പത്തനംതിട്ട: എടത്വ ചങ്ങങ്കരിയിൽ മദ്യപിച്ച് ബഹളം വയ്ക്കുകയും നാട്ടുകാരെയും പൊലീസിനെയും ആക്രമിക്കുകയും ചെയ്ത പത്തനംതിട്ടയിൽ നിന്നുള്ള ഡിവൈഎഫ്ഐ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ കൂട്ടനടപടി. അക്രമത്തിന് നേതൃത്വം നൽകിയ നഗരസഭാ കൗൺസിലറുടെ സിപിഎമ്മിലെ സസ്പെൻഷൻ ദീർഘിപ്പിച്ചു. പാർട്ടിയുടെയും സംഘടനയുടെയും പ്രതിഛായ തകർത്ത സംഭവത്തിൽ മുഖം രക്ഷിക്കാൻ വേണ്ടിയുള്ള നടപടികളാണ് വ്യാഴാഴ്ച കൈക്കൊണ്ടത്.

ജില്ലാ കമ്മറ്റിയംഗം ശരത് ശശിധരനെ ഇന്നലെ ചേർന്ന അടിയന്തിര ജില്ലാ കമ്മറ്റി യോഗം ചേർന്ന് ഡിവൈഎഫ്ഐയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡിവൈഎഫ്ഐ പത്തനംതിട്ട സൗത്ത് മേഖലാ പ്രസിഡന്റ് അരൂൺ ചന്ദ്രനെ സ്ഥാനത്ത് നിന്ന് നീക്കുകയും സംഘടനയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പൊലീസിനെ ആക്രമിക്കാൻ നേതൃത്വം നൽകിയ നഗരസഭാ കൗൺസിലർ വി.ആർ. ജോൺസന്റെ സസ്പെഷൻ ഡിസംബർ വരെ നീട്ടി. ജില്ലാ കമ്മറ്റിയംഗവും പത്തനംതിട്ട നഗരസഭാ ചെയർമാനുമായ അഡ്വ. സക്കീർ ഹുസൈന്റെ സാന്നിധ്യത്തിൽ ചേർന്ന സിപിഎം നോർത്ത് ലോക്കൽ കമ്മറ്റി യോഗത്തിന്റേതാണ് തീരുമാനം. ശേഷിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ബുധനാഴ്ച വൈകിട്ട് എടത്വായിൽ വച്ചാണ് വി.ആർ. ജോൺസന്റെ നേതൃത്വത്തിൽ ഏഴംഗ സംഘം പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. ലഹരിക്കെതിരേ പോരാട്ടം നടത്തുന്ന ഡിവൈഎഫ്ഐയുടെ ജില്ലാ കമ്മറ്റിയംഗം അടക്കമുള്ള നേതാക്കൾ തന്നെ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് സംഘടനയ്ക്ക് അപമാനം ഉണ്ടാക്കിയെന്ന് കണ്ടാണ് നടപടി. 22 ന് കേന്ദ്രകമ്മറ്റിയംഗം ചിന്ത ജെറോം പങ്കെടുക്കുന്ന ജില്ലാ കമ്മറ്റി യോഗം ശരതിനെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും സൂചനയുണ്ട്.

അതേ സമയം, ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിയാൻ ശരത് നേരത്തേ താൽപര്യം പ്രകടിപ്പിച്ച് കത്തു നൽകിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കിയെന്നുമാണ് ഡിവൈഎഫ്ഐ നേതൃത്വം പറയുന്നത്. വാഹനത്തിലിരുന്ന് മദ്യപിച്ച് ബഹളം വച്ച സംഘത്തെ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസിൽ നഗരസഭാ കൗൺസിലർ വി.ആർ. ജോൺസണും ഉണ്ടായിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഎമ്മിൽ നേരത്തേ ജോൺസനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.

ജോൺസൺ, ശരത് ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവശങ്കർ, അർജുൻ മണി എന്നിവരെയാണ് എടത്വ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് ആറരയോടെ എടത്വ ചങ്ങങ്കരി പള്ളിക്ക് സമീപം റോഡിൽ വാഹനം പാർക്ക് ചെയ്ത ശേഷം പൊതുവഴിയിൽ നിന്ന് സംഘം മദ്യപിച്ചു. ചോദ്യം ചെയ്ത നാട്ടുകാരെയും സ്ഥലത്ത് വന്ന പൊലീസിനെയും ഇവർ കൈയേറ്റം ചെയ്തു. കൂടുതൽ പൊലീസുകാർ എത്തിയാണ് ഇവരെ കീഴടക്കിയത്. പൊതുസ്ഥലത്തെ മദ്യപാനം, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തുവെങ്കിലും ഇവരെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.