- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'നിയമസഭാംഗങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലേ?' എന്ന ചോദ്യത്തിന് 'ഇല്ല, എം.എല്‍.എ.മാരുടെ വണ്ടി മാത്രമേ പറ്റൂ' എന്ന് സുരക്ഷാ ഉദ്യോഗസ്ഥന്റെ മറുപടി; കാറില്‍ 'എംഎല്‍എ' എന്ന് ഇംഗ്ലീഷില്‍ എഴുതിയാലേ ഒരു ഗമയുണ്ടാകൂ എന്ന് സ്വന്തം ഡ്രൈവര്‍ പലപ്പോഴും പറയാറുള്ളത് എത്ര ശരിയാണെന്ന് അപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് മാത്യു ടി. തോമസ്! ഇതൊരു നിയമസഭയിലെ കാര്‍ പ്രശ്നം

തിരുവനന്തപുരം: ഭരണഭാഷ മലയാളമാക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോഴും മലയാളം ബോര്‍ഡ് കണ്ട് അന്തംവിട്ട് നിയമസഭയിലെ സുരക്ഷാ ജീവനക്കാര്‍. മുന്‍ മന്ത്രിയും നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി അധ്യക്ഷനുമായ മാത്യു ടി. തോമസിനെയാണ് സഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞത്. കാറില്‍ ഇംഗ്ലീഷില്‍ 'MLA' എന്ന് എഴുതുന്നതിന് പകരം മലയാളത്തില്‍ 'നിയമസഭാംഗം' എന്ന് കുറിച്ചതാണ് സുരക്ഷാ ജീവനക്കാരെ കുഴപ്പിച്ചത്.
ബുധനാഴ്ച രാവിലെ സഭയിലെത്തിയ മാത്യു ടി. തോമസ് സ്വയം കാറോടിച്ചാണ് പാര്‍ക്കിങ് ഏരിയയിലെത്തിയത്. എന്നാല്‍ ഡ്രൈവര്‍ സീറ്റിലിരുന്ന അദ്ദേഹത്തെ തിരിച്ചറിയാതിരുന്ന വാച്ച് ആന്‍ഡ് വാര്‍ഡ് വളരെ വിനയത്തോടെ ഒരു കാര്യം ഉണര്‍ത്തി: 'ഇവിടെ എം.എല്‍.എ.മാരുടെ വാഹനങ്ങള്‍ക്കു മാത്രമേ പാര്‍ക്കിങ് അനുവദിക്കൂ, ദയവായി വണ്ടി മാറ്റിയിടണം'. കാറിനു മുന്നിലെ 'നിയമസഭാംഗം' എന്ന ബോര്‍ഡ് സുരക്ഷാ ജീവനക്കാരന്റെ കണ്ണില്‍പ്പെട്ടതുമില്ല.
'നിയമസഭാംഗങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലേ?' എന്ന മാത്യു ടി. തോമസിന്റെ മറുചോദ്യത്തിന് 'ഇല്ല, എം.എല്‍.എ.മാരുടെ വണ്ടി മാത്രമേ പറ്റൂ' എന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്റെ നിഷ്‌കളങ്കമായ മറുപടി. കാറില്‍ 'MLA' എന്ന് ഇംഗ്ലീഷില്‍ എഴുതിയാലേ ഒരു ഗമയുണ്ടാകൂ എന്ന് സ്വന്തം ഡ്രൈവര്‍ പലപ്പോഴും പറയാറുള്ളത് എത്ര ശരിയാണെന്ന് അപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് മാത്യു ടി. തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
സംഭവം കൗതുകമായെങ്കിലും മലയാളത്തോടുള്ള ഔദ്യോഗിക മനോഭാവത്തിലെ വൈരുദ്ധ്യമാണ് ഇതിലൂടെ പുറത്തുവരുന്നത്. ഔദ്യോഗിക ഭാഷാ സമിതി അധ്യക്ഷന്‍ കൂടിയായ താന്‍ മലയാളം ബോര്‍ഡുമായി തന്നെ യാത്ര തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള ഭാഷാ വാരാചരണവും ഭരണഭാഷാ മാറ്റവും സജീവമായി ചര്‍ച്ച ചെയ്യുന്ന നിയമസഭാങ്കണത്തില്‍ തന്നെ ഇത്തരമൊരു അനുഭവം ഉണ്ടായത് സഭയ്ക്കുള്ളിലും ചിരി പടര്‍ത്തിയിട്ടുണ്ട്.
മാത്യു ടി തോമസ് എംഎല്‍എയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
ഞാന്‍ 2018 മുതല്‍ ഉപയോഗിക്കുന്ന കാറാണിത്. 2¼ ലക്ഷം കി മി ഓടിക്കഴിഞ്ഞു.
ഇന്ന് നിയമസഭയില്‍ ചെന്ന് പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എന്നെ അത്ര പരിചയം ഇല്ലാത്ത ഒരു വാച്ച് & വാര്‍ഡ്, ഡ്രൈവര്‍ സീറ്റില്‍ ഇരിക്കയായിരുന്ന എന്നോട് വളരെ വിനയത്തോടെ പറഞ്ഞു.. 'ഇവിടെ MLA മാരുടെ വാഹനങ്ങള്‍ക്കു മാത്രേ പാര്‍ക്കിങ് അനുവദിക്കൂ'
നിയമസഭ അംഗങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലേ എന്ന എന്റെ ചോദ്യത്തിന് ഉടനെ മറുപടി വന്നു.., MLA മാരുടെ വാഹനം മാത്രമേ പറ്റു.
MLA എന്ന് ഇംഗ്ലീഷില്‍ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ എന്റെ ഡ്രൈവര്‍ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ് എന്ന് ഇന്ന് ബോധ്യപ്പെട്ടു. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷന്‍ കൂടിയായ ഞാന്‍ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നു.


