- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടാം വിമോചന സമരത്തിനൊരുങ്ങി മയ്യഴി
കണ്ണൂർ: പുതുച്ചേരി സർക്കാരിന്റെ അവഗണനയേറ്റു മുരടിച്ച മയ്യഴി യിലെ ജനങ്ങൾ രണ്ടാം വിമോചന സമരത്തിന് ഒരുങ്ങുന്നു. ഫ്രഞ്ച് അധിനിവേശത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ വീണു കിടക്കുന്ന പഴയ വൈദേശിക കോളനികളിലൊന്നാണ് മയ്യഴി. എഴുത്തുകാരൻ എം. മുകുന്ദന്റെ ദൈവത്തിന്റെ വികൃതികൾ എന്ന നോവലിൽ അൽ ഫോൺസാച്ചന്റെയും മാഗി മദാമ്മയുടെയും ജീവിതത്തിലൂടെ അതു ലോകം മുഴുവൻ വായിച്ചും സിനിമയായും അറിഞ്ഞതാണ്.
വൈദേശിക ഭരണം കടൽ കടന്നപ്പോൾ കേന്ദ്രഭരണപ്രദേശമെന്ന പദവിയും കണ്ണൂർ - കോഴിക്കോട് ജില്ലകളുടെ അതിർത്തിയായ മയ്യഴിക്ക് ലഭിച്ചു. ന്യൂ മാഹി യെന്ന പേരിൽ ഒരു ഭാഗം കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തായി മാറിയപ്പോഴും മയ്യഴി പുഴയ്ക്കു അപ്പുറം ഒരു വലിയ ഭാഗം പ്രദേശം മയ്യഴിപ്പുഴയുടെ തീരത്തായി സ്വന്തം സ്വത്വം കാത്തുസൂക്ഷിച്ചു ഏകാന്തമായിനിന്നു. എന്നാൽ മയ്യഴിയിൽ നിന്നും 700 കിലോമീറ്റർ ദൂരമുള്ള പുതുച്ചേരിയെന്ന കേന്ദ്രഭരണപ്രദേശത്തോട് മയ്യഴിക്കാരെ ഇന്ത്യാ ഗവർമെന്റ് ചേർത്തിണക്കിയത് വൻ തിരിച്ചടിയായി.
ഒരു കാലത്ത് വടക്കെ മലബാറിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായിരുന്ന ഈ അഴിമുഖ പ്രദേശത്തിന്റെ വികസന കുതിപ്പിന് ഇത് കരിനിഴൽ വീഴ്‌ത്തുകയായിരുന്നു. ഭാഷാപരമായും സാംസ്‌കാരികമായും തമിഴ് സംസ്‌കാരം പിൻതുടരുന്ന പുതുച്ചേരിയുമായി ദൂരം പോലെ മനസുകൊണ്ടും ഏറെ അകലം പുലർത്തുകയാണ് ഇപ്പോഴും മയ്യഴിക്കാർ. നിരന്തരം അവഗണനയാണ് തങ്ങൾക്ക് നേരിടേണ്ടി വരുന്നതെന്നാണ് മയ്യഴിക്കാർ പറയുന്നത്. ഇവിടെ നഗരസഭാ തെരഞ്ഞെടുപ്പ് നടന്നിട്ടു തന്നെ വർഷങ്ങളായി അതുകൊണ്ടു തന്നെ വിലകുറഞ്ഞ മദ്യത്തിനും ഇന്ധനത്തിനുമായി പുറമേ നിന്നും ആളുകളെത്തുന്ന കൊച്ചു തുരുത്തായി മയ്യഴി മാറി കഴിഞ്ഞു.
അഡ്‌മിനിസ്‌ട്രേറ്റർ ഭരണമായതു കൊണ്ടു റോഡ് വികസനം പോലും നടക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ജി.എസ്.ടി വന്നതോടെ മാഹിയിലെ വ്യാപാര മേഖലയുടെയും നട്ടെല്ല് ഒടിഞ്ഞു. ഈ സാഹചര്യത്തിൽ നിരാശയിലാണ്ടു നിൽക്കുന്ന മയ്യഴിക്കാർക്ക് പ്രതീക്ഷയേ കിയിരിക്കുകയാണ് ഹാർബറിന്റെ വിപുലീകരണം. വലിയ യാത്രാകപ്പലുകൾക്ക് വരെ വന്നടുക്കാവുന്ന രീതിയിലാണ് ഇവിടെ ഡ്രഡ്ജിങ് നടക്കുന്നത്. കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം രൂപാല മാസങ്ങൾക്ക് മുൻപ് മയ്യഴിയിലെ ഹാർബർ സന്ദർശിച്ചിരുന്നു. തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ വിപുലീകരിക്കണമെന്ന് പ്രദേശവാസികൾ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
ഓരോ മയ്യഴിക്കാരനും ആഗ്രഹിക്കുന്നതുപോലെ മയ്യഴിയിൽ നിന്നും വെറും 342കിലോമീറ്റർ അകലെയുള്ള ലക്ഷദ്വിപുമായി ലയിപ്പിക്കണമെന്ന് ഇവിടെയുള്ള 21 റസിഡൻസ് അസോസിയേഷൻ നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നത്. പുതുച്ചേരിയിൽ നിന്നും മാറി മയ്യഴി ലക്ഷദ്വീപിന്റെ ഭാഗമായാൽ വൻ വാണിജ്യ സംസ്‌കാരിക കുതിപ്പുണ്ടാകുമെന്ന് മയ്യഴിക്കാരനും എഴുത്തുകാരനുമായ ഇ.കെ. റഫീഖ് പറഞ്ഞു. മയ്യഴി മാതാവിനെ കാണാനും മാഹിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കണ്ടു ആസ്വദിക്കാനും കപ്പൽ മാർഗവും വാട്ടർ മെട്രോയിലൂടെയും വിനോദ സഞ്ചാരികൾക്ക് കഴിയും. ലക്ഷദ്വീപിൽ നിന്നും മാഹിയിലേക്കും തിരിച്ചു അങ്ങോട്ടും കയറ്റിറക്കുമതി വർധിക്കും.
മയ്യഴിയിലെ ഭൂരിഭാഗം ജനങ്ങളും ലക്ഷദ്വീപ് ലയനവുമായി യോജിക്കുന്നവരാണ്. രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായതിനാൽ ഈക്കാര്യത്തിൽ സാങ്കേതികതടസമുണ്ടാവില്ലെന്നാണ് ഇവർ കരുതുന്നത്. ഈ കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റസിഡൻസ് അസോസിയേഷനുകൾ നിവേദനം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ കനിഞ്ഞാൽ മയ്യഴിയുടെ സുവർണകാലം തുടങ്ങും.
ഇതിനായുള്ള കാത്തിരിപ്പിലാണ് ഓരോ മയ്യഴിക്കാരനും മയ്യഴിസെന്റ് തെരെസ പള്ളി ബസേലിക്കയായി ഉയർത്തിയതോടെ ഇവിടേക്കുള്ള തീർത്ഥാടകരും ടൂറിസ്റ്റുകളും വർധിച്ചിട്ടുണ്ട്. ഈ കാര്യവും പ്രതീക്ഷയേകുന്ന ഘടകങ്ങളിലൊന്നാണ് .