കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദം കത്തി നില്‍ക്കെയാണ് ഏഴ് പേര്‍ക്കെതിരെ പരാതിയുമായി നടി മീനു മുനീര്‍ രംഗത്തുവന്നത്. ഇക്കൂട്ടത്തിലാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെതിരെയും ഇവര്‍ ആക്ഷേപം ചൊരിഞ്ഞത്. സംവിധായകനെ ഭീഷണിപ്പെടുത്തി ബ്ലാക്‌മെയില്‍ ചെയ്യാന്‍ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ രംഗപ്രവേശം. എന്നാല്‍, പോലീസ് അന്വേഷണത്തില്‍ എല്ലാം പൊളിഞ്ഞതോടെ വാദി പ്രതിയായി മാറുന്നതാണ് കേരളം കണ്ടത്. ബാലചന്ദ്ര മേനോന്‍ തനിക്കുണ്ടായ മാനഹാനിക്കെതിരെ നിയമവഴി തേടിയതോടെയാണ് നടി അറസ്റ്റിലായത്.

നടന്‍ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ബാലചന്ദ്രമേനോനെ സിനിമാരംഗക്കെ ഏഴ് പേര്‍ക്കെതിരെ മിനു ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ചിരുന്നു. ബാലചന്ദ്രമേനോനെതിരെ മിനു മുനീര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ ലൈംഗിക അതിക്രമ കേസിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നല്‍കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദം കത്തി നില്‍ക്കെയാണ് നടന്മാരായ മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ നടി മിനു മുനീര്‍ ആദ്യം പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. പിന്നീടാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ രംഗത്ത് വരുന്നത്. 2007 ജനുവരിയില്‍ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു പരാതി.

2007ല്‍ തന്റെ മുറിയില്‍ വെച്ച് ഗ്രൂപ്പ് സെക്സ് കാണാന്‍ ബാലചന്ദ്ര മേനോന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് മുനീര്‍ ആരോപിച്ചിരുന്നു. പലതവണ താന്‍ വളരെ മോശമായ വൈകൃതമായ സ്വഭാവം ബാലചന്ദ്രമേനോനില്‍ കണ്ടിട്ടുണ്ട് . എന്നാല്‍ തനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞപ്പോള്‍ അയാള്‍ തന്നെ നിര്‍ബന്ധിക്കുകയും ഒന്നും ചെയ്തിട്ടില്ല. പക്ഷേ സിനിമയുടെ സെറ്റില്‍ വിളിച്ചു തന്നോട് ചെയ്തത് തനിക്ക് അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ആയിരുന്നു ഇയാളുടെ മുഖത്ത് ഒരു അടി അടിച്ചിട്ട് ഇറങ്ങിപ്പോന്നാലോ എന്ന് പോലും കരുതിയതാണെന്നുമാണ് ഇവര്‍ പറഞ്ഞത്.

അതേസമയം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അപകീര്‍ത്തി പരാതിയുമായി രംഗത്തുവന്ന നടിക്കെതിരെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ കേസും മുനീറിനെതിരെ ചുമത്തിയിരുന്നു. പരാതി ഉന്നയിച്ച് കേസ് നല്‍കിയ ശേഷം പണം വാഗ്ദാനം ചെയ്തതുള്‍പ്പെടെ ഒത്തുതീര്‍പ്പിനായി ചര്‍ച്ചകള്‍ക്കായി വ്യക്തികളില്‍ നിന്ന് ഒന്നിലധികം കോളുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മിനു അവകാശപ്പെട്ടിരുന്നു. വാവിട്ട വാക്കുകള്‍ തിരിഞ്ഞു കുത്തുന്ന അവസ്ഥ വന്നതോടെ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നടി മുന്‍കൂര്‍ ജാമ്യാപേക്ഷും നല്കുയിരുന്നു.