- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മട്ടന്നൂരിൽ ഭീതി പരത്തിയ പുലി ആയിത്തറയിലെത്തി; പൂച്ചയെ കൊന്നിട്ടു; ടാപ്പിങ് തൊഴിലാളികളായ ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴ്ക്ക്; കൂടുവയ്ക്കുന്നതിന് മുടന്തൻ ന്യായങ്ങളുമായി വനംവകുപ്പ്; പുലിപ്പേടിയിൽ മട്ടന്നൂർ മേഖലയിൽ ജനജീവിതം സ്തംഭിക്കുന്നു
മട്ടന്നൂർ: മട്ടന്നൂർ അയ്യല്ലൂരിൽ കണ്ടെത്തിയ പുലി തൊട്ടടുത്ത പ്രദേശമായ ആയിത്തറയിലെത്തി. കമ്പനിക്കുന്നിന്റെ അടിവാരത്ത് പടിഞ്ഞാറെ വയൽ ഭാഗത്ത് കുറുമാണി മുകുന്ദന്റെ വീടിന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽവച്ചാണ് ഇന്ന് പുലർച്ചെ ടാപ്പിങ് തൊഴിലാളികൾ പുലിയെ കണ്ടെത്തിയത്.
ആയിത്തറയിലെ റബ്ബർ ടാപ്പിങ് തൊഴിലാളികളായ ജോസും ഭാര്യ കുഞ്ഞുമോളും ടാപ്പിങ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് പുലിയെ കണ്ടത്. നല്ല ചെങ്കുത്തായ ഇറക്കമുള്ള തോട്ടത്തിലേക്ക് പുലി കയറി വരികയായായിരുന്നു. തലയിൽ ഫിറ്റ് ചെയ്ത ടോർച്ച് വെട്ടത്തിലാണ് ഇവർ പുലിയെ കണ്ടത്. നല്ല ഉച്ചത്തിൽ മുരണ്ടു കൊണ്ട് പുലി വരികയും ഇവരെ നോക്കി മുരണ്ടു കൊണ്ട് റബർ തോട്ടത്തിലെ ഒരോ തട്ടും കയറി മുകളിലേക്ക് കയറിപ്പോവുകയുമായിരുന്നുവെന്ന് ജോസും കുഞ്ഞുമാളും പറഞ്ഞു.
പുലിയെ വ്യക്തമായി ഇരുവരും കണ്ടിട്ടുണ്ട്. ഇതിനിടെ ആയിത്തര പാലത്തിന് സമീപം റോഡരികിൽ ഒരു പൂച്ചയുടെ തല ഭാഗം മാത്രം ഇന്ന്പുലർച്ചെ കണ്ടെത്തിയിട്ടുണ്ട്. ടാപ്പിംഗിനായി ഇറങ്ങിയ സി.സുനീഷാണ് പൂച്ചയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടത്. വിവരമറിഞ്ഞതിനെ തുടർന്ന് കൂത്തുപറമ്പ് പൊലിസും വനംവകുപ്പും സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തെ പുലിയെ കണ്ടെത്തിയ മട്ടന്നൂർ നഗരസഭയിലെ അയ്യല്ലൂരിൽ കൂടുവയ്ക്കാൻ നിയമതടസമുള്ളതിനാൽ വനം വകുപ്പ് മടിച്ചിരുന്നു. ഇതാണ് മറ്റൊരു സ്ഥലത്തേക്ക് പുലി പോകാൻ കാരണമായത്.
മട്ടന്നൂർ എംഎൽഎ അടിയന്തിരമായി ഇവിടെ കൂടുസ്ഥാപിക്കണമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് കത്തുനൽകിയിരുന്നു. ഈക്കാര്യം പരിശോധിക്കണമെന്ന് മന്ത്രിയുടെ നിർദ്ദേശമുണ്ടെങ്കിലും നിയമതടസം ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് പിന്മാറുന്നത്. വന്യജീവി നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളുടെയും മനുഷ്യരുടെയും ജീവനെ അപായപ്പെടുത്തിയാൽ മാത്രമേ കൂടു സ്ഥാപിച്ചു പിടികൂടാൻ നിയമം അനുശാസിക്കുന്നുള്ളുവെന്നാണ് വനംവകുപ്പ് അധികൃതരുടെ വാദം. അയ്യല്ലൂരിൽ കുറുനരിയെ മാത്രമാണ് പുലി കൊന്നതെന്നും കുറുനരി വളർത്തു മൃഗമല്ലെന്നുമാണ് വനംവകുപ്പ് അധികൃതരുടെ വിശദീകരണം.
എന്നാൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ മട്ടന്നൂർ നഗരസഭയിലെ അയ്യല്ലൂരിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. വനത്തിൽ തന്നെ പുലിയുണ്ടോയെന്നറിയാനാണ് ക്യാമറകൾ സ്ഥാപിച്ചത്. ഇതിനിടെയാണ് ആയിത്തറയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് അയ്യല്ലൂർ കരൂഞ്ഞാലിൽ റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെ തൊഴിലാളി അശോകൻ പുലിയെ കണ്ടത്.
തുടർന്ന് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് സാന്നിധ്യം വ്യക്തമായത്. കഴിഞ്ഞ ദിവസം കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ ജിജിൽ, തോലമ്പ്ര സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.സി അനീഷ്, എന്നിവരുടെ നേതൃത്വത്തിൽ വനത്തിൽ ക്യാമറകൾ സ്ഥാപിച്ചു.വയനാട് നിന്ന് കൂടുതൽ ക്യാമറകൾ അടുത്ത ദിവസം എത്തിക്കുമെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ക്യാമറയിൽ പതിഞ്ഞ ചിത്രം കാണുമ്പോൾ പുലിക്ക് ആരോഗ്യമുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വനം വകുപ്പിന്റെ വാഹനങ്ങളും പൊലീസ് വാഹനവും പട്രോളിങ് നടത്തുന്നുണ്ട്.
വനം വകുപ്പിലെ ആർ.ആർ.ടി ഉദ്യോഗസ്ഥർ പരിശോധന വ്യാഴാഴ്ചയും നടത്തി. അയ്യല്ലൂരിൽ മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്തിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. മുൻ മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ കെ ഭാസ്‌കരൻ, വാർഡ് കൗൺസിലർ കെ ശ്രീന, വനം, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജനങ്ങൾ ജാഗ്രതയോടെ നിൽക്കണമെന്നും അനാവശ്യമായി പുറത്ത് ഇറങ്ങി നടക്കരുതെന്നും വളർത്തുമൃഗങ്ങളെ ശ്രദ്ധിക്കണമെന്നും നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് പറഞ്ഞു. പുലിയാണെന്ന് വ്യക്തമായതോടെ പുരളിമല താഴ്‌വാര പ്രദേശങ്ങളിലും പരിസര പ്രദേശങ്ങളിലും മിക്കവരും റബ്ബർ ടാപ്പിങ് ഏതാനും ദിവസത്തേക്ക് നിർത്തി വെച്ചിരിക്കയാണ്.
ഈ പ്രദേശത്തെ തൊഴിലുറപ്പ് പ്രവൃത്തികളും നിർത്തിവെച്ചിട്ടുണ്ട്. വയോധികരായവർ പ്രഭാത, സായാഹ്ന സവാരി ഒഴിവാക്കിയിട്ടുണ്ട്. ഇതിനിടെ സോഷ്യൽമീഡിയയിൽ പുലിയിറങ്ങതായുള്ള വ്യാജവീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മട്ടന്നൂർ പൊലിസ് നടപടി ശക്തമാക്കിയിട്ടുണ്ട്. ജനങ്ങളിൽ അനാവശ്യഭീതി പരത്തുന്നവർക്കെതിരെ കേസെടുക്കുമെന്ന് മട്ടന്നൂർ എസ്. ഐ കെ.വി ഉമേശൻ വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളിലെ പഴയ പുലിയുടെ വീഡിയോ പ്രചരിപ്പിച്ച് അയ്യല്ലൂരിലെ പുലിയാണെന്ന് പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടെ മട്ടന്നൂർ നഗരസഭയുടെ നേതൃത്വത്തിലും പ്രദേശത്ത് സി.സി.ടി.വി.കൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്ഥലത്ത് ക്യാംപ് ചെയ്യുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുമായി കെ.കെ ശൈലജ എംഎൽഎ എംഎൽഎ ചർച്ച നടത്തി.




