ഡൽഹി: വിവാഹത്തിലെ ട്രെൻഡുകൾ മാറുന്നതിനനുസരിച്ച് വധൂവരന്മാരുടെ ഡിമാൻഡുകളും ഏറുകയാണ്. എന്നാൽ, യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾ ഉന്നയിച്ചാൽ പണി പാളുമെന്നതിന്റെ ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്ന ഒരു വാർത്ത. സ്വന്തം വാർഷിക വരുമാനം 11 ലക്ഷം രൂപ മാത്രമായിരിക്കെ, വരന് ഒരു കോടി രൂപയിൽ കൂടുതൽ ശമ്പളം വേണമെന്ന് വാശിപിടിച്ച 28-കാരിയെയും കുടുംബത്തെയുമാണ് ഒരു പ്രമുഖ മാച്ച് മേക്കിങ് പ്ലാറ്റ്‌ഫോം പുറത്താക്കിയത്.

'ദി ഡേറ്റ് ക്രൂ' എന്ന മാച്ച് മേക്കിങ് സർവീസിന്റെ സ്ഥാപക ഓന്ദ്രില കപൂർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഈ വിചിത്ര അനുഭവം വെളിപ്പെടുത്തിയത്. ആഴ്ചകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ മറ്റ് മാർഗമില്ലാതെയാണ് യുവതിയെയും കുടുംബത്തെയും തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് വിലക്കാൻ തീരുമാനിച്ചതെന്ന് ഓന്ദ്രില പറയുന്നു. യുവതിയുടെ പ്രൊഫൈലിന് അനുയോജ്യമായ രീതിയിൽ 25 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള യുവാക്കളുടെ നിരവധി ആലോചനകൾ മാച്ച് മേക്കിങ് ടീം നൽകിയിരുന്നു.

എന്നാൽ ഇതൊന്നും തങ്ങൾക്ക് 'വൈബ്' ആകുന്നില്ലെന്ന് പറഞ്ഞ് യുവതിയും കുടുംബവും നിരസിക്കുകയായിരുന്നു. പിന്നീട് അവർക്ക് താല്പര്യമുള്ള പ്രൊഫൈലുകൾ കാണിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് മാച്ച് മേക്കിങ് ടീം ശരിക്കും ഞെട്ടിയത്. യുവതി തിരഞ്ഞെടുത്ത 15-20 പ്രൊഫൈലുകളിലെ പുരുഷന്മാരെല്ലാം ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവരും ഒരു കോടി രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുന്നവരുമായിരുന്നു. എന്നാൽ, 11 ലക്ഷം രൂപ മാത്രം വരുമാനമുള്ള യുവതിയുടെ പ്രൊഫൈലിൽ താല്പര്യം പ്രകടിപ്പിക്കാൻ ഉയർന്ന ശമ്പളമുള്ള ഈ യുവാക്കളാരും തയ്യാറായതുമില്ല.

"നിങ്ങൾക്ക് മുൻഗണനകൾ ആകാം, പക്ഷേ അത് മതിഭ്രമം ആകരുത്" എന്നാണ് ഓന്ദ്രില വീഡിയോയിലൂടെ വ്യക്തമാക്കിയത്. ഇതൊരു വിവാഹാലോചനയായല്ല, മറിച്ച് ഒരു മരുമകനെ വാങ്ങാനുള്ള 'ഷോപ്പിങ് ലിസ്റ്റ്' പോലെയാണ് തനിക്ക് തോന്നിയതെന്നും അവർ പരിഹസിച്ചു. ഉയർന്ന ശമ്പളവും പദവിയുമുള്ള പുരുഷന്മാർക്ക് ഇത്തരം അഹന്തകൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമെന്നും ഓന്ദ്രില കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. വിവാഹത്തെ ഒരു കച്ചവടമായി കാണുന്ന യുവതിയുടെയും കുടുംബത്തിന്റെയും മനോഭാവത്തെ മിക്കവരും രൂക്ഷമായി വിമർശിച്ചു. യാഥാർത്ഥ്യബോധമില്ലാത്ത ഇത്തരം ആവശ്യങ്ങൾ ബന്ധങ്ങളെ തകർക്കുമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.