- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രകാശ് ജോസഫും സുന്ദരമൂര്ത്തിയുമാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്; ആ ഹര്‍ജികളില്‍ ഞാന്‍ കക്ഷിയല്ല; പക്ഷേ വാര്‍ത്ത വായിച്ചാല്‍ തോന്നുക കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ട എന്റെ അപേക്ഷ തള്ളിയെന്നും'; മലബാര്‍ സിമന്റ്‌സ് കേസില്‍ മാധ്യമവേട്ട അവസാനിച്ചിട്ടില്ലെന്ന് വി എം രാധാകൃഷ്ണന്‍
തനിക്കെതിരായ മാധ്യമ വേട്ട അവസാനിച്ചിട്ടില്ലെന്ന് വ്യവസായി വി എം രാധാകൃഷ്ണന്‍
പാലക്കാട്: തനിക്കെതിരായ മാധ്യമ വേട്ട അവസാനിച്ചിട്ടില്ലെന്ന് വ്യവസായി വി എം രാധാകൃഷ്ണന്‍. വിജിലന്‍സ് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരള ഹൈക്കോടതിയോട് ആവശ്യപ്പെട്ട വി. എം.രാധാകൃഷ്ണന്റെ അപേക്ഷ തള്ളിയെന്ന രീതിയില്‍ കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ പത്രങ്ങളില്‍ വന്ന വാര്‍ത്തക്ക് എതിരെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം രംഗത്തെത്തിയത്. 'മലബാര്‍ സിമന്‍സ് അഴിമതിക്കേസ്: പ്രതികള്‍ വിചാരണ നേരിടണം' എന്നവാര്‍ത്തയുടെ കട്ടിങ്ങ് വെച്ചാണ് അദ്ദേഹം പ്രതികരിച്ചത്.
എന്നാല്‍ കുറ്റപത്രം റദ്ദാക്കുവാനുള്ള ഹര്‍ജി ആരും എവിടെയും ഫയല്‍ ചെയ്തിട്ടില്ലെന്നും, കോടതി തള്ളിയത് ഒന്നും രണ്ടു കുറ്റാരോപിതരായ പ്രകാശ് ജോസഫ്, സുന്ദരമൂര്‍ത്തി എന്നിവരുടെ വിടുതല്‍ ഹര്‍ജിയാണെന്നും രാധാകൃഷ്ണന്‍ വിധിപ്പകര്‍പ്പുവെച്ച് വ്യക്തമാക്കുന്നു. ഈ കേസില്‍ താന്‍ കക്ഷിയല്ല. ചില മാധ്യമങ്ങള്‍ പറയുന്നതുപോലെ വടിവേല്‍ എന്നൊരു പ്രതി ഈ കേസിലില്ലെന്നും രാധാകൃഷ്ണന്‍ പറയുന്നു. വിടുതല്‍ ഹരജി നല്‍കാനുള്ള തന്റെ അവകാശം ഇപ്പോഴും നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും മാധ്യമ വേട്ട
പത്രങ്ങളില്‍ കഴിഞ്ഞദിവസം വന്ന വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്-'പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സിലേക്ക് അസംസ്‌കൃതവസ്തുവായ ഫ്ളൈ ആഷ് വിതരണം ചെയ്യുന്നതിനുള്ള കരാര്‍ റദ്ദാക്കിയതിലെ വിജിലന്‍സ് കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. മലബാര്‍ സിമന്റ്‌സ് മാനേജിങ് ഡയറക്ടറായിരുന്ന എം സുന്ദരമൂര്‍ത്തി, ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ്, കരാറെടുത്ത എആര്‍കെ വുഡ് ആന്‍ഡ് മെറ്റല്‍സ് കമ്പനി എംഡി വി എം രാധാകൃഷ്ണന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ വടിവേല്‍ എന്നിവരാണ് വിചാരണ നേരിടേണ്ടത്. വിജിലന്‍സിന്റെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകാശ് ജോസഫും സുന്ദരമൂര്‍ത്തിയും നല്‍കിയ ഹര്‍ജി തള്ളി ജസ്റ്റിസ് എ ബദറുദീന്റേതാണ് ഉത്തരവ്. മൂന്നുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു.''- ഇങ്ങനെയാണ് വാര്‍ത്ത തുടരുന്നത്.
ഇതിനെതിരെയാണ് രാധാകൃഷ്ണന്റെ പ്രതികരണം-'ഈ വാര്‍ത്ത വായിച്ച നിങ്ങള്‍ക്ക് എന്ത് മനസ്സിലായി? വിജിലന്‍സ് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരള ഹൈക്കോടതിയോട് ആവശ്യപ്പെട്ട വി. എം.രാധാകൃഷ്ണന്റെ അപേക്ഷ തള്ളി. ഇനി എന്താണ് നടന്നതെന്ന് നോക്കാം. അതിനായി കോടതി വിധിയുടെ പ്രസക്ത ഭാഗം ഇവിടെ പങ്ക് വക്കുന്നു. കോടതി വിധി 10.7. 2025 നായിരുന്നു.
ഹര്‍ജിക്കാര്‍ ആരൊക്കെ? = ഒന്നും രണ്ടു കുറ്റാരോപിതരായ പ്രകാശ് ജോസഫ്, സുന്ദരമൂര്‍ത്തി.എന്തായിരുന്നു അവരുടെ ആവശ്യം ? തങ്ങള്‍ പ്രതികളായ വിജിലന്‍സ് കേസില്‍ നിന്നും വിടുതല്‍ ആവശ്യപ്പെട്ടുകൊണ് അവര്‍ വിചാരണ കോടതിയെ സമീപിച്ചു. വിചാരണ കോടതി അപേക്ഷ തള്ളി. അതിനെതിരെ അവര്‍ റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. മേല്‍ ഹര്‍ജികളില്‍ വി.എം. രാധാകൃഷ്ണന്‍ കക്ഷിയാണൊ ? അല്ല. ഹൈക്കോടതി വിധി പറഞ്ഞത് ആരുടെ ഹര്‍ജിയില്‍ ? ഒന്നും രണ്ടും കക്ഷികളുടെ ഹര്‍ജികളിന്മേല്‍.
ഈ കേസുമായി ബന്ധപ്പെട്ട് വിടുതല്‍ ഹര്‍ജിയുമായി വി.എം. രാധാകൃഷ്ണന്‍ കോടതികളെ സമീപിച്ചിരുന്നുവോ? ഇല്ല. മേല്‍ കേസ് എഴുതിത്തള്ളണമെന്നോ കുറ്റപത്രം റദ്ദാക്കണമെന്നോ ആവശ്യപ്പെട്ടുകൊണ്ട് ആരെങ്കിലും ഏതെങ്കിലും കോടതിയെ സമീപിച്ചിരുന്നുവോ? ഇല്ല. അങ്ങിനെയിരിക്കെ, മേല്‍ വാര്‍ത്തകളില്‍ വി.എം. രാധാകൃഷ്ണനെ എങ്ങിനെ പ്രധാന താരമാക്കി? ങ്ങാ ... ആര്‍ക്കറിയാം.''- ഇങ്ങനെയാണ് വി എം രാധാകൃഷ്ണന്‍ കുറിച്ചത്.
'ഇല്ല, സൂര്‍ത്തുക്കളെ, മാധ്യമവേട്ട അവസാനിച്ചിട്ടില്ല. അവര്‍ സജീവമായി പുറകെയുണ്ട്. അവസരങ്ങള്‍ സൃഷ്ടിക്കാനായി, വാര്‍ത്തകള്‍ മെനയാനായി നിതാന്ത ജാഗ്രതയോടെ അവര്‍ എനിക്കൊപ്പമുണ്ട്. വാര്‍ത്തയില്‍ പരിഭവം പ്രകടിപ്പിക്കാനല്ല, വാര്‍ത്തയുടെ പിന്നാമ്പുറം പറയാനുള്ള എന്റെ അവകാശം ഉപയോഗപ്പെടുത്തിയതാണ്.'' വി എം രാധാകൃഷ്ണന്‍ വ്യക്തമാക്കി.

തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു
നേരത്തെ 'മറുനാടന്‍ മലയാളി' നടത്തിയ അഭിമുഖത്തില്‍ വി എം രാധാകൃഷ്ണന്‍ തന്റെ പേരിലുള്ള അഴിമതി സംബന്ധിച്ച് ഒരു രേഖയെങ്കിലും ഹാജരാക്കാന്‍ മാധ്യമങ്ങളെ വെല്ലുവിളിച്ചിരുന്നു. 'എന്നെ വിവാദ വ്യവസായി എന്ന് വിളിക്കുന്നതും എന്തിനാണെന്ന് മനസ്സിലാവുന്നില്ല. വെല്ലുവിളിക്കുന്നു, ഞാന്‍ മൂലം ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഒരു രുപപോലും, നഷ്ടമുണ്ടായി എന്ന് രേഖകള്‍ സഹിതം ബോധ്യപ്പെടുത്താന്‍, മാധ്യമങ്ങളോ വിജിലന്‍സ് ഉദ്യോഗസ്ഥരോ, മറ്റാരെങ്കിലുമോ മുന്നോട്ട് വരട്ടെ. എന്റെ സര്‍വ സ്വത്തുക്കളും അവര്‍ക്ക് എഴുതിക്കൊടുക്കും. ഞാന്‍ നല്‍കിയതിനേക്കാളും, ഒരു രൂപ കുറച്ച് അതിന് മുമ്പോ പിമ്പോ മലബാര്‍ സിമന്റ്‌സില്‍ നിന്ന് ഞാന്‍ നല്‍കിയ ഒരു ഉല്‍പ്പന്നം വാങ്ങാന്‍ കഴിഞ്ഞെങ്കില്‍, അതിന്റെ രേഖ ഹാജരാക്കാന്‍ വെല്ലുവിളിക്കുന്നു''- വി എം രാധാകൃഷ്ണന്‍ മറുനാടന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
'2004 മുതല്‍ 2010വരെയുള്ള കാലയളവില്‍ മലബാര്‍ സിമന്റ്‌സില്‍ നിന്ന് 400-500 കോടിരൂപയുടെ അഴിമതി നടന്നുവെന്നൊക്കെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അക്കാലത്ത് മലബാര്‍ സിമന്റ്‌സിന്റെ, അസംസ്‌കൃത വസ്തുക്കളുടെ വാങ്ങല്‍, ഒരു വര്‍ഷം ശരാശരി 70 കോടി രൂപയാണ്. അഞ്ചുവര്‍ഷം കൊണ്ട് വാങ്ങാവുന്നത് 350 കോടി രൂപയാണ്. 350 കോടി രൂപയുടെ പര്‍ച്ചേസ് നടക്കുമ്പോള്‍, 400-500 കോടിയുടെ അഴിമതി നടത്തുക സാധ്യമാണോ? എനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍, അതില്‍ മൊത്തം അഴിമതി 23 കോടിയായി. 400-500 കോടി ആവിയായി.
മലബാര്‍ സിമന്റ്‌സില്‍ മൂന്ന് കരാറുമായി ബന്ധപ്പെട്ടാണ്, എനിക്കെതിരെ വിജിലന്‍സ് കേസും കുറ്റപത്ര സമര്‍പ്പണവും ഉണ്ടായത്. ചുണ്ണാമ്പു ഖനി പാട്ടത്തിനെടുത്തതാണ് ഒരു കേസ്. ഫിറോസ് മുഹമ്മദ് എന്ന തമിഴ്‌നാട്ടുകാരന്റെ ചുണ്ണാമ്പുഖനിയാണ് പാട്ടത്തിനെടുത്തത്. രണ്ടു ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരും, ഒരു മൈനിങ് എക്‌സ്ട്രാക്ഷന്‍ കരാറും, പാട്ടത്തിനെടുത്ത ഭുവുടമയുമായുള്ള കരാറുമാണ് അത്. അതില്‍ ഭൂവുടമക്ക് ഒരു ബാങ്ക് ഗ്യാരണ്ടി ലഭിക്കുന്നതിനായി, ഒരു പങ്കാളിത്ത ഉടമ്പടി ഒപ്പിട്ടു എന്ന പേരില്‍ എന്നെയും സമര്‍ത്ഥമായി ഇവര്‍ പ്രതിചേര്‍ത്തു. മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടിയ വിലയില്‍ വാങ്ങിയതിനാല്‍ 25ലക്ഷം രൂപ കമ്പനിക്ക് നഷ്ടപ്പെട്ടുവെന്നാണ് വിജിലന്‍സ് ആരോപണം.
621 രൂപക്കാണ് നേരത്തെ വാങ്ങിക്കൊണ്ടിരുന്നത് എന്നാണ് ഇവര്‍ പറയുന്നത്. അതില്‍ കൂടുതല്‍ വിലയ്ക്കാണ് ഈ പാട്ടക്കരാറിന്റെ ഭാഗമായി വാങ്ങിയത് എന്നാണ് ആരോപണം. വാസ്തവത്തില്‍ അവര്‍ തന്നെ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം, നേരത്തെ വാങ്ങിയതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് പാട്ടക്കരാര്‍ വഴി വാങ്ങിയതെന്ന് വ്യക്തമാണ്. ഭൂമുടമസ്ഥന്‍ ഞാനല്ല, ട്രാന്‍സ്‌പോര്‍ട്ട് കാരറുകള്‍ ഒന്നും എനിക്കല്ല. കല്ലുകുഴിച്ചെടുക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടത് ഞാനല്ല. ഇതുമായി ഒന്നും ബന്ധമില്ലാത്ത എന്നെ പാലക്കാട്ടെ, ഒരു ബാങ്കില്‍നിന്ന് ബാങ്ക് ഗ്യാരണ്ടി എടുത്തുകൊടുക്കാന്‍ സഹായിച്ചു എന്നതിന്റെ പേരില്‍, പ്രതിചേര്‍ത്തു. നഷ്ടമില്ലാത്ത ഒരു കരാര്‍ നഷ്ടത്തിലാണ് എന്ന് വരുത്തിത്തീര്‍ത്തു. ഞാന്‍ വെല്ലുവിളിക്കുന്നു, ഇതിനേക്കാള്‍ കുറഞ്ഞ വിലയിലാണ് മലബാര്‍ സിമന്റ്‌സ് നേരത്തെ വാങ്ങിയത് എന്ന് തെളിയിക്കാന്‍. രേഖകള്‍ മറച്ചുവെച്ചും മൂടിവെച്ചും ആര്‍ക്കെതിരെയും, കേസുണ്ടാക്കാന്‍ പറ്റിയ സ്ഥലമാണ് കേരളം.''- വി എം രാധാകൃഷ്ണന്‍ അന്ന് തുറന്നടിച്ചത് ഇങ്ങനെയാണ്. ഈ നിലപാടില്‍ അദ്ദേഹം ഇന്നും ഉറച്ചുനില്‍ക്കയാണ്.