- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകെയുള്ളത് മൂന്ന് ലക്ഷത്തോളം ജനങ്ങള്‍; ആയിരങ്ങള്‍ കൊല്ലപ്പെട്ടു; ഏതു നിമിഷവും കടലില്‍ മുങ്ങിപ്പോകാം; ഫ്രാന്‍സിന്റെ ഭാഗമായി ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന മെയോട്ട ദ്വീപില്‍ സംഭവിക്കുന്നത്
ആകെയുള്ളത് മൂന്ന് ലക്ഷത്തോളം ജനങ്ങള്‍; ആയിരങ്ങള്‍ കൊല്ലപ്പെട്ടു
മെയോട്ട: മണിക്കൂറില്‍ 140 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച ചിഡോ കൊടുങ്കാറ്റ്, ഫ്രാന്‍സ് പ്രവിശ്യയായ മെയോട്ട് ദ്വീപിനെ തകര്‍ത്ത് തരിപ്പണമാക്കി. വെറും മൂന്ന് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ദ്വീപില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് വീടുകള്‍ നഷ്ടപ്പെട്ടത്. പലയിടങ്ങളിലും കടുത്ത കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നു. ആയിരത്തോളം പേര്‍ മരണമടഞ്ഞതായാണ് കണക്കാക്കുന്നത്. വന്‍കരയില്‍ നിന്നും ഏറെ മാറി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് സമൂഹത്തില്‍ കനത്ത നാശമാണ് കൊടുങ്കാറ്റ് ഉണ്ടാക്കിയതെന്ന് അധികൃതര്‍ പറയുന്നു.
ആഫ്രിക്കയുടെ തെക്ക് കിഴക്കന്‍ തീരത്തു നിന്നും മാറി, ഇന്ത്യന്‍ മഹാസമുദൃത്തില്‍, കോമോറോസ് ദ്വീപിനു കിഴക്കായും മഡഗാസ്‌കറിന് വടക്കു പടിഞ്ഞാറായും സ്ഥിതിചെയ്യുന്ന ഈ ദ്വീപ് സമൂഹം ഒരു ഫ്രഞ്ച് അധിനിവേശ പ്രദേശമാണ്. പവിഴപ്പാറകളാല്‍ ചുറ്റപ്പെട്ട ഈ ദ്വീപ് സമൂഹത്തില്‍ രണ്ട് പ്രധാന ദ്വീപുകളാണ് ഉള്ളത്. ഗ്രാന്‍ഡ് ടെര്‍, പെറ്റീറ്റ് ടെര്‍ എന്നീ പ്രധാന ദ്വീപുകള്‍ക്ക് പുറമെ നിരവധി ചെറു ദ്വീപുകളും അടങ്ങിയതാണ് ഈ ദ്വീപ് സമൂഹം. 374 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഇതിന്റെ വിസ്തൃതി.
ഫ്രാന്‍സ് പ്രവിശ്യകളില്‍ ഏറ്റവും ദാരിദ്ര്യം നിറഞ്ഞ പ്രവിശ്യയാണ് മെയോട്ട്. ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ഫ്രാന്‍സിന്റെ ധനസഹായത്താലാണ് ഇവിടെ ജീവിതം മുന്‍പോട്ട് പോകുന്നത്. ഫ്രഞ്ച്‌സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 84 ശതമാനത്തോളം ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് കീഴിലാണ് കഴിയുന്നത്. അടുത്തകാലത്ത് ചില ആഭ്യന്ത്രര കലാപങ്ങള്‍ നടന്ന ഇവിടം ഈ വര്‍ഷം 1997 ന് ശേഷമുള്ള ഏറ്റവും വലിയ വരള്‍ച്ചയേയും അഭിമുഖീകരിച്ചിരുന്നു.
ഏകദേശം 40 ശതമാനത്തോളം ആളുകള്‍ പ്രതിമാസം വെറും 137 പൗണ്ട് വരുമാനമുള്ളവരാണ് ഇവിടെയുള്ളതെങ്കിലും, 1975 ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച, തൊട്ടടുത്ത കൊമോറോസ് ദ്വീപിലെ ജനതയേക്കാള്‍ സമ്പന്ന ജീവിതമാണ് ഇവിടെയുള്ളവര്‍ നയിക്കുന്നത്. ഫ്രാന്‍സിന്റെ ക്ഷേമ പദ്ധതികള്‍ ഈ ദ്വീപിലും ബാധകമായതിനാല്‍ കൊമൊറോസ് ദ്വീപില്‍ നിന്നും പ്രതിവര്‍ഷം നൂറു കണക്കിന് ആളുകളാണ് അപകടകരമായ യാത്രയില്‍ കടല്‍ താണ്ടി ഇവിടെ കുടിയേറുന്നത്. ഇത് ഇവിടെ സംഘര്‍ഷാവസ്ഥ വളര്‍ത്തിയിട്ടുമുണ്ട്.
ഇവിടെയുള്ളവരില്‍ 40 ശതമാനത്തോളം പേര്‍ ജീവിക്കുന്നത് ലോഹ ഷീറ്റുകള്‍ കൊണ്ടുണ്ടാക്കിയ ചേരി സമാനമായ വീടുകളിലാണ്. അതുതന്നെയാണ് നാശനഷ്ടങ്ങള്‍ ഇത്രകണ്ട് വര്‍ദ്ധിക്കാനും മരണ സംഖ്യ കൂടാനും കാരണമായത്. 29 ശതമാനത്തോളം വീടുകളില്‍, ഈ ദുരന്തത്തിന് മുന്‍പും കുടിവെള്ളം ലഭിച്ചിരുന്നില്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം തൊഴില്‍ക്ഷമ പ്രായപരിധിയിലുള്ളവരില്‍ മൂന്നിലൊന്നിലധികം പേര്‍ തൊഴില്‍ രഹിതരുമാണ്.
കഴിഞ്ഞ ഒന്‍പത് പതിറ്റാണ്ടുകള്‍ക്കിടയില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഇക്കുറി ഇവിടെ ഉണ്ടായിരിക്കുന്നത്. തലസ്ഥാന നഗരിയായ മെമൗഡ്‌സോയില്‍ പോലും കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കുടിവെള്ളഠിന് ക്ഷാമം അനുഭവപ്പെടുകയാണ്. പലരും കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി പട്ടിണി കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരും ദിവസങ്ങളില്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ഇവിടം സന്ദര്‍ശിക്കുമെന്നറിയുന്നു.