- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബസിൽ നിന്നും യാത്രക്കാരെ ഇറക്കി വിട്ടിട്ടില്ല; നിയമ നടപടിയുമായി മുന്നോട്ടെന്ന് ആവർത്തിച്ച് മേയർ
തിരുവനന്തപുരം: നടുറോഡിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ഡ്രൈവറുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട സംഭവത്തിൽ ഡ്രൈവർ യദുവിന് പല കോണുകളിൽ നിന്നും ഭീഷണികൾ ഉണ്ടായിരിക്കയാണ്. ഇതിനിടെ അദ്ദേഹത്തോട് ജോലിയിൽ പ്രവേശിക്കേണ്ടെന്ന നിർദേശവും എത്തിക്കഴിഞ്ഞു. ഇതിനിടെ സംഭവത്തിൽ തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ട് വീണ്ടും മേയർ രംഗത്തെത്തി.
കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്നാണ് മേയർ ആര്യ രാജേന്ദ്രൻ ആവർത്തിക്കുന്നത്. തങ്ങൾ സഞ്ചരിച്ച കാറിൽ പലതവണ ബസ് ഇടിക്കാൻ ശ്രമിച്ചെന്നാണ് ആര്യ ആരോപിക്കുന്നത്. സൈഡ് നൽകിയില്ലെന്നതല്ല പരാതിയെന്നാണ് അവർ പറയുന്നത്. അപകടകരമായ വിധത്തിൽ ബസ് ഓടിച്ചതു ചോദ്യം ചെയ്തപ്പോൾ ലൈംഗിക ചേഷ്ട കാണിക്കുകയാണ് ഉണ്ടായത്. കൂടാതെ ലഹരിപദാർഥം ഉപയോഗിച്ചിരുന്നുവെന്നും ആര്യ ആരോപിക്കുന്നു.
പാളയത്ത് സിഗ്നലിൽ നിർത്തിയപ്പോഴാണ് ചോദ്യം ചെയ്തത്. കാർ കുറുകേ ഇട്ടുവെന്ന ആരോപണവും ആര്യ നിഷേധിച്ചു. സാഫല്യം കോംപ്ലക്‌സിന് സമീപത്ത് ബസ് നിർത്തിയപ്പോൾ വാഹനം നിർത്തി ഇറങ്ങിയാണ് ഡ്രൈവറോട് സംസാരിച്ചതെന്നും മേയർ പറഞ്ഞു. ബസിൽ നിന്നും യാത്രക്കാരെ ഇറക്കി വിട്ടെന്ന ആരോപണവും അവർ നിഷേധിച്ചു. അത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നും. ഡ്രൈവറെ പൊലീസ് എത്തി കൊണ്ടുപോയപ്പോഴാണ് യാത്രക്കാരെ ഇറങ്ങിയതെന്നും അവർ പറഞ്ഞു.
അതേസമയം കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ മുമ്പും അപകടരമായി ബസ് ഓടിച്ചതിന് കേസുണ്ടെന്നും ആര്യ ആരോപിച്ചു. സ്വകാര്യ ബസ് ഡ്രൈവറായിരുന്ന സമയത്ത് യദു മുമ്പും അശ്രദ്ധമായി വണ്ടിയോടിച്ച് അപകടമുണ്ടാക്കിയിരുന്നു. 2022 യദു ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് തമ്പാനൂർ പൊലീസ് യദുവിനെതിരെ കേസെടുത്തിരുന്നു. 2017 ൽ അപകടകരമായ രീതിയിൽ വണ്ടി ഓടിച്ചതിന് യദുവിനെതിരെ പേരൂർക്കട പൊലിസും കേസെടുത്തിട്ടുണ്ടെന്നും ആര്യ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ സിപിഎം സമ്മർദം വകവയ്ക്കാതെയാണ് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ നിലപാട് കൈക്കൊണ്ടിരിക്കുന്നത്. പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതു വരെ ഡ്രൈവർക്കെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന നിലപാടിലാണ് മന്ത്രി. സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവർക്കെതിരെ ഒരു വാക്കു പോലും പറയാത്തതാണ് മന്ത്രിയുടെ ഉറച്ച നിലപാടിനു പിന്നിൽ.
പൊലീസും വിജിലൻസും നൽകുന്ന റിപ്പോർട്ടിൽ കഴമ്പുണ്ടെങ്കിൽ മാത്രമാകും ഡ്രൈവർ യദുവിനെതിരെ വകുപ്പുതല നടപടി. ന്യായത്തിന്റെ ഭാഗത്തു നിൽക്കണമെന്നും മേയറും എംഎൽഎയുമാണ് എതിർഭാഗത്തെന്നും കരുതി പാവം ഡ്രൈവറെ പിരിച്ചുവിടാനാകില്ലെന്നുമാണ് ഗണേശ്‌കുമാറിന്റെ നിലപാട്. ഡ്രൈവർ യദുവിനെ പിന്തുണച്ച് കെഎസ്ആർടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ, മേയർക്കെതിരായുള്ള രാഷ്ട്രീയ നീക്കമാണ് ഇതെന്നാണ് സിപിഎം നേതാക്കളുടെ വാദം.
സംഭവത്തിൽ ദൃക്‌സാക്ഷികളാവരോട് ഗണേശ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം സംസാരിച്ചത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ റിസർവേഷനിൽ യാത്ര ചെയ്തവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. ബസിൽ ടിക്കറ്റ് റിസർവ് ചെയ്തവരുടെ ഫോൺ നമ്പറുകൾ കെഎസ്ആർടിസിയിൽ നിന്നും ശേഖരിച്ചായിരുന്നു നീക്കം. ബസിലെ കണ്ടക്ടറും ഡ്രൈവർക്ക് അനുകൂലമായാണ് മൊഴി നൽകിയത്.
ഡ്രൈവറെ പ്രകോപിക്കുകയാണ് മേയറും സംഘവും ചെയ്തതെന്നാണ് യാത്രക്കാർ നൽകിയ മൊഴി. മാത്രമല്ല, തങ്ങൾ ബുക്ക് ചെയ്ത് നടത്തിയ യാത്ര പൂർത്തിയാക്കാനായില്ല എന്ന പരാതിയും ഇവർക്കുണ്ട്. യാത്ര അവസാനിക്കാൻ രണ്ട് കിലോമീറ്റർ മാത്രം ശേഷിക്കെയാണ് സംഭവം നടന്നത്. എന്നിട്ടും തങ്ങളെ പെരുവഴിയിൽ ഇറക്കി വിടുകയാണ് ചെയ്തതെന്ന് യാത്രക്കാർ പറയുന്നു. എംഎൽഎ ബസിൽ കയറി വന്നാണ് യാത്രക്കാരെ ഇറക്കി വിട്ടത്. ഡ്രൈവർ കുറ്റക്കാരനാണെന്നും കസ്റ്റഡിയിലെടുക്കണമെന്നുമാണ് സ്ഥലത്തെത്തി പൊലീസ് യാത്രക്കാരെ അറിയിച്ചത്. പ്രമുഖർ ഉൾപ്പെടെ പലരും മേയറെ പിന്തുണച്ചും എതിർത്തും സമൂഹമാധ്യമങ്ങളിൽ അടക്കം പ്രതികരിക്കുന്നുണ്ട്.