തിരുവനന്തപുരം: നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 ജീവനക്കാരുടെ നിയമനത്തിൽ പാർട്ടിയുടെ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രൻ കത്തെഴുതിയത് വിവാദമായിരിക്കുകായണ്. മേയർക്കെതിരെ വിജിലൻസിലും, തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി എത്തി. പ്രതിപക്ഷം മേയറുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി. അതിനിടെ, കത്ത് വ്യാജമെന്ന വാദവുമായി മേയർ ആര്യാ രാജേന്ദ്രൻ രംഗത്തെത്തി. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് വ്യാജമാണെന്നാണ് ആര്യാ രാജേന്ദ്രൻ അറിയിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും മേയർ അറിയിച്ചു.

നഗരസഭയുടെ കുറിപ്പ് ഇങ്ങനെ:

തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഒരു കത്ത് പ്രചരിക്കുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇങ്ങിനെയൊരു കത്ത് മേയർ എന്ന നിലയിലോ മേയറുടെ ഓഫീസിൽ നിന്നോ നൽകിയിട്ടില്ല. ഇത്തരത്തിൽ കത്ത് നൽകുന്ന പതിവും നിലവിലില്ല.മേയർ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്.വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകു.

ഔദ്യോഗികമായി അത് നടന്ന് വരുകയാണ്.ഇത്തരത്തിൽ നഗരസഭയേയും മേയറേയും ഇകഴ്‌ത്തി കാട്ടാൻ ചിലർ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു.ആ ശ്രമമെല്ലാം പരാജയപെട്ടപ്പോഴാണ് ഇവർ പുതിയ തന്ത്രവുമായി രംഗത്ത് വരുന്നത്.ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നഗരസഭയും ഭരണ സമിതിയും ഉദ്ദേശിക്കുന്നത്. മാത്രവുമല്ല ഇങ്ങിനൊരു ആക്ഷേപം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടർന്ന് എംപ്ലോയ്‌മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചു'

പുറത്ത് വന്ന കത്ത് വിവാദമായതോടെ ഇത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് മേയർ അറിയിച്ചിരുന്നു. കത്തിനെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പ്രതികരിച്ചത്. അങ്ങനെയൊരു കത്ത് തന്റെ കയ്യിൽ കിട്ടിയിട്ടില്ല. ഇങ്ങനെയൊരു കത്ത് എഴുതാൻ പാടില്ലെന്നും കത്തിന്റെ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. മേയർക്ക് അങ്ങനെയൊരു കത്ത് എഴുതാൻ സാധിക്കില്ലെന്നും എന്താണ് സംഭവമെന്ന് അറിയില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞിരുന്നു.

നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് ആണ് സിപിഐഎം പ്രവർത്തകരെ നിയമിക്കാൻ മുൻഗണന പട്ടികയാവശ്യപ്പെട്ടുള്ള മേയറുടെ പേരിലുള്ള കത്തായിരുന്നു പുറത്തുവന്നത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിലാണ് കത്ത് അയച്ചിട്ടുള്ളത്. ആനാവൂർ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. കോർപറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്. കത്ത് പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനമാണ് മേയർക്കെതിരെ ഉയർന്നിരിക്കുന്നത്.

മേയർ ആര്യ രാജേന്ദ്രന്റെ കത്ത് പുറത്തായതിനു പിന്നാലെ വിവാദത്തിൽ നിന്നും തലയൂരാൻ സംസ്ഥാന സർക്കാർ ഇടപെട്ടു. കോർപറേഷന്റെ നിയമനാധികാരം സർക്കാർ റദ്ദാക്കി. കോർപറേഷനിലെ താൽക്കാലിക ഒഴിവുകളിൽ നിയമനം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് സർക്കാർ ഇടപെടൽ.

തിരുവനന്തപുരം നഗരസഭയിലെ 'പാർട്ടി നിയമനം' വിവാദമായതോടെയാണ് തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ് ഇടപെട്ടത്. തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തുമെന്നാണ് മന്ത്രി അറിയിച്ചത്. താൽക്കാലിക ഒഴിവുകൾ വേഗത്തിൽ നികത്തുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകൾ വഴി പുറത്തായതോടെയാണ് വിവാദമായത്. 'സഖാവേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് 'അഭ്യർത്ഥിക്കുന്നു'. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. ഇതോടെ പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം ഉയർന്നപ്പോഴാണ് സംസ്ഥാന നേതൃത്വം ഇടപെട്ടത്.

കരാർ നിയമനത്തിന് പാർട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തയച്ചില്ലെന്ന് മേയറും കത്ത് കിട്ടിയില്ലെന്ന് ആനാവൂർ നാഗപ്പനും വിശദീകരിച്ചപ്പോൾ, സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ച് മേയർക്കെതിരെ പ്രക്ഷോഭം ശക്തമാക്കുകയാണ് പ്രതിപക്ഷം.

കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ട്. ഡോക്ടർമാർ അടക്കം ഒമ്പത് തസ്തികകളിൽ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകണം. ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്.

കത്തയച്ച ഒന്നാംതിയതി 'എവിടെ എന്റെ തൊഴിൽ' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ ഡൽഹിയിൽ ആയിരുന്നെന്നുമാണ് ആര്യാ രാജേന്ദ്രന്റെ വിശദീകരണം. കത്തിന്റെ സീരിയൽ നമ്പറിലും ഒപ്പിലും വ്യക്തതയില്ല. സ്വന്തം നിലക്കും പാർട്ടി തലത്തിലും അന്വേഷിക്കുമെന്നും മേയർ അറിയിക്കുമ്പോൾ കത്ത് കിട്ടിയില്ലെന്നാണ് ആനാവൂരിന്റെ പ്രതികരണം.

താത്കാലിക നിയമനങ്ങൾക്ക് സിപിഎം. ജില്ലാ സെക്രട്ടറിയാണ് ആളുകളെ നിശ്ചയിച്ച് നൽകുന്നത് എന്ന രീതിയിലേക്ക് വിവാദം കത്തിപ്പടർന്നതോടെ ജില്ലയിൽ പാർട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. നഗരസഭയുടെ ഔദ്യോഗിക ലെറ്റർപാഡിൽ മേയർ തന്നെ പാർട്ടി നേതാവിനോട് ഉദ്യോഗാർഥികളുടെ പട്ടിക ആവശ്യപ്പെട്ടത് തികച്ചും സ്വജനപക്ഷപാതത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷമായ ബിജെപിയും യു.ഡി.എഫും സമരം ശക്തമാക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി യു.ഡി.എഫ്. കൗൺസിലർമാരുടെ നേതൃത്തിൽ നഗരസഭാ കാര്യാലയത്തിന് മുന്നിൽ ധർണ നടത്തിയിരുന്നു. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭ കെട്ടിടത്തിനകത്തേക്ക് ഓടിക്കയറി മുദ്രാവാക്യം മുഴക്കി. മേയറുടെ ഓഫീസിനടുത്തേക്ക് പോകുന്നതിന് മുമ്പ് യൂത്ത് കോൺഗ്രസുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി. യൂത്ത്‌കോൺഗ്രസുകാരെ മാറ്റുന്നതിനിടെയാണ് യുവമോർച്ച പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറിയത്. ഇതോടെ പൊലീസ് ആകെ ആശയക്കുഴപ്പത്തിലായി.

ഇവരെ പ്രധാന ഓഫീസുകൾക്ക് മുന്നിൽനിന്ന് അറസ്റ്റ് ചെയ്ത് മാറ്റുന്നതിനിടെ ബിജെപി. നഗരസഭാ പ്രതിപക്ഷ നേതാവ് എം.ആർ. ഗോപന്റെ നേതൃത്വത്തിൽ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഓഫീസിന് മുന്നിൽ ഉപരോധസമരം തുടങ്ങി. സമരം പുരോഗമിക്കുന്നതിനിടെ ഡെപ്യൂട്ടി മേയർ പി.കെ. രാജു ഓഫീസിൽ കയറാൻ ശ്രമിച്ചത് ബിജെപി. കൗൺസിലർമാർ തടഞ്ഞു. ഇതോടെ പൊലീസ് ഇടപെട്ട് പ്രവർത്തകരോട് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയില്ല. ഇതോടെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് കൗൺസിലർമാരെ നീക്കിയതിന് ശേഷമാണ് ഡെപ്യൂട്ടി മേയറിന് ഓഫീസിനകത്ത് കടക്കാനായത്.