എറണാകുളം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എറണാകുളം കൂത്താട്ടുകുളം നഗരസഭയിലെ 26-ാം ഡിവിഷൻ ഇപ്പോൾ കേരളമാകെ ചർച്ചയാവുകയാണ്. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മായ വി (Maya V) സമൂഹമാധ്യമങ്ങളിലെ പുതിയ താരം. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ മായാ വിക്ക് എതിരെയും അനുകൂലമായും ട്രോളുകൾ നിറയുകയായിരുന്നു. ഇതിന്റെയെല്ലാം കാരണം മറ്റൊന്നുമല്ല, സ്ഥാനാർത്ഥിയുടെ പേര് തന്നെയാണ് - മായ വി.

കേരളത്തിലെ കുട്ടികൾ വായിച്ചുവളർന്ന ബാലരമയുടെ താളുകളിലെ കുസൃതിക്കാരനായ 'മായാവി' എന്ന കഥാപാത്രവുമായി ഈ പേരിനുള്ള സാമ്യം കാരണം കുട്ടിക്കാലം മുതലേ കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മായ വി പറയുന്നു. എന്നാൽ സ്ഥാനാർത്ഥിയായ ശേഷം മമ്മൂട്ടി നായകനായ ‘മായാവി’ സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളുമെല്ലാം ഉപയോഗിച്ചാണ് ട്രോളുകൾ. ഇത് മായയെ ഒറ്റരാത്രികൊണ്ട് സോഷ്യൽ മീഡിയയിലെ താരമാക്കി മാറ്റി. സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ട്രോളുകളുടെ പ്രചരിച്ചു.

രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പോരടിക്കുന്ന തിരഞ്ഞെടുപ്പ് കളത്തിൽ, മായക്കെതിരായ ട്രോളുകൾ പോലും ഒരു സൗജന്യ പബ്ലിസിറ്റിയായി മാറുകയായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ബാലരമയിലെ മറ്റ് കഥാപാത്രങ്ങളായ ഡാകിനി, കുട്ടൂസൻ, ലുട്ടാപ്പി എന്നിവർ കൗതുകത്തോടെ മായയുടെ പോസ്റ്ററുകൾ നോക്കിനിൽക്കുന്ന ചിത്രങ്ങളാണ് ട്രോളുകളിൽ അധികവും. ‘അത്ഭുതങ്ങൾ ഒളിപ്പിച്ച പുതിയ വാർഡിലെ സ്ഥാനാർത്ഥി’ എന്ന തലക്കെട്ടോടെയാണ് ഈ ട്രോളുകൾ പ്രചരിച്ചത്.

മായാവി സിനിമയിലെ കഥാപാത്രങ്ങൾ കൂത്താട്ടുകുളത്ത് എത്തി പ്രചാരണം നടത്തുന്ന രീതിയിലുള്ള ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തി. ‘കുപ്പിയിലാക്കാൻ നോക്കണ്ട, ഓം ഹ്രീം...’ എന്ന മായാമന്ത്രം വരെ പ്രചാരണത്തിന്റെ ഭാഗമായി അണികൾ ഏറ്റെടുത്തു. കഴിഞ്ഞ ദിവസമാണ് തന്റെ പേരിൽ ഇത്രയും ട്രോളുകൾ വന്നതിനെപ്പറ്റിയൊക്കെ അറിയുന്നതെന്നും, അതെല്ലാം കണ്ടപ്പോൾ ശരിക്കും ‘മായാവി’ സിനിമയിൽ സലിം കുമാർ പറഞ്ഞതുപോലെ 'എനിക്ക് ഭ്രാന്തായതാണോ നാട്ടുകാർക്ക് മുഴുവൻ ഭ്രാന്തായതാണോ' എന്ന അവസ്ഥയായിരുന്നു. ഗുരുപൂജ ചെയ്യണം, ആശാനാണ് ഞാൻ എന്നൊക്കെ പറഞ്ഞ് രസകരമായ കമന്റുകളൊക്കെ ഉണ്ട്.

ഒരു സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കൂടിയാണ് മായ. കഴിഞ്ഞ മൂന്ന് വർഷമായി ഒരു പ്രമുഖ ടെലിവിഷൻ ചാനലിലെ കോമഡി പരിപാടിയിൽ അവർ സജീവമാണ്. ഈ പശ്ചാത്തലം കാരണം തന്നെ ട്രോളുകളെ തമാശയായി കാണാനും അവയെ ഫലപ്രദമായി പ്രതിരോധിക്കാനും മായക്കായി. കൊല്ലം ജില്ലയിലെ പവിത്രേശ്വരം സ്വദേശിയായ മായ വിവാഹ ശേഷമാണ് കൂത്താട്ടുകുളത്ത് എത്തുന്നത്. ഭർത്താവ് സിജി ദാമോദരൻ എറണാകുളത്ത് ഷെഫായി ജോലി ചെയ്യുന്നു. പേരിന്റെ ഇനിഷ്യലിനെക്കുറിച്ചും മായക്ക് വ്യക്തമായ മറുപടിയുണ്ട്.

"ട്രോളുകൾ വരുമെന്ന് അറിഞ്ഞിട്ടും എന്റെ ഔദ്യോഗിക പേരായ ‘മായ വി’ തന്നെ തിരഞ്ഞെടുത്തു. അമ്മയുടെ പേരായ 'വാസന്തി'യുടെ ആദ്യ അക്ഷരമാണ് ‘വി’. ചെറുപ്പത്തിൽ സ്കൂൾ പ്രവേശന സമയത്താണ് ഇത് ചേർത്തത്," മായ വിശദീകരിക്കുന്നു. "കാർട്ടൂൺ പരമ്പരയിലെ മായാവി ഒരു നല്ല കഥാപാത്രമാണ്. അതുകൊണ്ടുതന്നെ ഈ പേര് പ്രചാരണത്തിൽ എനിക്ക് ഒരുപാട് ഗുണം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു." ട്രോളുകളെയും പരിഹാസങ്ങളെയും എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന് മായയുടെ മറുപടി ശ്രദ്ധേയമായിരുന്നു. ട്രോളുകളെ ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു. എന്നാലും 'കൊന്നിട്ട് പോടെയ്" എന്നായിരുന്നു അവരുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്. തനിക്ക് ലഭിക്കുന്ന ഈ വലിയ പ്രശസ്തിയെ സന്തോഷത്തോടെയാണ് അവർ കാണുന്നത്.

"രണ്ട് ദിവസം മുൻപ് ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ സാധാരണ ഒരു സ്ഥാനാർത്ഥി മാത്രമായിരുന്നു. എന്നാൽ, അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോൾ കമന്റ് ബോക്സ് നിറയെ ട്രോളുകളും നോട്ടിഫിക്കേഷനുകളും. ഈ ട്രോളുകൾ ഞാൻ ശരിക്കും ആസ്വദിക്കുന്നു. ഇത് എനിക്ക് വലിയൊരു പ്രശസ്തി നൽകി എന്നതിൽ സന്തോഷമുണ്ട്. ഇന്ന് നോമിനേഷൻ കൊടുക്കാൻ വന്നപ്പോൾ മാധ്യമപ്രവർത്തകർ പോലും ആകാംഷയോടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇതൊരു വലിയ അംഗീകാരമാണ്," മായ പറഞ്ഞു. ഈ ട്രോളുകൾ കാരണം വാർഡിലെ വോട്ടർമാർ ചിരിച്ചുകൊണ്ടാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നത്. 26-ാം ഡിവിഷനിൽ യുഡിഎഫിലെ ഭാസ്‌കരനും ബിജെപിയിലെ ജയനുമായാണ് മായാ വി പ്രധാനമായും മത്സരിക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന വാർഡിൽ സോഷ്യൽ മീഡിയയിലെ ഈ തരംഗം മായാ വിയുടെ വിജയസാധ്യത വർദ്ധിപ്പിക്കുന്നുണ്ടോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.