- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമ പ്രവർത്തകർ കടക്കുപുറത്ത്! കണ്ണൂരിൽ ആദിവാസി -ദളിത് വിഭാഗക്കാരുമായി മുഖ്യമന്ത്രി നടത്തിയ മുഖാമുഖത്തിൽ വിലക്ക്; എന്തെല്ലാം എഴുതിയിട്ടും ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റം കണ്ടല്ലോ എന്ന് മുഖ്യമന്ത്രിയുടെ പരിഹാസവും
കണ്ണൂർ: നവകേരള സദസ്സിന്റെ തുടർച്ചയായി ആദിവാസി, ദളിത് മേഖലയിലുള്ളവരുമായി മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയിൽ മാധ്യമ പ്രവർത്തകർക്ക് വിലക്ക്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടൻ മാധ്യമ പ്രവർത്തകരോട് പോകാൻ ആവശ്യപ്പെടുകയായിരുന്നു.
ആദിവാസി, ദളിത് വിഭാഗങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട് എത്തിയവരാണ് മുഖ്യമന്ത്രിയുമായി സംവദിച്ചത്. ഇവരിൽ ചിലർ ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് മാധ്യമ പ്രവർത്തകർ പുറത്തുപോകണമെന്ന് പരിപാടിയുടെ അവതാരകൻ മൈക്കിലൂടെ അഭ്യർത്ഥിച്ചത്.
പട്ടയം ലഭിക്കാത്തതും, വന്യജീവി ശല്യം നേരിടുന്നതും, ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതും ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യം ലഭിക്കാത്തതും, ഉൾപ്പെടെയുള്ള പ്രശ്നങ്ങളായിരുന്നു തുടക്കത്തിൽ സംസാരിച്ചവർ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിനിടയിലായിരുന്നു മാധ്യമ പ്രവർത്തകർ ഹാളിൽനിന്നു പുറത്തു പോകണമെന്ന് അനൗൺസ്മെന്റ് വന്നത്. മുൻകൂട്ടി എഴുതി നൽകിയ ചോദ്യങ്ങളാണ് ചോദിക്കാൻ അനുവദിച്ചത്.
നേരത്തെ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്കെതിരെ ഒരു പ്രമുഖ ദിനപത്രം നൽകിയ വാർത്തയ്ക്കെതിരെയാണ് പിണറായി വിജയൻ രംഗത്തെത്തിയത്. 'മുഖ്യമന്ത്രിയുടെ മുഖാമുഖം: ആളെക്കൂട്ടാൻ പെടാപാട്' എന്നാണ് ഇന്നത്തെ പത്രത്തിൽ വാർത്ത നൽകിയിരുന്നത്. ആളെക്കൂട്ടാനല്ല ആളെക്കുറയ്ക്കാനാണ് പാടുപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലല്ല ജനങ്ങൾ കാര്യങ്ങളെ കാണുന്നത്. വിവേചന ബുദ്ധി ജനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണം. എന്തെല്ലാം എഴുതിയിട്ടും ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റം കണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞദിവസം എറണാകുളത്ത് നവകേരള സ്ത്രീ സദസുമായി ബന്ധപ്പെട്ടു നടന്ന മുഖാമുഖം പരിപാടിയിൽ ആളെക്കൂട്ടാൻ പാടുപെടുന്നുവെന്നാണ് ഒരു പ്രമുഖ പത്രം നൽകിയ വാർത്ത. ഒരു ഹാളിൽ ആളെ കൂട്ടാൻ ഒരു പ്രയാസവും ഇല്ലെന്ന് എഴുതിയ ആൾക്കറിയാം.പക്ഷെ അവരെക്കൊണ്ട് മാനേജ്മെന്റ് എഴുതിപ്പിക്കുകയാണ് നിങ്ങൾ എന്തെഴുതിയാലും ജനങ്ങൾക്ക് വിവേചന ബുദ്ധിയുണ്ട്. ഇതെല്ലാം എഴുതിയിട്ടും തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടു ഫലം നാം ഇന്നലെ കണ്ടു.
മാധ്യമങ്ങൾക്ക് എതിരെ പറയേണ്ടി വരുന്നത് വസ്തുതാപരമല്ലാത്ത വാർത്തകൾ കാണുന്നതുകൊണ്ടാണ്. നന്നാവില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മന്ത്രിമാരായ കെ.രാജൻ, കെ. രാധാകൃഷ്ണൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കലക്ടർ അരുൺ കെ. വിജയൻ ആദിവാസി ഊരു മൂപ്പൻ ചെറുവയൽ രാമൻ തുടങ്ങിയവർ പങ്കെടുത്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്