- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത വർഷം സമ്പദ് വ്യവസ്ഥ അഞ്ചുശതമാനം വളർച്ച കൈവരിച്ചാൽ അത് രാജ്യത്തിന്റെ ഭാഗ്യം; ഈ വർഷത്തേക്കാൾ വിഷമകരമായിരിക്കും അടുത്ത വർഷം; കോവിഡ് തിരിച്ചടി ആയെങ്കിലും വേണ്ട പരിഷ്കാരങ്ങൾ ചെയ്യുന്നതിൽ സർക്കാർ പരാജയം എന്നും രാഹുലുമായുള്ള ചർച്ചയിൽ രഘുറാം രാജൻ
ന്യൂഡൽഹി: അടുത്ത വർഷം സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനം വളർച്ച കൈവരിച്ചാൽ, അത് രാജ്യത്തിന്റെ ഭാഗ്യമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. ഈ വർഷത്തേക്കാൾ വിഷമമേറിയതായിരിക്കും അടുത്ത വർഷം. ഈ വർഷം, യുദ്ധവും മറ്റുമായി വളരെയേറെ ബുദ്ധിമുട്ടുകൾ വന്നുഭവിച്ചു. ലോകത്ത് വളർച്ചാ നിരക്ക് കുറയുകയാണ്. വിവിധ രാജ്യങ്ങൾ പലിശ നിരക്ക് കൂട്ടുന്നതുകൊണ്ട് തന്നെ വളർച്ചാനിരക്ക് ഇടിയും, അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി സംസാരിക്കവേയാണ് മാന്ദ്യം ഇന്ത്യയെയും സാരമായി ബാധിക്കുമെന്ന് അദ്ദേഹം വിലയിരുത്തിയത്. രാജ്യത്ത് പലിശ നിരക്കുകൾ ഉയർന്നുനിൽക്കുന്നു. ഇതിനൊപ്പം കയറ്റുമതിയും മന്ദഗതിയിലായി.
ഇന്ത്യയുടെ പണപ്പെരുപ്പം കൂടുതലും, പലചരക്കുകളുടെയും പച്ചക്കറികളുടെയും വിലക്കയറ്റ പ്രശ്നമാണ്. ഇത് വളർച്ചയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ അടുത്ത വർഷം അഞ്ചുശതമാനം വളർച്ച രേഖപ്പെടുത്തിയാൽ ഭാഗ്യം എന്നുപറയേണ്ടി വരും. കോവിഡ് മുമ്പുള്ള കാലം(2019) അളവുകോലായി നോക്കിയാൽ ഒരുവർഷം രണ്ടുശതമാനമാണ് വളർച്ചാനിരക്ക്. മഹാമാരി തീർച്ചയായും വളർച്ച മന്ദഗതിയിലാകാൻ ഒരുകാരണമാണ്. എന്നാൽ, മഹാമാരിക്ക് മുമ്പേ തന്നെ സമ്പദ് വ്യവസ്ഥ പുറകോട്ടായിരുന്നു. 9 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. വളർച്ചയുടെ തോത് കൂട്ടുന്ന വിധത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനും കഴിഞ്ഞില്ല, രാഹുലിനോട് രഘുറാം രാജൻ കാരണങ്ങൾ വിശദീകരിച്ചു.
രാഹുലിന്റെ ചോദ്യം ഇങ്ങനെ: ' ഒരുകാര്യം സംഭവിക്കുന്നുണ്ട്. നാലോ അഞ്ചോ പേർ കൂടുതൽ സമ്പന്നരാകുന്നു. അവർക്ക് എന്ത് ബിസിനസ് വേണമെങ്കിലും ചെയ്യാൻ ശേഷിയുണ്ട്. എന്നാൽ, അവശേഷിക്കുന്നവർ പുറകോട്ട് തന്നെ. ദരിദ്രരായ കർഷകരുടെ ഒരു പുതിയ ഭാരതം രൂപപ്പെട്ടിരിക്കുകയാണ്. ഈ നാലോ അഞ്ചോ പേരുടെ സ്വപ്നങ്ങൾ എല്ലാം സാക്ഷാത്കരിക്കപ്പെടുകയും, ബാക്കിയുള്ളവരുടേത് തകരുകയും ചെയ്യുന്നു. ഈ അസമത്വം പരിഹരിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്?
രഘുറാം രാജൻ: ' ഇതൊരു വലിയ പ്രശ്നമാണ്. ഇത് വ്യവസായങ്ങളുടെ കാര്യമല്ല. ഉയർന്ന മധ്യവർഗ്ഗക്കാർക്ക് കോവിഡ് കാലത്തും ജോലി ചെയ്യാൻ കഴിഞ്ഞതോടെ നേട്ടമുണ്ടായി. എന്നാൽ, ഫാക്ടറികളിലും മറ്റും പോയി പണിയെടുക്കുന്നവർക്ക് അടച്ചുപൂട്ടൽ നിമിത്തം പണിയില്ലാതായി. ഈ ഭിന്നത കോവിഡ് കാലത്ത് വല്ലാതെ കൂടി'.
'ഏറ്റവും ദരിദ്രരായവർക്ക് റേഷൻ കിട്ടി. സമ്പന്നർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. ഇതിനിടയിലുള്ള താഴ്ന്ന മധ്യവർഗക്കാർക്കാണ് വലിയ നഷ്ടം സംഭവിച്ചത്. അവർക്ക് ജോലികൾ നഷ്ടമായി. തൊഴിലില്ലായ്മ വർദ്ധിച്ചു. അവരെയാണ് നമ്മൾ കരുതലോടെ കാണേണ്ടത്. കാരണം അവർ ഒരു പാട് നരകിച്ചു', രഘുറാം രാജൻ പറഞ്ഞു.
സമ്പത്ത് വ്യവസായികൾക്കിടയിൽ കുന്നുകൂടുന്ന വിഷയവും പരിഗണിക്കേണ്ടതാണ്. നമ്മൾ മുത്തലാളിത്തത്തിന് എതിരായി നിന്നിട്ട് കാര്യമില്ല. എന്നാൽ കുത്തക വിരുദ്ധരായിരിക്കണം. കുത്തകകൾ രാജ്യത്തിന് നല്ലതല്ല. വളർച്ചാ നിരക്ക് കുറയുന്നതിന് ഒപ്പം കയറ്റുമതിയും കുറയുന്നു എന്നതാണ് ഇന്ത്യയുടെ മുഖ്യപ്രശ്നം.
നമ്മുടെ ചെറിയ കമ്പനികളിൽ മിക്കതും വലിയ കമ്പനികളായി വളരുന്നില്ല. അവർക്ക് വളരാൻ ഒരു പാത വേണം. ചെറുകിട കമ്പനികൾ ചെറുതായി ഇരിക്കുന്നതിന്റെ ചില ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ട്, നികുതി അടച്ചില്ലെങ്കിലും ഉദ്യോഗസ്ഥർ നിങ്ങളെ തേടി വരില്ല. അവരെ സർക്കാർ സഹായിക്കുന്നകിന് പകരം സ്ഥിരമായി നിരീക്ഷണത്തിൽ തുടരുകയാണ് ചെയ്യുന്നത്. ചെറുകിട കമ്പനികൾ വളരുമ്പോൾ, ഞങ്ങൾ സഹായിക്കാനുണ്ട്, ഞങ്ങൾ നോക്കിക്കോളാം എന്ന് ഒരു സാഹചര്യം സർക്കാർ സൃഷ്ടിക്കണം. ഞങ്ങൾ നിങ്ങളെ നികുതി ചുമത്തി വിഷമിപ്പിക്കുകയോ, ജീവിതം ദുരിതത്തിലാക്കുകയോ ചെയ്യില്ലെന്ന് ബോധ്യപ്പെടണം. ബിസിനസ് മെച്ചപ്പെട്ട് വരുന്നതിനിടെ, സർക്കാരിന് ആനുകൂല്യങ്ങൾ പിൻവലിക്കുന്നതാണ് കാണുന്നത്. കൂടുതൽ വലുതാകാൻ ചെറുകിട കമ്പനികൾക്ക് ആനുകൂല്യങ്ങൾ കിട്ടുന്നില്ല. അഞ്ചുവർഷത്തേക്ക് ചെറുകിട കമ്പനികൾക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കണം. അവർ കച്ചവടം വിലുലമാക്കി കഴിഞ്ഞാൽ, ആനുകൂല്യങ്ങൾ തുടരണമെന്ന് അവർക്കും ഉണ്ടാവില്ല, രഘുറാം രാജൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ