പയ്യന്നൂർ: തൊഴിൽ സമരത്തിന്റെ പേരിൽ സംസ്ഥാനമാകെ വിവാദമായ മാതമംഗലം ശ്രീ പോർക്കലി സ്റ്റീൽസിലെ ലോഡിങ് തർക്കം വീണ്ടും അതിരൂക്ഷമായി. കഴിഞ്ഞ ദിവസം സ്ഥാപനത്തിലേക്ക് വന്ന ലോഡ് സി. ഐ.ടി.യു പ്രവർത്തകർ ഇറക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് സ്ഥിതി വീണ്ടും വഷളായത്. ഇതേ തുടർന്ന് സ്ഥാപന ഉടമ മോഹൻലാൽ പൊലിസിന്റെ സഹായം തേടിയെങ്കിലും ഇതിനിടെയിൽ തൊഴിലാളികൾ ഡ്രൈവറെ ഭീഷണിപ്പെടുത്തി മടക്കിയതായി പറയുന്നു.

ഈ മാസം ആദ്യവാരം ഇവിടെ ലോഡിറക്കുന്നതും സി. ഐ.ടി.യു പ്രവർത്തകരായ ചുമട്ടുതൊഴിലാളികൾ തടഞ്ഞിരുന്നു. ഇതേ തുടർന്ന് പെരിങ്ങോം ഡി.വൈ. എസ്. പിയുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ അനുരഞ്ജന യോഗം വിളിക്കുകയും ഇരുവിഭാഗവുമായി നടത്തിയ ചർച്ചയിൽ പൊലിസിന്റെ അനുമതിയുണ്ടെങ്കിൽ ലോഡിറക്കാമെന്നു തൊഴിലാളികൾ സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇതിനു കടകവിരുദ്ധമായാണ് ഇപ്പോൾ തൊഴിലാളികൾ പ്രവർത്തിക്കുന്നതെന്നാണ് ഉടമയുടെ വാദം. സ്ഥാപനത്തിലേക്ക് ലോഡുവരുന്നുവെന്നു രഹസ്യവിവരം ലഭിച്ചതിനാൽ സി. ഐ.ടി.യു തൊഴിലാളികൾ കണ്ടന്തോറിയിൽ വാഹനം തടയുകയായിരുന്നുവെന്നും ഉടമ ആരോപിക്കുന്നു. ഈ വിവരം പരിയാരം പൊലിസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചപ്പോൾ സ്ഥാപനത്തിൽ ലോഡു കയറ്റുന്നതും ഇറക്കുന്നതിനും മാത്രമോ സംരക്ഷണം നൽകാൻ കഴിയുകയുള്ളുവെന്നാണ് അറിയിച്ചതെന്നാണ് ഉടമ വെളിപ്പെടുത്തുന്നത്.

തുടർന്ന് ജില്ലാപൊലിസ് സൂപ്രണ്ടിനെ ബന്ധപ്പെട്ടതിനു ശേഷം മാത്രമാണ് സംരക്ഷണം ലഭിച്ചത്. പൊലിസിന്റെ അനുമതിയോടെ ലോഡുമായെത്തിയ വാഹനം മാതമംഗലത്ത് സി. ഐ.ടി.യു തൊഴിലാളിൾ തടഞ്ഞു ഡ്രൈവറെ മടക്കി അയച്ചതിനെ തുടർന്ന് പെരിങ്ങോം എസ്. ഐയുടെ നേതൃത്വത്തിൽ പൊലിസ് സഥത്തെത്തിയെങ്കിലും ലോഡിറക്കുന്നതിന് സുരക്ഷ ഉറപ്പാക്കാതെ ലോറി സ്റ്റേഷനിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ഉടമ ആരോപിച്ചു.

എന്നാൽ വാഹനം തടയാൻ സാധ്യതയുണ്ടെന്നറിഞ്ഞ് ലോറി ഡ്രൈവർ യാത്ര മതിയാക്കി മടങ്ങുകയായിരുന്നുവെന്നാണ് ഈക്കാര്യത്തിൽ പൊലിസിന്റെ വിശദീകരണം. ശ്രീ പോർക്കലി സ്റ്റീൽസ് ഉടമ കഴിഞ്ഞ പത്തുവർഷമായി മാതമംഗലത്ത് മറ്റൊരു സ്ഥാപനം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് കുറച്ചുകൂടി വിപുലീകരിച്ചു തൊട്ടടുത്ത് പ്രസ്തുത സ്ഥാപനം തുടങ്ങിയത്. പഴയ സ്ഥാപനത്തിൽ തർക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തൊഴിൽ നിഷേധം അംഗീകരിക്കാൻ കഴിയില്ലെന്നും സി. ഐ.ടി.യു ജില്ലാസെക്രട്ടറി പി.വി കുഞ്ഞപ്പൻ മുന്നറിയിപ്പുനൽകി.

കഴിഞ്ഞ വർഷം മാതമംഗലം എസ്. ആർ. അസോസിയേറ്റിലും ഇതിനുസമാനമായ സംഭവമുണ്ടായിരുന്നു. അന്ന് സ്ഥാപനത്തിലെ രണ്ടു തൊഴിലാളികൾ ലോഡിങ് നടത്തുന്നതിനാവശ്യമായ തൊഴിൽ ലഭ്യമാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത്തരത്തിൽ ഹൈക്കോടതി ഉത്തരവു നേടി സ്വന്തം തൊഴിലാളികളെ വചച് ലോഡിറക്കുന്നതിനുള്ള നീക്കമാണ്് ശ്രീപോർക്കലി സ്റ്റീൽസിലെ തർക്കത്തിന് തുടക്കം കുറിച്ചത്.

പ്രശ്നത്തിന് പരിഹാരം കാണാതെ പ്രദേശത്ത് സ്ഥിരമായി പൊലിസ് റോന്തുചുറ്റുന്നത് വ്യാപാരികളിൽ കച്ചവടം കുറയുമോയെന്ന ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. എന്നാൽ തലതവണ മന്ത്രിതലത്തിൽ ചർച്ച നടത്തിയിട്ടും പരിഹരിക്കാൻ കഴിയാത്ത വിഷയമായി ശ്രീ പോർക്കലി സ്റ്റോർസിലെ തൊഴിൽ സമരം മാറിയിരിക്കുകയാണ്.