- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സമവായ നീക്കങ്ങൾ തകൃതി; കർദ്ദിനാൾ ക്ലിമിസ് കാതോലിക്ക ബാവയുടെ സാന്നിധ്യത്തിൽ സമര സമിതിയുമായി ചീഫ് സെക്രട്ടറിയുടെ ചർച്ച; മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാതോലിക്ക ബാവ; സംഘർഷം അരുതെന്ന് പൊതുധാരണ; ചർച്ചകൾക്കായി മധ്യസ്ഥരുടെ കോർഗ്രൂപ്പ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇനിയൊരു സംഘർഷം ഒഴിവാക്കാൻ പൊതുധാരണ. സമരം ഒത്തുതീർപ്പാക്കാൻ സമവായ നീക്കങ്ങൾ സജീവമായി. കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി ലത്തിൻ അതിരൂപത ആർച്ച് ബിഷപ്പും സമരസമിതി നേതാക്കളുമായി ചർച്ച നടത്തിയതിന് പിന്നാലെ കാതോലിക്ക ബാവ മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ മുൻകെ എടുത്താണ് ചീഫ് സെക്രട്ടറിയും ലത്തീൻ രൂപതയും തമ്മിലെ ചർച്ചക്ക് കളമൊരുക്കിയത്. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരെ എന്നിവർ ചർച്ചക്കെത്തി.
ഇനിയൊരു സംഘർഷം ഒഴിവാക്കണമെന്നാണ് പൊതുവിലുണ്ടായ ധാരണ. തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിലേക്ക് സമരസമിതി നിർദ്ദേശിക്കുന്ന ഒരാളെ കൂടി അംഗമാക്കണമെന്ന ഒത്തുതീർപ്പ് നിർദ്ദശം പരിഗണനയിലാണ്. ആർച്ച് ബിഷപ്പ് അടക്കമുള്ളവർക്കെതിരായ കേസും പ്രശ്‌നമാണ്. തീരത്തെ സംഘർഷത്തിലും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് ഉടൻ പൊലീസ് കടക്കാനിടയില്ല.
അതേസമയം തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന തർക്ക വിഷയത്തിൽ ധാരണയായിട്ടില്ല. അടുത്തഘട്ടത്തിൽ മുഖ്യമന്ത്രി നേരിട്ട് സമരസമിതിയുമായി സംസാരിക്കുന്ന നിലയിലെക്കെത്തിക്കാനാണ് മധ്യസ്ഥരുടെ നീക്കം. മാറാട് മോഡലിൽ ഗാന്ധിസ്മാരകനിധിയും ഒത്തുതീർപ്പിന് ഇറങ്ങുകയാണ്. ചർച്ചകൾക്കായി കോർ ഗ്രൂപ്പ് ഉണ്ടാക്കി. ഗാന്ധിസ്മാരകനിധി ചെയർമാൻ എൻ രാധാകൃഷ്ണൻ, ജസ്റ്റിസ് ഹരിഹരൻ നായർ, ടി പി ശ്രീനിവാസൻ, ജോർജ്ജ് ഓണക്കൂർ എന്നിവരാണ് കോർ ഗ്രൂപ്പിലുള്ളത്.
വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രസേനയെ കൊണ്ടുവരാനുള്ള നീക്കത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. കേന്ദ്രസേനയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടത് സർക്കാരല്ലെന്നും അദാനി കമ്പനിയാണെന്നുമാണ് പരസ്യനിലപാട് . എത്ര എതിർപ്പുണ്ടായാലും വിഴിഞ്ഞ പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെ കടുത്ത നിലപാട്. പദ്ധതിക്കെതിരെ പ്രാദേശികമായും സഭാ തലത്തിലും വരും നാളുകളിൽ പ്രതിഷേധം കടുക്കാനും സാധ്യതയുണ്ട്. അതുകൂടി മുന്നിൽക്കണ്ടാണ് കേന്ദ്രസേനയെ ഇറക്കാൻ സർക്കാരും ഒരുങ്ങുന്നത്.
ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ നാളെയും ആർച്ച് ബിഷപ്പിന്റെ സർക്കുലർ വായിക്കും. കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷത്തിന് പിന്നിലെ സാഹചര്യം വിശദീകരിച്ചാണ് സർക്കുലർ. പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് സർക്കുലറിലെ വിമർശനം. സർക്കാരിന്റെ നിസംഗ മനോഭാവം പ്രതിഷേധാർഹമാണ്. അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നു. സമരത്തിന്റെ പേരിൽ സംഘർഷം ആഗ്രഹിക്കുന്നില്ല. സമാധാനാന്തരീക്ഷം ഉറപ്പുവരുത്താൻ സർക്കാർ മുൻകൈ എടുക്കണമെന്നും സർക്കുലറിലുണ്ട്. തുറമുഖ നിർമ്മാണം സ്ഥിരമായി നിർത്തിവയ്ക്കണം എന്നാവശ്യപ്പെടുന്നില്ല. നിർമ്മാണം നിർത്തിവച്ചുള്ള പഠനമാണ് ആവശ്യപ്പെടുന്നതെന്നും സർക്കുലറിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ