രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ ശനിയാഴ്ച വൈകിട്ട് ഗെയിമിങ് സോണിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ കുട്ടികൾ അടക്കം 20 ലേറെ പേർ മരിച്ചു. ടിആർപി ഗെയിമിങ് സോണിലാണ് തീപിടിത്തമുണ്ടായതെന്നും നിരവധി പേർ മരിച്ചെന്നും രാജ്‌കോട്ട് പൊലീസ് കമ്മീഷണർ രാജു ഭാർഗവ് അറിയിച്ചു. അവധിക്കാലമായതിനാൽ സെന്ററിൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. 20 ഓളം കുട്ടികളെ അപകട സ്ഥലത്ത് നിന്ന് രക്ഷിച്ചു.

' തീപിടിത്തത്തിന്റെ കാരണം നിർണയിക്കാനായില്ല. അന്വേഷണം നടന്നുവരികയാണ്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്ത് എത്തിച്ചു', കമ്മീഷണർ പറഞ്ഞു. അഗ്നിശമന സേനയ്ക്കും തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായില്ല. തീ കെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഗെയിമിങ് സോണിനായി താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കെട്ടിടം തകർന്നതും ശക്തമായ കാറ്റും കാരണം തീകെടുത്താൻ വിഷമം നേരിടുന്നെന്നും അഗ്നിശമന സേനാ വക്താവ് പറഞ്ഞു. കേന്ദ്രത്തിൽ തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടികളടക്കം നിരവധി പേർ കേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉച്ചയോടുകൂടിയായിരുന്നു ഗെയിമിങ് സോണിൽ തീപിടിത്തം ഉണ്ടായത്.

പൊള്ളലേറ്റവരുടെ ചികിത്സയ്ക്ക് പരമാവധി പ്രാധാന്യം കൊടുക്കാൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ നിർദ്ദേശിച്ചു. അടിയന്തര രക്ഷാപ്രവർത്തനത്തിനും, ദുരിതാശ്വാസ പ്രവർത്തനത്തിനും, മുൻസിപ്പൽ കോർപ്പറേഷൻ ഭരണകൂടത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

യുവരാജ് സിങ് സോളങ്കി എന്നയാളുടെ ഉടമസ്ഥതയിലാണ് ഗെയിമിങ് സോൺ. സുരക്ഷാ വീഴ്ചയ്ക്കും ദുരന്തത്തിനും ഇയാൾക്കെതിരെ കേസെടുക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷമായിരിക്കും നടപടി.