പത്തനംതിട്ട: സംസ്ഥാന സർക്കാർ ജീവനക്കാർക്കായി ആവിഷ്‌കരിച്ചിരിക്കുന്ന മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ചികിൽസ നിഷേധിക്കുന്ന ആശുപത്രികൾക്കെതിരേ സർക്കാരിന് നിയമനടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് വിവരാവകാശരേഖ. വിവരാവകാശ പ്രവർത്തകൻ വലഞ്ചുഴി കല്ലറക്കടവ് കാർത്തികയിൽ ബി. മനോജിന് ധനകാര്യവകുപ്പിൽ നിന്ന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14 വരെ മെഡിസെപ്പിൽ അംഗമായവരുടെ എണ്ണം 5,50,097 ആണ്.

പദ്ധതി നടത്തിപ്പിന് സർക്കാർ കരാറിൽ ഏർപ്പെട്ടിരിക്കുന്നത് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായിട്ടാണ്. കരാറിലെ വിശദാംശങ്ങൾ നൽകാൻ വിവരാവകാശ നിയമത്തിലെ ചട്ടം 8(10(ഇ) പ്രകാരം വിവരാവകാശ ഉദ്യോഗസ്ഥൻ തയാറായിട്ടില്ല. ജീവനക്കാരിൽ നിന്ന് 6000 രൂപയാണ് പ്രതിവർഷ പ്രീമിയം ആയി വാങ്ങുന്നത്. ഇതിൽ ജി.എസ്.ടി (18 ശതമാനം) സഹിതം 5664 രൂപ ഇൻഷുറൻസ് കമ്പനിക്ക് നൽകും.

ശേഷിക്കുന്ന 336 രൂപ അവയവമാറ്റ ശസ്ത്രക്രിയകൾക്കായി (കറ്റാസ്ട്രോഫിക് പാക്കേജ്) മൂന്നു വർഷത്തേക്ക് നീക്കി വച്ചിരിക്കുന്ന കോർപ്പസ് ഫണ്ട് തീരുന്ന മുറയ്ക്ക് മുറയ്ക്ക് പ്രസ്തുത പാക്കേജിൽ ഉൾപ്പെട്ട ചികിൽസകൾക്ക് തടസം വരാതെ തുടർ ചികിത്സയ്ക്ക് ഉതകുന്ന ഒരു ബഫർ ഫണ്ടായി സൂക്ഷിക്കുന്നുവെന്നാണ് മറുപടി. നിലവിൽ ഒമ്പതു കോടി രൂപ ഈ ഫണ്ടിൽ അവശേഷിക്കുന്നു.

പദ്ധതിയിൽ അംഗങ്ങളായവരുടെ പ്രതിവർഷ പ്രീമിയം കണക്കാക്കി സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് നൽകുന്ന ആകെ തുകയിൽ നിന്നും , ഇൻഷുറൻസ് കമ്പനിയാണ് ധാരണാപത്രത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി 35 കോടിയിൽ കുറയാത്ത തുക (കോർപ്പസ് ഫണ്ട്) അവയവമാറ്റ ശസ്ത്രക്രിയകൾക്കായി (കറ്റാസ്ട്രോഫിക് പാക്കേജ്) മൂന്നു വർഷത്തെ പോളിസി കാലയളവിലേക്ക് മാറ്റി വയ്ക്കേണ്ടത്. പദ്ധതി സംബന്ധിച്ച കഴിഞ്ഞ ഫെബ്രുവരി 14 വരെ 325 പരാതികൾ ലഭിച്ചു. അതിൽ 192 എണ്ണം ഇനിയും തീർപ്പാകാനുണ്ടെന്ന് വിവരാവകാശ രേഖ പറയുന്നു.