ ധാരാളമായി ചെയ്യുന്നുണ്ട്. ഇരുകൂട്ടരും പരസ്പരം ബൂത്ത് പിടുത്തവും ആരോപിക്കുന്നു. പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ എട്ടിനാണ് വോട്ടെടുപ്പ് നടന്നത്.

സംഘർഷത്തെ തുടർന്ന് കോന്നി ഡിവൈ.എസ്‌പി രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിൽ രാവിലെ ലാത്തിച്ചാർജും നടന്നു. മുൻ ആറന്മുള എംഎൽഎ കെസി രാജഗോപാലിനും അടിയേറ്റു. സിപിഎം പ്രവർത്തകരും പൊലീസുമായും സംഘർഷം നടന്നു. ഇതിനിടെയാണ് കെസി രാജഗോപാലിന് മർദനമേറ്റത്. അടികൊണ്ട മുൻ എംഎൽഎ നിലം പതിച്ചു.