- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
40 അടി ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനാകുന്ന ബല്‍ജിയന്‍ മലിന്വ നായ്ക്കള്‍; മായയും മര്‍ഫിയും മുണ്ടകൈയിലേക്ക്
കല്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ നല്‍കുന്നത് നടക്കുന്ന കാഴ്ചകളാണ്. മണ്ണില്‍ പുതഞ്ഞവര്‍ ഏറെയാണ്. മരണം ഏത്രത്തോളം ഉയരുമെന്ന ആശങ്കയാണ് എങ്ങും. അതിനിടെ ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്ക്കളായ മായയും മര്‍ഫിയുമെത്തും. മണ്ണിനടിയില്‍ നിന്നും മനുഷ്യശരീരം കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മര്‍ഫിയും.
ഊര്‍ജ്ജ്വസ്വലതയിലും ബുദ്ധികൂര്‍മതയിലും വളരെ മുന്നിലാണ് ബല്‍ജിയന്‍ മലിന്വ നായ്ക്കള്‍. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ ഇവയ്ക്ക് കഴിയുമെന്നത് പൊലീസ്-മിലിറ്ററി സേനകളില്‍ ഇവയെ വ്യാപകമായി ഉപയോഗിക്കാന്‍ കാരണമായി. പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ എട്ടു മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത് മായ ആയിരുന്നു. വെറും മൂന്നു മാസത്തെ പരിശീലനത്തിനു ശേഷമാണ് മായ അന്നത്തെ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. അതീവ ദുര്‍ഘട രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് ഇവര്‍ ദുരന്ത ഭൂമിയില്‍ എത്തുന്നത്.
40 അടിയില്‍ നിന്നുവരെ മനുഷ്യശരീരങ്ങള്‍ കണ്ടെത്താന്‍ പരിശീലനം സിദ്ധിച്ച നായ്ക്കളാണ് മായയും മര്‍ഫിയും. നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കേരള പൊലീസിന്റെ അഭിമാനമാണ് മായ, മര്‍ഫി എന്നീ പൊലീസ് നായ്ക്കള്‍. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഇവ ബല്‍ജിയന്‍ മലിന്വ ഇനത്തില്‍പ്പെട്ടതാണ്. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള വിദഗ്ധ (കഡാവര്‍) പരിശീലനം ലഭിച്ചിട്ടുള്ള ഇവര്‍ക്ക് 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ കഡാവര്‍ നായ്ക്കള്‍ക്ക് കഴിയും. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും മര്‍ഫിയും പരിശീലനം നേടിയത്.
കൊക്കിയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയോടൊപ്പം മര്‍ഫിയും ഉണ്ടായിരുന്നു. കേരള പൊലീസില്‍ ബല്‍ജിയന്‍ മലിന്വ വിഭാഗത്തില്‍പ്പെട്ട നിരവധി നായ്ക്കളുണ്ട്. അവയില്‍ 17 എണ്ണം കൊലപാതകം, മോഷണം എന്നിവ തെളിയിക്കാനുളള ട്രാക്കര്‍ നായ്ക്കളാണ്. ചില നായ്ക്കളെ സ്ഫോടകവസ്തുക്കള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്നു. മയക്കുമരുന്ന് കണ്ടെത്താനുളള പ്രാഗത്ഭ്യം നേടിയ പട്ടികളും ഉണ്ട്. മായയും മര്‍ഫിയും കൂടാതെ എയ്ഞ്ചല്‍ എന്ന നായ കൂടി മൃതദേഹങ്ങള്‍ കണ്ടെത്താനുളള പരിശീലനം നേടിയിട്ടുണ്ട്.
ഓഗസ്റ്റില്‍ ഇടുക്കിയിലെ കുടയത്തൂരിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ എയ്ഞ്ചല്‍ ഉണ്ടായിരുന്നു. ആദ്യ ദൗത്യംതന്നെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ എയ്ഞ്ചലിനു കഴിഞ്ഞു.