തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുണ്ടായ തർക്കത്തിനുപിന്നാലെ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. സമൂഹിക മാധ്യമങ്ങളിലൂടെ തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്നും ഇതു തടയണമെന്നുമുള്ള മേയറുടെ പരാതിയിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മേയറും ഒരു സുഹൃത്തുമായുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് പലരും അശ്ലീലം എഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്. ഇത്തരം പോസ്റ്റുകൾ ഇട്ടവർക്കെല്ലാം എതിരെ പൊലീസ് കേസെടുത്തേക്കും. വിശദ പരിശോധന പൊലീസ് നടത്തുന്നുണ്ട്.

കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കമ്മീഷ്ണർക്കു നൽകിയ പരാതിയും പൊലീസ് അന്വേഷിക്കും. എന്നാൽ എഫ് ഐ ആർ ഇടില്ല. കന്റോൺമെന്റ് പൊലീസിനാണ് അന്വേഷണ ചുമതല. യദു കോടതിയിൽ പോയാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഇത്. അതിനിടെ, സംഭവത്തിൽ നിർണായക തെളിവായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്ന ബസിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് കേസെടുത്തു. കെഎസ്ആർടിസിയുടെ പരാതിയിൽ തമ്പാനൂർ പൊലീസാണ് കേസെടുത്തത്. അങ്ങനെ ഈ സംഭവവുമായി ബന്ധപ്പെട്ട് കേസുകളുടെ പ്രളയമാണ്. വിവാദങ്ങൾ ഒഴിവാക്കാനാണ് എല്ലാ വിഷയത്തിലും ഇടപെടൽ നടത്തുന്നത്. ഇതിൽ നടപടികൾ ഉണ്ടാകുമോ എന്നത് ആർക്കും അറിയില്ല.

മേയറും കുടുംബവും സഞ്ചരിച്ച വാഹനം കെ.എസ്.ആർ.ടി.സി ബസ്സിനുകുറുകെയിട്ട് തടഞ്ഞതിന്റെയും ബസ് ഡ്രൈവറോട് തർക്കിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് മേയർക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത് എന്നാണ് ആരോപണം. ബസ് ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു, ബസ് ഇടിപ്പിക്കാൻ ശ്രമിച്ചു എന്നുള്ള ആര്യാ രാജേന്ദ്രന്റെ പരാതിയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ബസ് തടഞ്ഞെന്ന ഡ്രൈവറുടെ പരാതിയിൽ മേയർക്കെതിരെ കേസെടുക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ യദു കേസ് കൊടുക്കുമെന്ന് ഉറപ്പാണ്.

ബസിലെ ക്യാമറയിലെ മെമ്മറി കാർഡ് നഷ്ടമായത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. ഇതിൽ മോഷണം നടന്നുവെന്നാണ് കെ എസ് ആർ ടി സി പറയുന്നത്. ഇതോടെ യദുവിന്റെ പരാതിക്ക് മാത്രമേ തെളിവുള്ളൂ എന്ന അവസ്ഥ വന്നു. മേയറുടേതെല്ലാം ആരോപണ മൊഴിയും. ബസിലെ ക്യാമറകൾ പരിശോധിക്കാൻ ആദ്യം വിമുഖത കാണിച്ചിരുന്ന പൊലീസ് ബുധനാഴ്ച രാവിലെയാണ് ബസ് പരിശോധിക്കാനെത്തിയത്. പരിശോധനയിൽ ക്യാമറയുടെ ഡിവിആർ ലഭിച്ചു. എന്നാൽ, ഡിവിആറിൽ മെമ്മറി കാർഡ് ഉണ്ടായിരുന്നില്ല. മെമ്മറി കാർഡ് നേരത്തെ ഉണ്ടായിരുന്നോ എന്നും ആരെങ്കിലും മാറ്റിയതാണോ എന്നും വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.

ബസിൽ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു. മേയറും ഡ്രൈവറും തമ്മിലുള്ള തർക്കത്തിന് പിന്നാലെ ബസിലെ ക്യാമറകൾ പരിശോധിക്കാത്തതിൽ വിമർശനങ്ങളുമുയർന്നിരുന്നു. മേയർ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ബസിലെ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. ബസിൽ റിക്കോർഡിങ് ഉണ്ടായിരുന്നുവെന്നും മെമ്മറി കാർഡും അതിലുണ്ടായിരുന്നുവെന്നും യദു പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെ എസ് ആർ ടി സി കേസ് കൊടുത്തത്. ഗതാഗത മന്ത്രി കെബി ഗണേശ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്.

ഇതിനിടെ ഈ ബസിലെ കണ്ടക്ടർക്ക് സിപിഎം ബന്ധമുണ്ടെന്ന ആരോപണം കോൺഗ്രസ് എംൽഎയായ എ വിൻസന്റ് ഉന്നയിച്ചു. ഇതോടെ വിവാദങ്ങൾക്ക് പുതിയ തലം വരികയാണ്. ചില ഫോൺകോളുകൾ അടക്കം പറഞ്ഞാണ് കോൺഗ്രസ് നേതാവിന്റെ ആരോപണം.