കോഴിക്കോട്: പ്രവേശനം നേടാത്ത പ്ലസ്ടു വിദ്യാർത്ഥിനി കോഴിക്കോട് മെഡിക്കൽ കോളജിലെ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസിലിരുന്ന സംഭവത്തിൽ കോഴ്സ് കോർഡിനേറ്ററോടും അദ്ധ്യാപകരോടും പ്രിൻസിപ്പൽ വിശദീകരണം തേടി. മൂന്ന് ദിവസമാണ് ക്ലാസിലിരുന്നതെന്നും അഡ്‌മിറ്റ് കാർഡ് നൽകിയിരുന്നില്ലെന്നും മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ കെ.ജി സജിത് കുമാർ പറഞ്ഞു. രണ്ടാം അലോട്മെന്റിലാണ് വിദ്യാർത്ഥിനി വന്നത്. രാവിലെ കുട്ടികൾ ഒരുമിച്ചുവന്നപ്പോൾ താത്കാലികമായി പേര് എഴുതുകയായിരുന്നുവെന്നും വൈസ് പ്രിൻസിപ്പൽ വ്യക്തമാക്കി.

എം ബി ബി എസ് രണ്ടാം ഘട്ട അലോട്ട്മെന്റില് പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കൊപ്പം നവംബർ 29നാണ് പ്രവേശനം നേടാത്ത കുട്ടിയും ക്ലാസിലെത്തിയത്. നാലു ദിവസം ക്ലാസിലിരുന്നു. വിവരം പുറത്തറിഞ്ഞതിന് പിന്നാലെ വിദ്യാർത്ഥിനിയും ക്ലാസ് വിട്ടു. കോളജ് യൂനിയൻ ഭാരവാഹിയാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. കോഴ്സ് കോർഡിനേറ്ററോടും വകുപ്പ് മേധാവികളോടും ക്ലാസ് അദ്ധ്യാപകനോടും വിശദീകരണം തേടിയ പ്രിൻസിപ്പിൽ ഡി.എം.ഇക്ക് റിപ്പോർട്ടും നൽകി. പൊലീസിനും വിവരം നൽകി. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞമാസം 29ാം തീയതിയാണ് ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസ് തുടങ്ങിയത്. ക്ലാസ് തുടങ്ങിയ ദിവസം മുതൽ നാലുദിവസമാണ് വിദ്യാർത്ഥിനി ക്ലാസിലിരുന്നത്. അഞ്ചാം ദിവസം മുതൽ വിദ്യാർത്ഥിനി ക്ലാസിലെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിനിക്ക് യോഗ്യതയില്ലെന്ന കാര്യം കോളജ് അധികൃതർ മനസിലാക്കുന്നത്.

അതേസമയം,കോളജിന്റെ ഹാജർ ബുക്കിലും കുട്ടിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ പ്രവേശന രജിസ്റ്ററും ഹാജർ ബുക്കും താരതമ്യം ചെയ്തപ്പോഴാണ് വിദ്യാർത്ഥിനിക്ക് യോഗ്യതയില്ലെന്ന് മനസിലാകുന്നത്. എങ്ങനെയാണ് വിദ്യാർത്ഥിനി ക്ലാസിൽ എത്തി എന്നതിനെ കുറിച്ച് കോളജ് അധികൃതർക്കും അറിയില്ല.

പൊലീസ് നടത്തിയ അന്വേഷണത്തിൽ മലപ്പുറം സ്വദേശിനിയാണ് വിദ്യാർത്ഥിനിയെന്ന് കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചെന്ന് വിദ്യാർത്ഥി വാട്സ്ആപ്പിൽ മറ്റുള്ളവർക്ക് സന്ദേശം അയച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്.