മേപ്പാടി: മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് ധനസഹായം എത്തിച്ചു മറുനാടന്‍യ. മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി ഉരുള്‍ദുരന്തത്തെ അതിജീവിച്ച 28 കുട്ടികള്‍ക്കായി മറുനാടന്‍ മലയാളി ശേഖരിച്ച 1.12 കോടി രൂപ വിതരണം ചെയ്തു. ഇന്ന് രാവിലെ മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ വെച്ചായിരുന്നു ധനസഹായ വിതരണം നടന്നത്. മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ നേതൃത്വത്തില്‍ എത്തിയ ബ്രിട്ടിഷ് മലായലി ചാരിറ്റി ഫൗണ്ടേഷന്റെും ശാന്തിഗ്രാമിന്റെയും ഒക്കെ പ്രതിനിധികള്‍ സാക്ഷിയായി ധനസഹായം വിതരണം ചെയ്തത് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖാണ്. കേന്ദ്ര - കേരള സര്‍ക്കാറുകള്‍ സഹായം വൈകുന്ന പശ്ചാത്തലത്തിലാണ് മുമ്പ് പറഞ്ഞ വാക്കുപാലിച്ചു മറുനാടന്‍ സഹായം വിതരണം ചെയ്തത്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും, മറുനാടന്‍ മലയാളിയും ചേര്‍ന്ന് ശേഖരിച്ച ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ ഉരുള്‍പ്പെട്ടലില്‍ മാതാപിതാക്കള്‍ നഷ്ടമായ 28 മക്കള്‍ക്ക് വിതരണം ചെയ്യുന്ന ചടങ്ങ് ആണ് ഇന്ന് നടന്നത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും മറുനാടന്‍ മലയാളിയും തിരുവനന്തപുരത്തെ ചപ്പാത്തിലെ ശാന്തിഗ്രാം എന്ന സന്നദ്ധ സംഘടനയും ചേര്‍ന്നാണ് ഈ ഫണ്ട് ശേഖരണം നടത്തിയത്.മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ടി സിദ്ധിഖ് എംഎല്‍എയാണ് ഫണ്ട് വിതരണം ചെയ്തത്.



മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ പ്രസംഗിച്ചു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ അഡൈ്വസറി ബോര്‍ഡ് അംഗവും മുന്‍ വൈസ് ചെയര്‍മാനായ് സോണി ചാക്കോ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു എന്നിവര്‍ പ്രസംഗിച്ചു. അജയ് ചൂരല്‍മല, ശാന്തിഗ്രാം ഡയറക്ടര്‍ എല്‍ പങ്കജാക്ഷന്‍ മേപ്പാടി പഞ്ചായത്തിലെ വിവിധ മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



ധനസഹായ വിതരണ ചടങ്ങില്‍ പങ്കെടുക്കാനായി വയനാട് ദുരന്തം അതിജീവിച്ച 28 കുട്ടികളും അവരുടെ ബന്ധുക്കളും അടക്കം ദുരന്തബാധിതരായ അനേകം പേരാണ് എത്തിയത്. പഞ്ചായത്ത് ഹാളില്‍ നിറഞ്ഞ ആളുകളെ സാക്ഷ്യം വഹിച്ചാണ് ചടങ്ങ് നടന്നത്. തിരഞ്ഞെടുത്ത 28 അപേക്ഷകളില്‍ നിന്നും ദുരന്തത്തിന്റെ തീവ്രത, നിലവിലെ സാഹചര്യം, പ്രായം എന്നിവ അനുസരിച്ച് മൂന്നായി തരം തിരിച്ചാണ് തുക കൈമാറിയത്.




അങ്ങനെ ആദ്യ മുന്‍ഗണനാ ഗുണഭോക്താക്കളായ 11 പേര്‍ക്ക് അഞ്ചു ലക്ഷം രൂപാ വീതവും രണ്ടാം കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് 3,50,000 രൂപാ വീതവും ബാക്കിയുള്ള മൂന്നാം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അഞ്ചു പേര്‍ക്ക് 3,00,000 ലക്ഷം രൂപാ വീതവും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 28 പേരില്‍ ആറു നഴ്സിംഗ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്.




ഇവരില്‍ 11 പേര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നല്‍കുമ്പോള്‍ 12 പേര്‍ക്ക് മൂന്നര ലക്ഷം രൂപ വീതവും അഞ്ച് പേര്‍ക്ക് മൂന്ന് ലക്ഷം രൂപയും വീതമാണ് നല്‍കിയത്. ചൂരല്‍മല സ്വദേശിയായ അജയുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് അര്‍ഹതപെട്ടവരെ തെരഞ്ഞെടുത്തത്. ചുരുള്‍പൊട്ടലിന്റെ വ്യാപ്തി ശരിക്കും അറിയാമായിരുന്ന അജയാണ് ദുരിതബാധിതരില്‍ നിന്നും ,സഹായധനം അര്‍ഹരായവരെ കണ്ടെത്തുന്നതില്‍ നിര്‍ണായക റോള്‍ വഹിച്ചത്. ഈ ലിസ്റ്റ് പഞ്ചായത്ത് ഭാരവാഹികളുടെയും സ്ഥലം എംഎല്‍എയുടെയും പരിഗണക്ക് അയച്ചതിനു ശേഷമാണ് അന്തിമ രൂപം നല്‍കിയത്. കണ്ടെത്താന്‍ കഴിഞ്ഞ അച്ഛനോ അമ്മയോ മരിച്ച കുട്ടികള്‍ക്കെല്ലാം തന്നെ സഹായം നല്‍കി.




പണം കൈപ്പറ്റിയവരുടെ ലിസ്റ്റ്:








12 വര്‍ഷം കൊണ്ട് 14 കോടി രൂപയുടെ അസാധാരണ സേവന നേട്ടവുമായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍

പതിമൂന്നു വര്‍ഷം മുന്‍പ് മാഞ്ചസ്റ്ററിലാണ് മറുനാടന്‍ കുടുംബത്തില്‍ നിന്നും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇപ്പോള്‍ 12 വര്‍ഷമെന്ന ഒരു വ്യാഴ വട്ടം പിന്നിടുമ്പോള്‍, ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത ബ്രിട്ടീഷ്,മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ചരിത്രത്തില്‍ മലയാളികള്‍ക്ക് മാത്രമല്ല നേപ്പാളിലും ആഫ്രിക്കയിലെ എബോള ബാധിതരിലും യുകെയിലെ റെഡ്ക്രോസ്, ഹാര്‍ട്ട് ഫൗണ്ടേഷന്‍, അല്‍ഷിമേഴ്‌സ് സൊസൈറ്റി , എയര്‍ ആംബുലന്‍സ് ട്രസ്റ് തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ആളുകളിലേക്കും സംഘടകളിലേക്കുമാണ് യുകെ മലയാളികളുടെ സഹായ ഹസ്തം പറന്നെത്തിയത്.



യുകെയില്‍ മറ്റൊരു മലയാളി കൂട്ടായ്മക്കോ സംഘടനക്കോ അവകാശപ്പെടാന്‍ കഴിയാത്ത വിധം വിപുലവും ബാഹുല്യം നിറഞ്ഞതുമായ പ്രവര്‍ത്തന വഴികളില്‍ കൂടി സഞ്ചരിച്ചാണ് ഇപ്പോള്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ 12 വര്‍ഷം കൊണ്ട് 14 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ നേതൃത്വം നല്‍കിയിരിക്കുന്നത്.




രോഗികള്‍ക്കും നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കും വാര്‍ധ്യകത്തില്‍ അഭയം കണ്ടെത്താന്‍ സഹായകമായ ഗാന്ധിഭവന്‍ പോലെയുള്ള കര്‍മ്മ കേന്ദ്രങ്ങളിലേക്കും ഒക്കെയാണ് ഈ പണം ഒഴുകിയെത്തിയത്. മത സ്ഥാപനങ്ങളുടെ കീഴില്‍ ഉള്ളവര്‍ക്കോ രാഷ്ട്രീയ ആഭിമുഖ്യമുള്ള സംഘടനകളിലേക്കോ ഒരു പെന്‍സ് പോലും എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. തികച്ചും സുതാര്യമായ പ്രവര്‍ത്തനത്തില്‍ ഇതുവരെ നൂറിലേറെ യുകെ മലയാളികളുടെ സംഘാടക കരുത്തും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.