ലണ്ടന്‍: പ്രഥമ യൂറോപ്യന്‍ കപ്പ് മറുനാടന്‍ മലയാളി വടംവലി ചാംപ്യന്‍ഷിപ്പില്‍ മുത്തമിട്ട് ബ്രിട്ടനിലെ വടംവലി ചക്രവര്‍ത്തിമാരായ ടണ്‍ബ്രിഡ്ജ് വെല്‍സിലെ കൊമ്പന്മാരായ ടസ്‌കേഴ്സ് കിങ്‌സ്. ആതിഥേയരായ സ്റ്റോക് ഓണ്‍ ട്രെന്റ് ലയണ്‍സിനെ മുട്ടുകുത്തിച്ചാണ് ഇവരുടെ വിജയം. വാശിയേറിയ മത്സരം നടന്ന സ്‌പോര്‍ട്‌സ് ഹാളില്‍ ഇവര്‍ക്കൊപ്പം സെമി ഫൈനലില്‍ വലിക്കാന്‍ യോഗ്യത നേടിയത് വടംവലി മത്സരങ്ങളില്‍ മിന്നും പ്രകടനം നടത്തിയിട്ടുള്ള വൂസ്റ്റര്‍ തെമ്മാടികളും കാന്റര്‍ബറി കൊമ്പന്‍സും ആയിരുന്നു.

ഇതോടെ ആവേശത്തിന്റെ പെരുമ്പറ കൊട്ടാണ് സ്റ്റോക്കിലെ മത്സര വേദിയില്‍ ഉയര്‍ന്നു കേട്ടത്. അവസാന വലികള്‍ക്കു യോഗ്യത നേടിയ നാലു ടീമുകളും ഒന്നിനൊന്നു മികച്ചത് ആയതോടെ ആര് കപ്പില്‍ മുത്തമിടും എന്ന ആകാംഷ നിറഞ്ഞ ചോദ്യത്തിന് ഉത്തരമായതു രാത്രി എട്ടു മണി കഴിഞ്ഞ ശേഷമാണ്.

ഉദ്ഘാടകനായി സോജന്‍ ജോസഫ്; ആവേശം പകര്‍ന്ന് തുടക്കം

പത്തു മണിയോടെയാണ് ഉദ്ഘാടനം തീരുമാനിച്ചിരുന്നതെങ്കിലും പറഞ്ഞതിനും രണ്ടു മണിക്കൂര്‍ വൈകിയാണ് ഔദ്യോഗിക ആരംഭിച്ചത്. കാലാവസ്ഥ വില്ലനായി മാറിയ സാഹചര്യത്തില്‍ 12 മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. യുകെ മലയാളികള്‍ക്ക് അഭിമാനമായ സോജന്‍ ജോസഫ് എംപിയാണ് ബ്രിട്ടീഷ് മലയാളി പ്രഥമ യൂറോപ്യന്‍ വടംവലി മത്സരം ഉദ്ഘാടനം ചെയ്തത്. മാര്‍ച്ച് പാസ്റ്റോടെ തുടങ്ങിയ ചടങ്ങില്‍ 19 ടീമുകള്‍ക്കും ആശംസകളുമേകി.

ആശങ്കകള്‍ മഴയേക്കാളും ശക്തിയോടെ കനത്തു നിന്നെങ്കിലും ടീമുകളുടെ ആവേശത്തില്‍ മത്സരം തീ പാറി മത്സരം തുടങ്ങുന്നതിന് അവസാന നിമിഷം വരെ മാറ്റിവയ്ക്കേണ്ടി വന്നേക്കുമോ എന്ന അനിശ്ചിതം നിലനിന്ന മത്സരമാണ് യുകെയില്‍ മറ്റെവിടെയും കാണാത്ത വിധം ആവേശപ്പോരായി നിറഞ്ഞ ശേഷം മികച്ചതാരെന്ന ചോദ്യത്തിന് ഉത്തരം നല്‍കി കൊടിയിറങ്ങിയത്.




ഓണക്കാലത്തു കേരളമെങ്ങും നിറയുന്ന വടംവലി മത്സരങ്ങള്‍ ഇന്ന് മലയാളി എവിടെയുണ്ടോ അവിടെയൊക്കെ വടംവലിയും ഉണ്ടെന്ന തിരിച്ചറിവിലാണ് ആബാലവൃന്ദം ആരാധകരായി മാറിയിരിക്കുന്നത്. ഒരു പക്ഷെ കുട്ടികളില്‍ ഇത്രയധികം വീറും വാശിയും നല്‍കുന്ന ഒരു കായിക ഇനവും വേറെ കാണില്ല. അത് തെളിയിക്കുന്ന കാഴ്ചകളാണ് ഇന്നലെ സ്റ്റോക്കിലെ സെന്റ് പീറ്റേഴ്‌സ് അക്കാദമിയിലെ സ്‌പോര്‍ട്‌സ് ഹാളില്‍ നിറഞ്ഞു നിന്നത്.

തുടക്കത്തില്‍ സ്‌പോര്‍ട്‌സ് ഹാളില്‍ വടംവലിക്കേണ്ടി വരുന്നതില്‍ ചില ടീമുകള്‍ ആശങ്ക അറിയിച്ചെങ്കിലും ഓരോ മത്സരവും പിന്നിടുമ്പോള്‍ കാണികള്‍ ഉയര്‍ത്തുന്ന ആവേശ ആരവങ്ങളില്‍ പരാതികള്‍ എല്ലാം മറക്കുക ആയിരുന്നു വടംവലിക്കാര്‍. കാരണം ഇത്രയധികം വടംവലി പ്രേമികള്‍ ഒന്നിച്ച് ആര്‍പ്പു മുഴക്കുന്ന മറ്റൊരു മത്സര വേദി യുകെയില്‍ ഉണ്ടായിട്ടില്ല എന്നത് തന്നെ. ഗാലറികള്‍ ഒരേ താളത്തില്‍ ഒരേ ഈണത്തില്‍ ആര്‍പ്പുവിളിച്ചു തുടങ്ങിയതോടെ വടംവലിക്കാരുടെ സിരകളിലും ചുടുരക്തം പാഞ്ഞു കയറുക ആയിരുന്നു. സാധാരണ തോന്നുന്നതിന്റെ ഇരട്ടി ആവേശവും സിരകളില്‍ നിറച്ചാണ് വടംവലി സംഘങ്ങള്‍ ഊക്കോടെ കയര്‍ കയ്യിലെടുത്തത്.





ഇരട്ടി ശക്തിയില്‍ കുതിക്കുന്ന, റഫറിമാരുടെ വിസിലിനു പോലും കാത്തുനില്‍ക്കാതെ കുതിപ്പിന് തയ്യാറെടുക്കുന്ന പ്രതീതിയിലാണ് ഓരോ മത്സരത്തിലും തിളച്ചു നിന്ന വലിക്കാര്‍ കാണികള്‍ക്ക് ഡബിള്‍ വോള്‍ട്ടേജില്‍ ത്രസിയ്ക്കുന്ന കാഴ്ചയായി മാറിയത്. ലോകത്തെ ഏതു വമ്പന്‍ ടീമിനോടും കിടപിടിയ്ക്കുന്ന മത്സരമാണ് തുടക്കം തന്നെ തീ പാറിയത്.

ആദ്യ ഘട്ടത്തില്‍ വരിഞ്ഞു മുറുക്കി വലിയ കരിവീരന്മാരായ അയര്‍ലണ്ടില്‍ നിന്നെത്തിയ റബല്‍സും എക്സ്റ്ററിലെ മഞ്ഞ ജേഴ്സിക്കാരും തമ്മില്‍ നടന്ന വലിമാത്രം മതിയാകും ഇന്നലെ സ്റ്റോക്കില്‍ ആവേശത്തോടെ മത്സരം കാണാന്‍ എത്തിയ വടംവലി ആരാധകര്‍ക്ക് മനസ്സില്‍ സൂക്ഷിച്ചു വയ്ക്കാനും താലോലിക്കാനും. പൊടുന്നനെ വലിച്ചു തീര്‍ന്നുകൊണ്ടിരുന്ന മത്സരങ്ങള്‍ക്കിടയില്‍ മിനിറ്റുകള്‍ നീണ്ട വലി നടത്തിയാണ് അയര്‍ലന്‍ഡ് റബല്‍സും എക്‌സിറ്ററും പിച്ച് ഉപേക്ഷിച്ചത്.




തുടര്‍ന്നുള്ള ഓരോ വലികളിലും നേര്‍ക്ക് നേര്‍ ഉള്ള, ഇഞ്ചോടിച്ചു ഇടിച്ചു കയറുന്ന മത്സരമാണ് സ്റ്റോക്കില്‍ പിറന്നത്. ഒരിക്കല്‍ എങ്കിലും വടംവലി കണ്ടിട്ടുള്ളവര്‍ക്ക് മനസ്സില്‍ നിന്നും അത്രവേഗത്തില്‍ മായിച്ചു കളയാനാകില്ല സ്റ്റോക്കില്‍ ലഭിച്ച അപൂര്‍വ നിമിഷങ്ങള്‍. കരുത്തും ശക്തിയും സംയോജിച്ച മത്സരത്തില്‍ ഓരോ ടീമിന്റെയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും സംഘാടകര്‍ക്കും കാണികള്‍ക്കും സ്‌നേഹത്തോടെ മാത്രമേ ഓര്‍ത്തുവയ്ക്കാനാകൂ.

കടുത്ത തര്‍ക്കങ്ങള്‍ പതിവാകുന്ന വടംവലി വേദികളില്‍ തോല്‍ക്കുന്നതും ജയിക്കുന്നതുമൊക്കെ തികച്ചും ആപേക്ഷികമായ കാര്യങ്ങള്‍ ആണെന്നും ആവേശത്തോടെ പങ്കെടുക്കുക, കളിക്കളത്തില്‍ ആരാണ് വലിയവര്‍ എന്ന ചോദ്യമില്ലാതെ മികച്ച മത്സരം കാഴ്ചവയ്ക്കുക എന്ന സന്ദേശമാണ് ഇന്നലെ സ്റ്റോക്കില്‍ എത്തിയ 19 വടംവലി ടീമുകളും പറയാതെ പറഞ്ഞു തന്ന സന്ദേശം.

സമ്മാനദാനം നിര്‍വ്വഹിച്ച് ബോബി അലോഷ്യസ്; സുവര്‍ണ നിമിഷമെന്ന് ടീമുകള്‍

ഒളിമ്പ്യന്‍ ബോബി അലോഷ്യസ് ആണ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ക്കെ കാണികളില്‍ ഒരാളായി ബോബി അലോഷ്യസും ഉണ്ടായിരുന്നു. വീറും വാശിയും നിറഞ്ഞ മത്സരം വീക്ഷിച്ച് വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വ്വഹിച്ചപ്പോള്‍ തങ്ങളുടെ നേട്ടപ്പട്ടികയിലെ സുവര്‍ണ നേട്ടമാണിതെന്നാണ് 19 ടീമുകളും പ്രതികരിച്ചത്.




19 ടീമുകളുടെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ വിജയികളായ ടസ്‌കേഴ്‌സ് കിങ്‌സിന് മാത്രം 3000 പൗണ്ടിന്റെ ഒന്നാം സമ്മാനമാണ് ലഭിച്ചത്. 6000 പൗണ്ടിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് മാത്രമായി ഒരുക്കിയത്. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് സ്ഥാപനമായ ലൈഫ് ലൈന്‍ പ്രൊട്ടക്ട്, പോള്‍ ജോണ്‍ ആന്‍ഡ് കമ്പനി സോളിസിറ്റേര്‍സ്, സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ റോയല്‍ സ്‌പൈസസ്, ഗ്ലോബല്‍ സ്റ്റഡി ലിങ്ക് എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കിയത്. യുകെയിലെ ഒരു കായിക ഇനത്തിന് മാത്രമല്ല ഏതു വേദിയെയും വെല്ലുവിളിക്കാവുന്ന വിധത്തില്‍ ഏറ്റവും ഉയര്‍ന്ന തുക സ്‌പോണ്‍സര്‍ ചെയ്തു ലൈഫ് ലൈന്‍ പ്രൊട്ടക്ട് എന്ന മോര്‍ട്ട്‌ഗേജ് സ്ഥാപനവും രണ്ടാം സമ്മാനമായ 1500 പൗണ്ട് സ്പോണ്‍സര്‍ ചെയ്ത് പോള്‍ ജോണ്‍ ആന്‍ഡ് കമ്പനി സോളിസിറ്റേഴ്സും രംഗത്തെത്തിയപ്പോള്‍ വിജയികള്‍ക്ക് വേണ്ടി എവര്‍ റോളിങ്ങ് ട്രോഫി നല്‍കിയത് ഓണ്‍ലൈന്‍ മറുനാടന്‍ മലയാളിയാണ്.