- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വയറുവേദനയ്ക്ക് ചികിൽസ തേടിയ കർഷകന്റെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഓപ്പറേഷൻ നടത്തി; മൂത്രം തുടർച്ചയായി പോകുന്ന അവസ്ഥ വന്നപ്പോൾ വീണ്ടും ഓപ്പറേഷൻ; രണ്ടും പരാജയം; അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളജും ഡോക്ടറും ചേർന്ന് 8.25 ലക്ഷം നൽകാൻ ഉപഭോക്തൃ ഫോറത്തിന്റെ വിധി
പത്തനംതിട്ട: വയറു വേദനയ്ക്ക് ചികിൽസ തേടിയ കർഷകന്റെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ശസ്ത്രക്രിയകൾ നടത്തുകയും അത് പരാജയപ്പെടുകയും ചെയ്തുവെന്ന പരാതിയിൽ അടൂർ മൗണ്ട് സിയോൻ ആശുപത്രി മാനേജുമെന്റും ഡോക്ടറും ചേർന്ന് രോഗിക്ക് 8.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധി.
ഏഴകുളം പാറയിൽ വീട്ടിൽ സത്യാനന്ദൻ ഫയൽ ചെയ്ത കേസിലാണ് ആശുപത്രിക്കും ശസ്ത്രക്രിയ നടത്തിയ ഡോ. നവീൻ ക്രിസ്റ്റഫറിനെതിരെയും വിധി ഉണ്ടായത്. വയറു വേദനയുമായിട്ടാണ് സത്യാനന്ദൻ ആശുപത്രിയിൽ ചികിത്സ തേടിയത്. യൂറോളജിസ്റ്റായ ഡോ. നവീൻ ക്രിസ്റ്റഫർ പരിശോധന നടത്തി പ്രോസ്റ്റേറ്റ് ഗ്ലാൻഡിന് വലിപ്പം കൂടിയിട്ടുള്ളതിനാൽ ഉടനെ തന്നെ ഓപ്പറേഷൻ നടത്തണമെന്ന് പറഞ്ഞു. വേണ്ടത്ര പരിശോധന കൂടാതെ തിടുക്കപ്പെട്ട് നടത്തിയ ഓപ്പറേഷൻ കാരണം മൂത്രം തുടർച്ചയായി പോകുന്ന അവസ്ഥയായി.
ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ ഡോക്ടർ ഒരു ഓപ്പറേഷൻ കൂടി നടത്തി. ഇതോടെ മൂത്രം പോകുന്നത് സാധാരണ നിലയിലാകുമെന്നും പറഞ്ഞു. എന്നാൽ രണ്ടാമത് നടത്തിയ ഓപ്പറേഷനും ഫലം കണ്ടില്ല. തുടർച്ചയായി നടത്തിയ രണ്ട് ഓപ്പറേഷനകളും പരാജയപ്പെട്ടതിനാൽ ഡോക്ടറും ആശുപ്രതി അധികൃതരും സത്യാനന്ദനോട് വിദഗ്ദ്ധ ചികിത്സക്കു വേണ്ടി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോകാൻ നിർദ്ദേശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ വേണു ഗോപാലുമായി ചർച്ച ചെയ്തു.
മൗണ്ട് സിയോണിൽ നടത്തിയ രണ്ട് ഓപ്പറേഷനും പരാജയമാണെന്നും ഇനിയും ഒന്നു കൂടി നടത്തി കൃത്രിമ അവയവം വച്ചു പിടിപ്പിച്ചെങ്കിൽ മാത്രമേ പൂർവ സ്ഥിതിയിൽ ആകുകയുള്ളൂവെന്നും ഇതിന് എട്ട് ലക്ഷം രൂപ ചെലവാകുമെന്നും അറിയിച്ചു. കൃഷിക്കാരനായ തനിക്ക് ഈ ഓപ്പറേഷൻ നടത്താൻ സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ ഇപ്പോഴും മൂത്രം പോകാൻ ട്യൂബ് ഇട്ടിരിക്കുകയും സഞ്ചി നിറയുമ്പോൾ മാറ്റി കളയുകയുമാണ് ചെയ്യുന്നതെന്നും കാണിച്ച് മൗണ്ട് സിയോൺ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നൽകിയ
പരാതിയിലാണ് വിധി.
ഇരു ഭാഗത്തിന്റെയും തെളിവുകളും മൊഴികളും പരിശോധിച്ചാണ് ഫോറം വിധി പ്രഖ്യാപിച്ചത്. വിചാരണ വേളയിൽ പത്തനംതിട്ട ഡി.എം.ഒയുടെ അന്വേഷണ റിപ്പോർട്ടും സത്യാനന്ദൻ ഹാജരാക്കി. ഡോക്ടർക്ക് വേണ്ടത്ര യോഗ്യത ഇല്ലായെന്നും പരിശോധനകൾ കൂടാതെയാണ് ഓപ്പറേഷൻ നടത്തിയതെന്നും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. വയറിൽ വേദനയുമായി ആശുപത്രിയിൽ പോയ കൃഷിക്കാരന് ഡോക്ടറുടെ അനാസ്ഥയും ആശുപത്രിയുടെ ഗുരുതരമായ വീഴ്ചയും കൊണ്ടാണ് രണ്ട് ഓപ്പറേഷൻ നടത്തേണ്ടിയും ജീവിതകാലം മുഴുവൻ ദുരിതപൂർണമായ ജീവിതം തുടരേണ്ടിയും വന്നതെന്നുമാണ് കമ്മിഷൻ കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടർ മാത്രം നാലു ലക്ഷം രൂപയും ഡോക്ടറും ആശുപത്രിയും ചേർന്ന് നാലുലക്ഷം രൂപയും കോടതി ചെലവിലേക്കായി 25,000 രൂപയും കൊടുക്കാൻ കമ്മിഷൻ ഉത്തരവിട്ടു. ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.