കോഴിക്കോട്: മലബാറിലെ പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് സെവന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹൈജാക്ക് ചെയ്‌തെന്ന ആരോപണങ്ങള്‍ക്കിടെ വിഷയത്തില്‍ എന്‍ഐഎ പ്രാഥമിക അന്വേഷണം തുടങ്ങി. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മെക് സെവന്‍ പെട്ടെന്ന് വളര്‍ന്ന് മലബാറില്‍ നിരവധി ശാഖകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ തീവ്രവാദസംഘടനകള്‍ കടന്നുകൂടിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമടക്കം നിജസ്ഥിതി പരിശോധിക്കുന്നത്.

മലബാര്‍ മേഖലയില്‍ മെക് സെവന്‍ പ്രവര്‍ത്തനം വ്യാപകമാകുന്നതായും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. മെക് സെവന് പിന്നില്‍ മതരാഷ്ട്രവാദികളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനന്‍ പ്രതികരിച്ചിരുന്നു. മെക് സെവന്‍ വാട്‌സപ്പ് കൂട്ടായ്മയുടെ അഡ്മിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നവരാണെന്ന് വ്യക്തമായിരുന്നതായി മോഹനന്‍ പറഞ്ഞു. മെക് 7 തുടങ്ങിയത് സദുദ്ദേശ്യത്തോടെയാണെന്നും പിന്നില്‍ തീവ്രവാദസംഘടനകള്‍ കടന്നുകൂടിയെന്നുമായിരുന്നു ആരോപണം.

മെക് സെവനെതിരെ സമസ്ത എ.പി വിഭാഗവും രംഗത്തെത്തിയിരന്നു. മെക് സെവന് പിന്നില്‍ ചതിയെന്നും, അതില്‍ സുന്നികള്‍ പെട്ടുപോകരുതെന്നും സമസ്ത എ.പി വിഭാഗം നേതാവ് പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി പറഞ്ഞു.എന്നാല്‍ ആരോപണം തള്ളുകയാണ് മെക് സെവന്‍ സ്ഥാപകന്‍ സ്വലാഹുദീന്‍. എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്നതാണ് കൂട്ടായ്മ എന്നാണ് വിശദീകരണം.

എന്താണ് മെക് സെവന്‍ കൂട്ടായ്മ

ഇന്ത്യന്‍ പാരാമിലിറ്ററി സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി സലാഹുദ്ദീന്‍ തുടക്കമിട്ട ആരോഗ്യ പ്രസ്ഥാനമാണ് മെക് 7 അഥവാ മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍. സ്വന്തം നാട്ടുകാരുടെ ജീവിതശൈലീരോഗങ്ങള്‍ക്കുള്ള പരിഹാരം എന്ന നിലയില്‍ വ്യായാമ മുറകള്‍ക്കായി സലാഹുദ്ദീന്‍ നാട്ടില്‍ 2012 ലാണ് മെക് സെവന്‍ തുടങ്ങുന്നത്. 2022 മുതല്‍ പുതിയ ശാഖകള്‍ ആരംഭിച്ച മെക് 7 മലബാറില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം യൂണിറ്റുകളായി വളര്‍ന്നു.

ശരീരത്തിനും മനസ്സിനും നവയൗവനം നല്‍കുക' എന്ന മെക് 7 പ്രമേയം എല്ലാ പ്രായക്കാര്‍ക്കിടയിലും പ്രചാരം നേടി. എയ്റോബിക്സ്, ഫിസിയോതെറപ്പി, യോഗ, മെഡിറ്റേഷന്‍, ഫേസ് മസാജ്, അക്യുപ്രഷര്‍, ഡീപ് ബ്രീത്തിങ് തുടങ്ങി ഒരു ദിവസം 20 മിനിറ്റ് മാത്രം വേണ്ടിവരുന്ന 21 വ്യായാമമുറകള്‍ ഉള്‍ക്കൊള്ളുന്നതാണ് മെക് സെവന്‍.

ഓരോ ക്ലബ് അംഗവും താന്‍ പരിശീലിക്കുന്നത് കുടുംബാംഗങ്ങളെയും പരിശീലിപ്പിക്കണം, പക്ഷാഘാതം വന്ന രോഗികളെ സന്ദര്‍ശിക്കുകയും രോഗികളെക്കൊണ്ട് കഴിയുന്ന വ്യായാമം ചെയ്യിപ്പിക്കണം തുടങ്ങി നിരവധി നിര്‌ദേശങ്ങള്‍ കൂട്ടായ്മ നല്കുന്നു. 60 വയസ്സിന് മുകളിലുള്ളവരാണ് കൂട്ടായ്മയില്‍ പ്രധാനമായുള്ളത്.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലീഡറും, ട്രെയിനര്‍മാരായി സ്ത്രീകള്‍ തന്നെയുള്ള വനിതാ യൂണിറ്റുകളും പിന്നാലെ നിലവില്‍ വന്നു. യുഎഇ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലേക്കും മെക് സെവന്‍ വളര്‍ന്നു. വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാഷ്ട്രീയ ഇടപെടലുകളുകളുണ്ടെന്ന വാദം പൂര്‍ണമായും നിഷേധിക്കുകയാണ് മെക് സെവന്‍ അധികൃതര്‍.

വ്യായാമ കൂട്ടായ്മ മാത്രമാണ് മെക് സെവനെന്നും എല്ലാ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും ഇതിലുണ്ടെന്നും കോഴിക്കോട് ചീഫ് കോര്‍ഡിനേറ്റര്‍ ടി.പി.എം. ഹാഷിറലി പറയുന്നു. മെക് സെവന് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടുമാണ് എന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം.

ഒരു വ്യായാമ പദ്ധതിയെന്ന നിലയില്‍ വലിയ സ്വീകാര്യത കിട്ടിയെങ്കിലും ഇതിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിക്കും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനും കയ്യുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം

മെക് സെവന് ചതി ഉണ്ടെന്നും വിശ്വാസികള്‍ പെട്ടുപോകരുതെന്നും എ.പി വിഭാഗം സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി മുന്നറിയിപ്പ് നല്‍കി. മെക് സെവന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണ്. സുന്നി വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. വിശ്വാസികള്‍ ഇത് തിരിച്ചറിയണമെന്നും പേരോട് സഖാഫി പറയുന്നു. മെക് സെവന്‍ പ്രവര്‍ത്തനം സംശയാസ്പദമാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യരൂപമായ എന്‍.ഡി.എഫ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോഴും സമാന രീതിയാണ് പ്രയോഗിച്ചതെന്നും എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂരും ആരോപിച്ചു.

'മുസ്ലിം പോക്കറ്റുകളിലാണ് മെക് സെവന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുസ്ലിം വിശ്വാസികള്‍ക്ക് ബാധകമാകുന്ന ചില പ്രയോഗങ്ങളൊക്കെ ഇവര്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. എന്താണ് ഇവരുടെ സമുദായ താല്‍പര്യമെന്ന് വ്യക്തമാക്കണം. മുമ്പ് കേരളത്തില്‍ എന്‍.ഡി.എഫ് വന്നത് യുവാക്കളെ കളരി അഭ്യസിപ്പിച്ചായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നവരോട് വസ്തുത നിരത്തി മറുപടി പറയുന്നില്ല. മറുപടി പറയാനെത്തുന്നത് ജമാഅത്തെ ഇസ്ലാമിയുടെയും മുന്‍ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരുമാണ്.'- മുഹമ്മദലി കിനാലൂര്‍ പറഞ്ഞു.

അതേസമയം ആരോപണങ്ങളെല്ലാം മെക് സെവന്‍ അംബാസിഡര്‍ ബാവ അറക്കല്‍ നിഷേധിച്ചു. സദുദ്ദേശത്തോടെ മനുഷ്യരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള വ്യായാമ കൂട്ടായ്മ മാത്രമാണ് മെക് സെവന്‍. വളരെ എളുപ്പം ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് മുക്തമാകാന്‍ കഴിയുന്നത് കൊണ്ടും സൗജന്യമായി നല്‍കുന്നതുകൊണ്ടുമാണ് വേഗം പ്രചാരം ലഭിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും മതങ്ങളിലുള്ളവലും മെക് സെവനിന്റെ ഭാഗമാണ്. മലപ്പുറത്ത് പന്ത്രണ്ടോളം ലീഗ് എം.എല്‍.എമാര്‍ മെക്‌സവന്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ബാവ അറക്കല്‍ വ്യക്തമാക്കി.