- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സഖാവേ, ആ കത്ത് എന്റേതല്ല..'; നിയമനക്കത്ത് എഴുതിയിട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ; പാർട്ടിക്ക് വിശദീകരണം നൽകി; അന്വേഷിക്കാൻ കമ്മിഷണർക്ക് പരാതി നൽകും; നിയമ നടപടിക്ക് ഒരുങ്ങി ഡി ആർ അനിലും; അടിയന്തര യോഗം വിളിച്ച് സിപിഎം
തിരുവനന്തപുരം: താൽക്കാലിക നിയമനത്തിന് പാർട്ടിക്കാരെ നിർദേശിക്കാൻ ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ കത്ത് അയച്ചെന്ന ആരോപണത്തിൽ നടപടിക്ക് ഒരുങ്ങി സിപിഎം. കത്ത് വിവാദത്തിൽ സിപിഎം അടിയന്തര യോഗം വിളിച്ചു. ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളാണ് വിളിച്ചു ചേർത്തത്. നാളെ യോഗം ചേരും. കത്ത് പുറത്തുവിട്ട സംഭവത്തിൽ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം കത്ത് വിവാദത്തിൽ മേയർ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.
എന്നാൽ കത്ത് വ്യാജമെന്ന മേയറുടെ വാദം സിപിഎം ജില്ലാ സെക്രട്ടറി ഇന്നും ഏറ്റെടുത്തില്ല. കത്ത് വ്യാജമാണോ എന്ന് പരിശോധിക്കാൻ അന്വേഷണം നടക്കുമെന്ന് ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. മേയർ എഴുതി എന്ന് പറയപ്പെടുന്ന കത്ത് തനിക്ക് കിട്ടിയിട്ടില്ല എന്നും സിപിഎം ജില്ലാ സെക്രട്ടറി ആവർത്തിച്ചു. വിവാദവുമായി ബന്ധപ്പെട്ട് മേയറോട് സംസാരിച്ചിരുന്നതായും ആനാവൂർ നാഗപ്പൻ പറഞ്ഞു.
കത്ത് ചോർച്ചയിൽ ആഭ്യന്തര അന്വേഷണത്തിന്റെ കാര്യമില്ല. പാർട്ടിയിലെ വിഭാഗീയത മാധ്യമങ്ങളുടെ പ്രചാര വേലയാണ്. മേയർ രാജിവയ്‌ക്കേണ്ട കാര്യമില്ല.ഡി ആർ അനിലിന്റെ കത്തിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. വിവാദം ഒഴിവാക്കാനാണ് നിയമനം എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി ആക്കിയത്.സംസ്ഥാന നേതൃത്വത്തെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു.
കത്ത് താൻ തയാറാക്കിയതല്ലെന്നും പുറത്തുവന്ന കത്തിനെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷണർക്ക് പരാതി നൽകുമെന്നും മേയർ ആര്യ രാജേന്ദ്രൻ പാർട്ടിക്ക് വിശദീകരണം നൽകിയ പശ്ചാത്തലത്തിലാണ് സിപിഎം അടിയന്തര യോഗം ചേരുന്നത്. ആനാവൂർ നാഗപ്പനെ ഫോണിൽ വിളിച്ചാണു മേയർ വിശദീകരണം നൽകിയത്. തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ നിയമിക്കാൻ പട്ടിക ചോദിച്ചുള്ള കത്താണ് പുറത്തുവന്നത്.
പൊലീസിൽ പരാതി നൽകാൻ പാർട്ടി ആര്യക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർക്കോ മ്യൂസിയം പൊലീസിലോ ആണ് മേയർ പരാതി നൽകുക. വ്യാജ ഒപ്പും, സീലില്ലാത്ത ലെറ്റർപാഡും ഉണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്ന് കാട്ടിയാകും പരാതി നൽകുക. പാർട്ടി നിർദേശത്തോടെ ആര്യാ രാജേന്ദ്രൻ ഇന്ന് പൊലിസിൽ പരാതി നൽകും. വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുക. പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ട് വിശദീകരണം നൽകിയേക്കും. അതിനിടെ മേയർക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം
വിഷയത്തിൽ വിമർശനവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. മേയർ ഒപ്പിട്ട കത്തുകൾ സിപിഎം ഓഫിസുകളിലുണ്ടാവുമെന്ന് കോൺഗ്രസ് ആരോപിച്ചു. ജോലിക്കുള്ള നൗക്രി.കോം ആയി പ്രവർത്തിക്കുന്നത് പാർട്ടി ഓഫിസുകളെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥൻ ആക്ഷേപിച്ചിരുന്നു. മേയറുടെ വിശദീകരണം സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്ന് ബിജെപി പ്രതികരിച്ചു. മറ്റാരെങ്കിലും കത്ത് തയാറാക്കിയെങ്കിൽ ഭരണം കുത്തഴിഞ്ഞതിന് തെളിവാണ്. ഒരാളെ മുന്നിലിരുത്തി മറ്റു ചിലർ ഭരിക്കുന്നുണ്ടാവുമെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പ്രതികരിച്ചത്.
ഇതിനിടെ നിയമ നടപടിക്ക് ഡി ആർ അനിലും ഒരുങ്ങുകയാണ്. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചരണം നടക്കുന്നുവെന്ന് പൊലീസിൽ പരാതി നൽകും. പ്രചരിക്കുന്നത് താൻ ഇതുവരെ പാർട്ടി സെക്രട്ടറിക്ക് നൽകാത്ത കത്തെന്നും ഡി ആർ അനിൽ പറയുന്നു. വിവാദങ്ങളിൽ പാർട്ടി ഇതുവരെ വിശദീകരണം തേടിയിട്ടില്ലെന്നും ഡി ആർ അനിൽ വ്യക്തമാക്കി.
താത്കാലിക തസ്തികകളിലേക്ക് പാർട്ടി പ്രവർത്തകരെ ശുപാർശ ചെയ്യാനാവശ്യപ്പെട്ട് ആനവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ എഴുതിയത് എന്ന നിലയിലാണ് കത്ത് പ്രചരിപ്പിക്കപ്പെട്ടത്. കോർപ്പറേഷനിലെ ആരോഗ്യവിഭാഗത്തിൽ 295 ദിവസവേതന തസ്തികകളിലേക്കുള്ള മുൻഗണനാപ്പട്ടിക ആവശ്യപ്പെട്ടായിരുന്നു വിവാദ കത്ത്.
നവംബർ ഒന്ന് തീയതിവെച്ച്, മേയറുടെ ഔദ്യോഗിക ലെറ്റർഹെഡ്ഡിൽ ഒപ്പോടുകൂടിയായിരുന്നു കത്തെഴുതിയിരുന്നത്. പാർട്ടി സഹയാത്രികരുടെ വാട്‌സാപ്പ് ഗ്രൂപ്പുകൾവഴി പ്രചരിച്ച കത്ത് പുറത്തായതോടെ കനത്തപ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മേയറുടെ വിശദീകരണം. അതേസമയം, മേയർ ഇത് സംബന്ധിച്ച് ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
ഇതിനിടെ, എസ്.എ.ടി. ആശുപത്രിയിൽ താത്കാലിക ജീവനക്കാരെ നിയമിക്കാൻ പാർട്ടിയുടെ പട്ടിക ആവശ്യപ്പെട്ട് കോർപ്പറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിൽ ആനാവൂർ നാഗപ്പന് അയച്ചതെന്ന പേരിലുള്ള കത്തും പുറത്തുവന്നിരുന്നു. ഈ കത്ത് താൻ നൽകിയതല്ലെന്നാണ് അനിലിന്റേയും വിശദീകരണം. സംഭവത്തിൽ പാർട്ടി വിശദീകരണം ചോദിച്ചിട്ടില്ലെന്നും അനിൽ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ