ന്യൂഡല്‍ഹി: ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഇടപെടലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് കേന്ദ്രത്തില്‍നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയതായി പ്രധാനമന്ത്രി അറിയിച്ചു. കണ്ണൂരില്‍ നിന്നും സൈന്യവും ദുരന്ത സ്ഥലത്തേക്ക് പോയി. ദുരന്തത്തില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം പരിക്കേറ്റവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംഭവം അറിഞ്ഞതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മന്ത്രിമാര്‍ ഹെലികോപ്ടറില്‍ വയനാട്ടിലെത്തും. പ്രതിപക്ഷ നേതാവും വയനാട്ടിലേക്ക് യാത്ര തിരിച്ചു. രാഷ്ട്രീയം മറുന്നുള്ള ഏകോപനം ദുരന്തമുഖത്തുണ്ടാകും.

'ആളുകള്‍ക്ക് കൃത്യമായി അവിടെ എത്തിപ്പെടാനുള്ള പ്രയാസമുണ്ട്. എല്ലാ സന്നാഹങ്ങളും അങ്ങോട്ടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വ്യോമസേനയുടെ അടക്കം സഹായമുണ്ടാകും. ഫലപ്രദമായി കാര്യങ്ങള്‍ നീക്കം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വിളിച്ചിരുന്നു. എല്ലാ സഹായങ്ങളും ഇരുവരും വാഗ്ദാനം ചെയ്തിട്ടുണ്ട്' മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയുമായും വയനാട് ജില്ലാ കലക്ടറുമായും സംസാരിച്ചു. വയനാട്ടില്‍ അടിയന്തര ഇടപെടലിന് കേന്ദ്രമന്ത്രിമാരോട് സംസാരിക്കുമെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ വിഷയം ഉന്നയിക്കുമെന്നും കേന്ദ്രസഹായം തേടുമെന്നും കെ.സി.വേണുഗോപാല്‍ എംപി അറിയിച്ചു. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ പി.സന്തോഷ് കുമാര്‍ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.