- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ മകള്‍ ഒരു സേവനവും നല്‍കാതെ കരിമണല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങി; വാങ്ങിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞിട്ടില്ല; പണം നല്‍കിയതിന് രേഖകളുണ്ട്; നിയമ പോരാട്ടം തുടരുമെന്നും ഭയന്ന് പിന്മാറില്ലെന്നും മാത്യു കുഴല്‍നാടന്‍ എം എല്‍ എ; മാസപ്പടി കേസില്‍ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍
മുഖ്യമന്ത്രിയുടെ മകള്‍ ഒരു സേവനവും നല്‍കാതെ കരിമണല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയതിന് രേഖകളുണ്ടെന്നും, താന്‍ ഭയന്ന് പിന്മാറില്ലെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സി.എം.ആര്‍.എല്‍. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിമണല്‍ കമ്പനിയില്‍ നിന്ന് വീണ വിജയന്‍ പണം കൈപ്പറ്റിയെന്നും, ഇതിന് ആവശ്യമായ രേഖകള്‍ ലഭ്യമാണെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി. രാഷ്ട്രീയമായ നീതിയുക്തമായ പോരാട്ടം തുടരുമെന്നും, ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ മകള്‍ക്ക് പ്രത്യേക സേവനങ്ങള്‍ നല്‍കാതെ തന്നെ കരിമണല്‍ കമ്പനി പണം കൈമാറിയെന്നും, എന്നാല്‍ ഇത് നിഷേധിച്ചിട്ടില്ലെന്നും കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ പണം നല്‍കിയതെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രതിപക്ഷത്തിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തം നിയമപരമായും രാഷ്ട്രീയപരമായും ഇതിനെതിരെ പോരാടുക എന്നതാണ്. സിപിഎം തിരിച്ചടികളെ രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിക്കാമെങ്കിലും, തന്റെ പോരാട്ടം തുടരുമെന്ന് കുഴല്‍നാടന്‍ ഉറപ്പിച്ചു പറഞ്ഞു. നീതി തന്റെ പക്ഷത്താണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സി എം ആര്‍ എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കുഴല്‍നാടന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വിജിലന്‍സ് അന്വേഷണം വേണ്ടെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് അദ്ദേഹം അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഈ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും.
എക്സാലോജിക്-സി.എം.ആര്‍.എല്‍. ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ വിധിയില്‍ നിരാശയില്ലെന്നും അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും കുഴല്‍നാടന്‍ മാര്‍ച്ച് മാസത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സി.എം.ആര്‍.എല്‍. (കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെയാണ് ഹൈക്കോടതി വിധി വന്നത്.
മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. 'ഞാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാക്കാണ്. മുഖ്യമന്ത്രിക്കെതിരായ കേസാണ്. ഒട്ടും എളുപ്പമായിരിക്കില്ല എന്നറിഞ്ഞുകൊണ്ടാണ് ഇറങ്ങിയത്. സംസ്ഥാനത്ത് നടന്ന വലിയൊരു അഴിമതിക്കെതിരേ ഏതറ്റംവരെയും പോരാടും,' കുഴല്‍നാടന്‍ പറഞ്ഞിരുന്നു.
ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലനുസരിച്ച്, വീണ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്‌റ്റ്വെയര്‍ സേവനത്തിന്റെ പേരില്‍ സി.എം.ആര്‍.എല്‍. 1.72 കോടി രൂപ നല്‍കിയെന്നായിരുന്നു പരാതി. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ദുരുപയോഗം ചെയ്താണ് എക്സാലോജിക് സി.എം.ആര്‍.എല്‍.യില്‍ നിന്ന് മാസപ്പടി വാങ്ങിയെന്നായിരുന്നു പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
മാസപ്പടി കേസില്‍ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനായ മാത്യു കുഴല്‍നാടന് സാധിച്ചില്ലെന്നാണ് ഹൈക്കോടതി വിധിയില്‍ പറഞ്ഞത്. കരിമണല്‍ കമ്പനിക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്തു നല്‍കി എന്ന ആരോപണവും തെളിയിക്കാനായില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി.
ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസില്‍ മേല്‍നടപടികള്‍ക്ക് അനുമതി നല്‍കാനാകില്ലെന്ന സുപ്രീം കോടതി ഉത്തരവുകള്‍ പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന ഡയറിക്കുറിപ്പുകളോ, ആദായനികുതി വകുപ്പിന് മുന്‍പാകെ നല്‍കിയ മൊഴികളോ അന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ തക്ക തെളിവുകളല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം രേഖകള്‍ക്ക് അയഞ്ഞ കടലാസ് കഷണങ്ങളുടെ വിലമാത്രമേയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.