തിരുവനന്തപുരം: മേയർ-കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രൻ കെ. സച്ചിൻദേവ് എംഎ‍ൽഎ. ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന അഞ്ചുപേർക്കെതിരേ കന്റോൺമെന്റ് പൊലീസ് കേസെടുത്തുവെങ്കിൽ അത് മേയർക്കും കൂട്ടർക്കും തലവേദനയാകില്ല. മേയർക്കും എംഎ‍ൽഎയ്ക്കുമെതിരേ കേസ് എടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ സി.ജെ.എം. കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേസെടുത്തത്. ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. അതുകൊണ്ട് തന്നെ അറസ്റ്റു ചെയ്താലും ജാമ്യം കിട്ടും.

ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിലാണ് കോടതി ഇടപെടൽ. നിയമവിരുദ്ധമായ സംഘം ചേരൽ, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കൽ, പൊതുജനശല്യം, അന്യായമായ തസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്ത് കേസെടുക്കാനായിരുന്നു കോടതി നിർദേശിച്ചത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് അഞ്ചുപേർക്കെതിരേയും ചുമത്തിയിരിക്കുന്നത്. തൊട്ടടുത്തദിവസം യദു ഇരുവർക്കുമെതിരേ പരാതിയുമായി കന്റോൺമെന്റ് സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മിഷണറെയും കണ്ടിരുന്നു. എന്നാൽ യദുവിന്റെ പരാതി സ്വീകരിച്ചിരുന്നില്ല. തുടർന്ന് ശനിയാഴ്ച രാവിലെ യദു വഞ്ചിയൂർ കോടതിയിൽ പരാതി നൽകിയിരുന്നു. ഈ പരാതിയും കോടതിയുടെ പരിഗണനയിലാണ്. ഔദ്യോഗിക കുറ്റ നിർവ്വഹണത്തിന് കേസെടുക്കണമെന്നതാണ് യുദുവിന്റെ നിലപാട്.

ഈ ഹർജിയിൽ കോടതി കേസെടുക്കാൻ നിർദ്ദേശിച്ചാൽ ജാമ്യമില്ലാ വകുപ്പുകളും ചുമത്തേണ്ടി വരും. ആ സാഹചര്യത്തിൽ മേയർക്കും ഭർത്താവിനും മുൻകൂർ ജാമ്യവും എടുക്കേണ്ടി വരുമായിരുന്നു. ഇതിനിടെയാണ് ബൈജു നോയലിന്റെ ഹർജിയിൽ കോടതി ഇടപെടൽ. പിവി അൻവറിനും സജി ചെറിയാനുമെതിരെയെല്ലാം നിയമ പോരാട്ടം നടത്തിയ വ്യക്തിയാണ് ബൈജു നോയൽ. മേയറും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നായിരുന്നു ബൈജു നോയൽ നൽകിയ പരാതി. എന്നാൽ ഇതിന് അനുസരിച്ചുള്ള വകുപ്പുകൾ ചുമത്തിയില്ലെന്നതാണ് വല്തുത.

ഏപ്രിൽ 27-നാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എംഎ‍ൽഎയുമായ സച്ചിൻദേവ് എന്നിവരും കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ യദുവുമായി തർക്കമുണ്ടാകുന്നത്. മേയറും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞ വിവാദ സംഭവത്തിലാണ് ഡ്രൈവർ യദു കോടതിയിലെത്തിയത്. ബസ് തടഞ്ഞ് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി . മേയറുടെ ഭർത്താവും എംഎൽഎയുമായി സച്ചിൻദേവ് ബസിൽ അതിക്രമിച്ചുകയറി അസഭ്യം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. മേയർക്കും എംഎൽഎക്കും പുറമെ കാറിലുണ്ടായിരുന്ന ബന്ധുക്കൾക്കെതിരെയും പരാതിയുണ്ട്. പരാതി ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി. ഈ കേസും ഇനി നിർണ്ണായകമാണ്. ജാമ്യമില്ലാ വകുപ്പു ചുമത്താൻ കോടതി നിർദ്ദേശിക്കുമോ എന്നതാണ് നിർണ്ണായകം.

പൊലീസ് യദുവിന്റെ പരാതിയിൽ കേസെടുക്കാൻ തയ്യാറാകാത്തത് ചർച്ചയാകുന്നതിനിടെയാണ് കേസ് കോടതിയിലെത്തുന്നത്. ഇതിനിടെ ബസിലെ കണ്ടക്ടർ സുബിനെതിരെ കടുത്ത ആരോപണം യദു ഉന്നയിച്ചു. പിൻസീറ്റിൽ ഇരിക്കുന്നതിനാൽ എംഎൽഎ ബസിൽ കയറിയത് കണ്ടില്ലെന്ന് കണ്ടക്ടർ പൊലീസിന് നൽകിയ മൊഴി കള്ളമാണെന്ന് യദു കുറ്റപ്പെടുത്തി. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിൽ മേയർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ ബൈജു നോയൽ കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി കന്റോൺമെന്റ് പൊലീസിനോട് അന്വേഷിച്ച് നടപടി എടുക്കാൻ നിർദേശിച്ചത്. എന്നാൽ ബസിലെ മെമ്മറി കാർഡ് ഇപ്പോഴും കണ്ടെത്താനായിട്ടില്ല.