- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേയർ-കെഎസ് ആർടിസി ഡ്രൈവർ തർക്കത്തിൽ അട്ടിമറിയോ?
തിരുവനന്തപുരം: തലസ്ഥാനത്ത് മേയർ തടഞ്ഞ കെ.എസ്.ആർ.ടി.സി ബസുമയി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി എം വിൻസന്റ് എംഎൽഎ. ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു എന്ന് എം.വിൻസന്റ് എംഎൽഎ. ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലാണ് ആരോപണം ഉന്നയിച്ചത്. ബസിൽ നിന്നും മെമ്മറി കാർഡ് അടക്കം മോഷണം പോയ ശേഷം സാഹചര്യത്തിൽ ഈ ആരോപണത്തിന് തലങ്ങൾ ഏറെയാണ്.
തനിക്ക് ചില ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരമാണെന്ന് പറഞ്ഞാണ് വിൻസന്റ് ഇത്തരമൊരു ആരോപണം ഉയർത്തിയത്. മേയറും എംഎൽഎയും ബസ് തടഞ്ഞ സംഭവമുണ്ടായപ്പോൾ തന്നെ കണ്ടക്ടർ, എ.എ റഹീമിനെ വിളിച്ചു. അദ്ദേഹം സംസാരിച്ച ശേഷം ഒരു സോറി പറയണം എന്ന് ആവശ്യപ്പെട്ടതായി കണ്ടക്ടർ ചിലരോട് പറഞ്ഞുവെന്നാണ് ജീവനക്കാരിൽ നിന്ന് തനിക്ക് വിവരം കിട്ടിയതെന്നും എം. വിൻസെന്റ് എംഎൽഎ ന്യൂസ് അവറിൽ സംസാരിക്കവെ പറഞ്ഞു. കൃത്യമായി യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ വെച്ച് ബസ് തടഞ്ഞ ശേഷം യാത്രക്കാരെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടതാണെന്നും അദ്ദേഹം ആരോപിച്ചു.
മേയറെ അനുകൂലിക്കുന്നവർ പറയുന്നത് പ്രകാരമാണെങ്കിൽ, പൊലീസ് കസ്റ്റഡിയിലിരുന്നപ്പോഴാണോ യദു ബസിൽ നിന്ന് മെമ്മറി കാർഡ് മോഷ്ടിച്ചതെന്നും കെ.എസ്.ആർ.ടി.സിയിലെ ഐ.എൻ.ടി.യു.സി ഡ്രൈവേഴ്‌സ് യൂണിയൻ പ്രസിഡന്റ് കൂടിയായ എം വിൻസന്റ് എംഎൽഎ ചോദിച്ചു. 'സംഭവ ദിവസം ബസ് നിർത്തിയിട്ട ഉടനെ തന്നെ ഡ്രൈവർ യദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടുത്ത ദിവസം 11 മണി വരെ അദ്ദേഹം കസ്റ്റഡിയിലായിരുന്നു. പിന്നീട് ജോലിയിൽ നിന്ന് മാറ്റിനിർത്തി-വിൻസന്റ് പറയുന്നു.
സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ശേഷം യദു ബസ് കണ്ടിരുന്നു. അതിന് ശേഷം ബസ് സ്റ്റേഷനിലേക്ക് യദു വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഭരണകക്ഷി യൂണിയനിലെയും കെഎസ്ആർടിസിയിലെയും ഉത്തരവാദപ്പെട്ട ആളുകൾ ചേർന്ന് നടത്തിയ ഓപ്പറേഷനാണ് ഈ മെമ്മറി കാർഡ് എടുത്ത് മാറ്റിയതെന്നും അതുകൊണ്ട് ആകെ ഗുണം കിട്ടുന്നത് എംഎൽഎയ്ക്കും മേയർക്കും മാത്രമാണെന്നും' എംഎൽഎ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുക്കവെ പറഞ്ഞു.
'കെ.എസ്.ആർ.ടി.സി ജീവനക്കാരും നാട്ടുകാരും തമ്മിലുള്ള തർക്കങ്ങൾ സംബന്ധിച്ച നൂറു കണക്കിന് കേസുകളുണ്ടായിട്ടുണ്ട്. എല്ലാ സംഭവങ്ങളിലും കെ.എസ്.ആർ.ടി.സിയുടെ പരാതി പ്രകാരമാണ് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുക്കുന്നത്. ട്രിപ്പ് മുടങ്ങുന്നതിന് നഷ്ടപരിഹാരം ഈടാക്കും. എന്നിട്ടും ഈ സംഭവത്തിൽ ഒരു പരാതി പോലും കൊടുക്കാത്തത് ഭരണകക്ഷിയിൽപ്പെട്ട എംഎൽഎയും മേയറും ആയതുകൊണ്ടാണ്. പൊലീസും കെ.എസ്.ആർ.ടി.സി അധികൃതരും പ്രതികളെ രക്ഷിക്കാൻ ഒരുപോലെ കുറ്റം ചെയ്തിരിക്കുകയാണെന്നും എം. വിൻസെന്റ് പറഞ്ഞു.