- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നുണ്ടെന്നും ഓൺലൈനായിട്ടാണ് അപേക്ഷ ക്ഷണിക്കുന്നതെന്നും കത്ത്; ഉദ്യോഗാർത്ഥികളുടെ മുൻഗണനാ ലിസ്റ്റ് ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം; സാധാരണ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾക്ക് നൽകുന്ന കത്ത് സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച് മേയർ; ജോലിയുണ്ട് സഖാവ് ആളുണ്ടോ! മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ
തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ 'ഔദ്യോഗിക' കത്ത് വലിയ വിവാദങ്ങളിലേക്ക്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകൾ വഴി പരസ്യമായി. അതിനിടെ കത്ത് മേയർ നിഷേധിക്കുകയാണ്.
'സഖാവേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് 'അഭ്യർത്ഥിക്കുന്നു'. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്. മനോരമയാണ് ഈ കത്ത് പുറത്തു വിട്ടിരിക്കുന്നത്. കത്തു കിട്ടിയിട്ടില്ല പരിശോധിക്കാമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ ആനാവൂർ നാഗപ്പന്റെ മറുപടി.
സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു മത്സരം കടുത്ത സാഹചര്യത്തിലാണ് കത്തു പുറത്തായതെന്നതും ശ്രദ്ധേയം. കത്ത് ചോർത്തിയത് ആനാവൂരിനെ എതിർക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും പ്രചാരണമുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമർശനവും ഉയർന്നു. കോർപറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്-മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഒന്നിനു പിറകെ ഒന്നായി തിരുവനന്തപുരം കോർപ്പറേഷനെ വിവാദത്തിലാക്കുകയാണ് മേയർ ആര്യാ രാജേന്ദ്രൻ.
ആകെ ഒഴിവുകൾ 295 ആണെന്നും അതിൽ ഒരു പബ്ലിക് ഹെൽത് എക്‌സ്‌പേർട്ടിന്റെ ഒഴിവുണ്ടെന്നും വിശദീകരിക്കുന്നു കത്തിൽ. 74 ഡോക്ടർമാരുടേയും ഒഴിവുണ്ട്. സ്റ്റാഫ് നേഴ്‌സ് 66 പേരേയും വേണം. ഫാർമസിസ്റ്റ് 64 പേരേയും ലാബ് ടെക്‌നിഷ്യന്മാരായി 23 പേരേയും വേണം. തൂപ്പു ജോലിക്ക് 59 ഒഴിവുണ്ട്. ഒപ്‌റ്റോമട്രിസ്റ്റുമാരായി രണ്ടു പേരെ വേണം. പാർട്ട് ടൈം സ്വീപ്പർമാരുടെ ഒഴിവ് ആറെണ്ണമാണെന്നും കത്തിൽ പറയുന്നു.
ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നുണ്ടെന്നും ഓൺലൈനായിട്ടാണ് അപേക്ഷ ക്ഷണിക്കുന്നതെന്നും കത്തിൽ പറയുന്നു. ഉദ്യോഗാർത്ഥികളുടെ മുൻഗണനാ ലിസ്റ്റ് ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് മനോരമ വാർത്തയ്‌ക്കൊപ്പമുള്ള കത്തിൽ സിപിഎം സെക്രട്ടറിയോട് മേയർ ആവശ്യപ്പെടുന്നത്. സാധാരണ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾക്ക് നൽകുന്നതിന് സമാനമായ കത്താണിത്. ഫയൽ നമ്പറൊന്നും കത്തിൽ രേഖപ്പെടുത്തിയിട്ടില്ല. നവംബർ ഒന്നിനാണ് കത്ത് അയയ്ക്കുന്നത്.
വാർത്തയായതോടെ ഈ കത്ത് മേയർ നിഷേധിക്കുകയാണ്. ഇത്തരത്തിലൊരു കത്ത് അയച്ചിട്ടില്ലെന്നാണ് മേയർ പറയുന്നത്. നിരവധി വിവാദങ്ങളിൽ ചെന്നു പെട്ട മേയർക്ക് അടുത്തൊരു തിരിച്ചടിയാകാൻ ഈ കത്ത് സാഹചര്യമൊരുക്കും. ഈ കത്തിന്റെ വസ്തുതകൾ ഉറപ്പു വരുത്താൻ കഴിഞ്ഞാൽ ഗുരുതരമായ വിവാദങ്ങളിൽ സിപിഎമ്മും ചെന്നു പെടും. അപേക്ഷ അയയ്‌ക്കേണ്ട സൈറ്റ് ഉൾപ്പെടെയാണ് കത്ത് ആനാവൂർ നാഗപ്പന് കത്ത് നൽകുന്നത്. വാർഡിലെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഒരു പാർട്ടിക്കാരനാണ് ഇട്ടത്. ഇതോടെയാണ് കത്ത് വിവാദമാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ