- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ച് 'വ്യാജ ഓണ്‍ലൈന്‍ കോടതി'യില്‍ ഹാജരാക്കി ഭീഷണി; വീട്ടമ്മയില്‍ നിന്നും കൊണ്ടു പോയത് 2.88 കോടി; അടുത്ത സ്റ്റേഷനില്‍ എത്തിയാല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന് വിധി; ആ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയപ്പോള്‍ അറിഞ്ഞത് തട്ടിപ്പും! മട്ടാഞ്ചേരിയിലെ ദമ്പതികള്‍ സൈബര്‍ ചതിയില്‍ പെട്ട കഥ
കൊച്ചി: മട്ടാഞ്ചേരിയിലെ വെര്‍ച്വല്‍ അറസ്റ്റില്‍ കോടികള്‍ നഷ്ടമായതില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. 'വെര്‍ച്വല്‍ അറസ്റ്റ്' തട്ടിപ്പ്വഴി മട്ടാഞ്ചേരിയിലെ വീട്ടമ്മയില്‍നിന്ന് കവര്‍ന്നത് 2.88 കോടി രൂപയാണ്. മട്ടാഞ്ചേരി ആനവാതില്‍ സ്വദേശിയായ 59കാരിയാണ് ഇര. മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്പും ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. അതേ മാതൃകയിലാണ് മട്ടാഞ്ചേരിയിലും തട്ടിപ്പ് നടന്നത്. അതായത് വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലെ മുന്നറിയിപ്പുകള്‍ പോലും ആരും ഗൗരവത്തില്‍ എടുക്കുന്നില്ല. ഇത്തരം തട്ടിപ്പുകള്‍ ഇപ്പോഴും കേരളത്തില്‍ നടക്കുന്നു. പല തവണയായിട്ടാണ് മട്ടാഞ്ചേരിയിലെ വീട്ടമ്മ പണം നല്‍കിയത്.
വീട്ടമ്മക്ക് ലഭിച്ച ലിങ്കുകളും, ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും സൈബര്‍ പോലീസ് ബ്ലോക്ക് ചെയ്തു. വ്യാജ കോടതിയും ജഡ്ജിയെയും സാക്ഷിയെയുമൊരുക്കി രണ്ടുമാസംകൊണ്ടായിരുന്നു തട്ടിപ്പ്. ജൂലൈയിലാണ് മുംബൈ തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് സന്തോഷ് റാവു എന്ന് പരിചയപ്പെടുത്തി വീട്ടമ്മയ്ക്ക് ആദ്യകോള്‍ വന്നത്. ജെറ്റ് എയര്‍വേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ പങ്കുണ്ടെന്നും കേസെടുത്തെന്നും ഭീഷണിപ്പെടുത്തി. മുംബൈയില്‍ വീട്ടമ്മയുടെ പേരിലുള്ള രണ്ടുകോടിയുടെ അക്കൗണ്ട് കണ്ടെത്തിയെന്നും അറിയിച്ചു. ഇതിലെ 25 ലക്ഷം രൂപ കമീഷനാണെന്ന് കണ്ടെത്തിയെന്ന് തട്ടിപ്പുസംഘം പറഞ്ഞു.
വെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ച് 'വ്യാജ ഓണ്‍ലൈന്‍ കോടതി'യില്‍ ഹാജരാക്കിയും ഭീഷണി തുടര്‍ന്നു. ജഡ്ജിയുടെയും വക്കീലിന്റെയും വേഷമണിഞ്ഞും തട്ടിപ്പുകാരെത്തി. സാക്ഷിയായി എത്തിയ അഗര്‍വാള്‍ എന്ന സ്ത്രീ വീട്ടമ്മയ്ക്ക് ഇടപാടില്‍ പങ്കുണ്ടെന്ന് ആരോപിച്ചു. അക്കൗണ്ടിലെ പണം കൈമാറിയാല്‍ കേസില്‍നിന്ന് ഒഴിവാക്കാമെന്നും സംഘം നിര്‍ദേശിച്ചു. ഇതോടെ വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും അക്കൗണ്ടില്‍നിന്ന് ജൂലൈ 14 മുതല്‍ ആഗസ്ത് 11 വരെ വിവിധ അക്കൗണ്ടുകളിലേക്ക് 12 തവണയായി പണം കൈമാറി.
വീണ്ടും പണം ആവശ്യപ്പെട്ടതോടെ സ്വര്‍ണം പണയംവച്ച് 62 ലക്ഷം രൂപയും നല്‍കി. വന്‍തുക പിന്‍വലിക്കുന്നത് ആശുപത്രി ആവശ്യങ്ങള്‍ക്കാണെന്ന് ബാങ്കില്‍ പറയണമെന്നും നിര്‍ദേശിച്ചിരുന്നു. കേസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അടുത്ത സ്റ്റേഷനില്‍ എത്തിയാല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്നും പണം മുഴുവന്‍ തട്ടിയെടുത്തശേഷം, വീട്ടമ്മയെ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് അറിഞ്ഞത്. സാക്ഷി അഗര്‍വാള്‍, സന്തോഷ് റാവു, വിജയ് ഖന്ന, സഞ്ജയ് ഖന്ന, ശിവ സുബ്രഹ്‌മണ്യം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പോലീസ് സ്‌റ്റേഷനില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ തട്ടിപ്പാണെന്ന് പോലും അവര്‍ അറിയില്ലായിരുന്നു. ഇത് ഏറെ വിചത്രമായി പോലീസിനും തോന്നുന്നുണ്ട്. മട്ടാഞ്ചേരി സ്വദേശിനിയായ ഉഷാകുമാരിയാണ് കബളിപ്പിക്കപ്പെട്ടത്. സുപ്രീം കോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തെളവായി നല്‍കിയായിരുന്നു തട്ടിപ്പ്. താന്‍ കബളിക്കപ്പെട്ടുവെന്ന് മനസ്സിലായ ഉഷാകുമാരി പരാതി നല്‍കി. മട്ടാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തട്ടിപ്പാണെന്ന് അംഗീകരിക്കാന്‍ ആദ്യം ദമ്പതികള്‍ തയ്യാറായില്ല. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട ശേഷമാണ് പരാതി നല്‍കിയത്. തട്ടിപ്പുകാര്‍ സ്വയം പരിചയപ്പെടുത്തിയ പേരുകളാണ് പ്രതിസ്ഥാനത്തുള്ളത്.