തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടേതല്ല സിപിഎം സംസ്ഥാന സെക്രട്ടറിയുടേത്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് സിപിഎം ജില്ലാ സെക്രട്ടറിയും സെക്രട്ടറിയേറ്റ് അംഗവുമായ ആനാവൂർ നാഗപ്പന് ഉറച്ച പിന്തുണ നൽകിയിരുന്നു. ഓണസദ്യ മാലിന്യത്തിലേക്കു വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ശൂചീകരണ തൊഴിലാളികളുടെ നടപടി അവിവേകം എന്നായിരുന്നു ആനാവൂർ പറഞ്ഞത്.

എന്നാൽ സിപിഎം സംസ്ഥാന നേതൃത്വം അത് തള്ളുകയാണ്. അതുകൊണ്ടു തന്നെ ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി തിരുവനന്തപുരം കോർപറേഷൻ പിൻവലിച്ചേക്കും. സ്വന്തം കാശ് കൊടുത്തു വാങ്ങിയ ഓണസദ്യ കഴിക്കാൻ അനുവദിക്കാതെ ജോലി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സദ്യ മാലിന്യകൂമ്പാരത്തിലേക്കു വഴിച്ചെറിഞ്ഞ് പ്രതിഷേധിച്ചത്. ഇതിന്റെ പേരിൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട മേയർ ആര്യാ രാജേന്ദ്രന്റെ നടപടിക്കെതിരെ സിപിഎമ്മിനുള്ളിൽത്തന്നെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണു നടപടി തിരുത്താൻ ഒരുങ്ങുന്നത്.

തിരുവനന്തപുരത്തെ ഗ്രൂപ്പ് സമവാക്യങ്ങളും ഈ ചർച്ചയിൽ നിർണ്ണായകമായി. മേയറെ ആനാവൂർ പിന്തുണച്ചപ്പോൾ മറ്റു നേതാക്കൾ അതിന് തയ്യാറായില്ല. ഓണസദ്യ വാങ്ങിയത് കോർപ്പറേഷന്റെ പണം കൊണ്ടല്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഇടപെടാൻ പോലും കോർപ്പറേഷന് കഴിയില്ല. എന്നിട്ടും ശുചീകരണ തൊഴിലാളികളെ സസ്‌പെന്റ് ചെയതത് മേയറുടെ അറിവില്ലായ്മയാണെന്ന വാദം ശക്തമായിരുന്നു. മന്ത്രി ശിവൻകുട്ടി അടക്കമുള്ളവർ ശുചീകരണ തൊഴിലാളികളെയാണ് പിന്തുണച്ചത്. ഇത് മനസ്സിലാക്കിയാണ് മേയറെ അനാവൂർ പിന്തുണയ്ക്കാനെത്തിയത്.

അതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പ്രതികരണവുമായി എത്തിയത്. ആനാവൂരിന്റെ ബന്ധു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിരുന്നു. ഇയാൾ തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരനുമായിരുന്നു. ഇയാൾക്കെതിരെ എന്തു നടപടി മേയർ എടുത്തുവെന്ന ചോദ്യവും സജീവ ചർച്ചയായി. ഇതോടെയാണ് സിപിഎമ്മിന് കാര്യങ്ങൾ കൈവിട്ടു പോകുമെന്ന വസ്തുത തിരിച്ചറിഞ്ഞത്. സിഐടിയുവിന്റെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും തിരിച്ചറിഞ്ഞു. ഇതോടെ ആനാവൂരിന്റെ പ്രതിരോധം പോലും വെറുതെയായി. മേയർ ആര്യാ രാജേന്ദ്രനെതിരെ പാർട്ടി ശാസനയ്ക്കും സാധ്യത ഏറെയാണ്. നയപരമായ തീരുമാനങ്ങളിൽ പാർട്ടിയുമായി കൂടിയാലോചന വേണമെന്നും ആവശ്യപ്പെടും.

തിരുവനന്തപുരം കോർപറേഷനിലെ ചാല സർക്കിളിലെ ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കാൻ സിപിഎം, മേയർ ആര്യാ രാജേന്ദ്രനു നിർദ്ദേശം നൽകിയതായാണു വിവരം. മേയറുടെ നടപടിയെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നതു പാർട്ടി നയമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മേയറുടെ നടപടിയെ അനുകൂലിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രംഗത്തെത്തിയ ശേഷമായിരുന്നു ഇത്. ഭക്ഷണം മാലിന്യത്തിലിട്ട പ്രതിഷേധ രീതി അംഗീകരിക്കാനാവില്ല. മറ്റു പ്രതിഷേധ രീതികൾ സ്വീകരിക്കാമായിരുന്നുവെന്നും ആനാവൂർ പറഞ്ഞിരുന്നു.

ശനിയാഴ്ച ജോലി ഷിഫ്റ്റ് കഴിഞ്ഞ് ഓണസദ്യ കഴിക്കാൻ പോയ ജീവനക്കാരോടു വീണ്ടും ജോലി ചെയ്യാൻ ആവശ്യപ്പെട്ടതാണു തർക്കത്തിനിടയാക്കിത്. ഓണസദ്യ കഴിക്കാതെ അവർ അതു മാലിന്യ കൂമ്പാരത്തിലേക്കു വലിച്ചെറിഞ്ഞത് ചർച്ചയായി. ഇതോടെ മേയർ ഇടപെട്ട് ഏഴ് സ്ഥിരം തൊഴിലാളികളെ സസ്‌പെൻഡ് ചെയ്യുകയും നാലു താൽക്കാലിക തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. തൊഴിലാളികളിൽ അധികവും സിഐടിയുക്കാരായത് മേയറുടെ നടപടി വിവാദത്തിലാക്കി. കാരണം കാണിക്കൽ നോട്ടിസ് പോലും നൽകാതെ ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ടതു വ്യാപക വിമർശനത്തിന് ഇടയാക്കി. മേയറെ പിന്തുണയ്ക്കാൻ സിപിഎം നേതൃത്വം തയാറാകാതിരുന്നതും ഇടതുപക്ഷ പ്രവർത്തകർ ഉൾപ്പടെ തൊഴിലാളികൾക്ക് ഒപ്പം നിന്നതും നടപടി പിൻവലിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. നിലവിൽ കോഴിക്കോട്ടുള്ള മേയർ തിരിച്ചെത്തുന്നതിനു പിന്നാലെ നടപടി പിൻവലിക്കുമെന്നാണു വിവരം.

ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമർശിച്ച് മേയർ ഫേസ് ബുക്ക് പോസ്റ്റിട്ടു. ഇതും വിവാദമായി. പട്ടണി സമരം നടത്താനുള്ള ജീവനക്കാരുടെ അവകാശത്തിനെതിരെയുള്ള കടന്നാക്രമണമായി ഇതിനെ വിലയിരുത്തി. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി യു മേയർക്ക് കത്ത് നൽകിയിട്ടുണ്ട്. മേയറുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ അടിച്ചമർത്തി എന്നാണ് വിമർശനം.