തിരുവനന്തപുരം: മേഘനാഥന്‍ എന്ന നടനെ മലയാളി പ്രേക്ഷകര്‍ അംഗീകരിച്ചെങ്കിലും മലയാളിക്കെന്നും അദ്ദേഹം ബാലന്‍ കെ നായരുടെ മകനാണ്. നടനെ തിരിച്ചറിയാനാവണം അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ പലപ്പോഴും പ്രേക്ഷകര്‍ ബാലന്‍ കെ നായരുടെ മകന്‍ മേഘനാഥന്‍ എന്നാണ് പറയാറ്. ഞാന്‍ എപ്പോഴും അറിയപ്പെടുന്നത് ബാലന്‍ കെ. നായരുടെ മകനായിട്ടാണെന്നും അച്ഛന്‍ മരിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും അദ്ദേഹം ഓര്‍മിക്കപ്പെടുന്നുവെന്നതില്‍ വളരെയധികം സന്തോഷവുമുണ്ടെന്നും മുന്‍പൊരഭിമുഖത്തില്‍ മേഘനാഥന്‍ പറഞ്ഞിരുന്നു.

ഇന്ന് പുലര്‍ച്ചെ മേഘനാഥന്റെ മരണവാര്‍ത്തയെത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സിനിമാപ്രേക്ഷകരുള്‍പ്പടെ ഞെട്ടുകയായിരുന്നു.

കാരണം ചെയ്ത വേഷങ്ങള്‍ ഒക്കെ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും വലിയ തിരക്കുള്ള നടനായിരുന്നില്ല മേഘനാഥന്‍. നമ്മള്‍ അണ്ടര്‍ റേറ്റഡ് നടന്മാരെന്നൊക്കെ പലപ്പോഴും പ്രയോഗിക്കുമെങ്കിലും മേഘനാഥന്റെ കാര്യത്തില്‍ അത് പരിപൂര്‍ണ്ണമായും ശരിയായിരുന്നു. ശരിക്കും വേണ്ട വിധത്തില്‍ ഉപയോഗിക്കപ്പെടാത്ത നടന്‍ തന്നെയായിരുന്നു അദ്ദേഹം. സമീപകാലത്താണ് കുറച്ചുകൂടി സജീവമായിത്തുടങ്ങിയത് അപ്പോഴേക്കും വിധി മറ്റൊന്നായി.

ആദ്യവാഹനമായി ട്രാക്ടര്‍ സ്വന്തമാക്കിയ നടന്‍.. മേഘനാഥന്‍ എന്ന കര്‍ഷകന്‍

സിനിമയില്‍ പേരെടുത്ത ഒരു താരം ആദ്യ വാഹനമായി ട്രാക്ടര്‍ സ്വന്തമാക്കിയെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ.. സംഭവം പക്ഷെ സത്യമാണ്. മേഘനാഥന്‍ ആയിരുന്നു അറിയപ്പെടാത്ത അ കര്‍ഷകന്‍. അച്ഛന്റെ സിനിമാ ലോകത്തെക്കാള്‍ കുട്ടിക്കാലത്ത് മേഘനാഥന്‍ കണ്ടത് അമ്മയ്ക്ക് പാരമ്പര്യമായി കിട്ടിയ നെല്‍വയലിലെ കൃഷിയായിരുന്നു. അതിനുപിന്നിലെ രസകരമായ കഥ ഒരിക്കല്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്.. 'കുട്ടിക്കാലത്ത് ഷൊര്‍ണൂരാണ് ഞാന്‍ പഠിച്ചത്.ആ സമയത്ത് ഞാന്‍ നന്നായി പഠിക്കുന്നതുകൊണ്ട് അച്ഛന് തോന്നി ഞാന്‍ ഇവിടെ നിന്നാല്‍ ശരിയാവില്ലെന്ന്.അങ്ങിനെ അച്ഛന്‍ ചെന്നൈയിലും ഞാനും അമ്മയും ഷോര്‍ണൂരിലുമായിരുന്നു.

അമ്മയുടെ വീട് ഷൊര്‍ണൂരെ വാടാനംകുറിശ്ശിയാണ്. അച്ഛന്റെ വീട് കോഴിക്കോടും. അമ്മയുടെ അമ്മയ്ക്ക് അസുഖമായ സമയത്താണ് ഞങ്ങള്‍ ഷൊര്‍ണൂരിലേയ്ക്ക് മാറുന്നത്. അതിനുശേഷം പഠിച്ചതും വളര്‍ന്നതുമെല്ലാം ഷൊര്‍ണൂരാണ്. എന്റെ അമ്മയ്ക്ക് പാരമ്പര്യമായി കിട്ടിയ വയലുകളുണ്ടായിരുന്നു. നെല്‍കൃഷിയാണ് പ്രധാനമായും ഉണ്ടായിരുന്നത്. പിന്നെ കുറച്ച് റബ്ബറും തെങ്ങും കവുങ്ങും കുരുമുളകും എല്ലാം ഞങ്ങളവിടെ കൃഷി ചെയ്യുന്നുണ്ടായിരുന്നു. കുട്ടിക്കാലം മുതലേ ഞാന്‍ കൃഷി കണ്ടുവളര്‍ന്നതാണ്. സമയം കിട്ടുമ്പോഴൊക്കെ വയലിലെ പണിക്കാര്‍ക്കൊപ്പം ഞാനും കൂടുമായിരുന്നു.




അങ്ങനെയാണ് കൃഷിയില്‍ താല്‍പ്പര്യം ഉണ്ടാകുന്നത്. സിനിമയിലെത്തിയപ്പോഴും ആ ഇഷ്ടത്തെ ഞാന്‍ വിടാതെ കൂടെക്കൂട്ടി. വളര്‍ന്നതിന് ശേഷം ഞാനാണ് ആ കൃഷിയെല്ലാം നടത്തിക്കൊണ്ടുപോരുന്നത്. മാത്രമല്ല ഞാന്‍ വാങ്ങുന്ന എന്റെ ആദ്യത്തെ വാഹനം ട്രാക്ടറാണ്.

അത് ഓടിക്കാറുള്ളതും ഞാന്‍ തന്നെയാണ്. നാലഞ്ച് ഏക്കര്‍ കൃഷിയിടമുണ്ട്.'എല്ലാ കൊല്ലവും നാലോ അഞ്ചോ പടങ്ങള്‍ മാത്രമാണ് ചെയ്യാറുള്ളത്. അതിനു വേണ്ടി മൂന്നോ നാലോ ദിവസങ്ങള്‍ മാത്രമാണ് വേണ്ടിവരാറ്. ബാക്കിയുള്ള ദിവസങ്ങളില്‍ നിങ്ങള്‍ എന്ത് ചെയ്യുകയാണെന്ന സംശയം പലരും ചോദിക്കാറുണ്ട്.വെറുതെയിരിക്കുകയാണോയെന്ന തോന്നലുണ്ടാവും അവര്‍ക്ക്.പക്ഷെ ഞാന്‍ എന്റെ കൃഷികളില്‍ സജീവമായിരുന്നു.

അച്ഛന്റെ മേല്‍വിലാസവും സിനിമയിലേക്കുള്ള വരവും

മലയാളിക്ക് മേഘനാഥനെന്നും ബാലന്‍ കെ നായരുടെ മകനാണ്. മേഘനാഥന്റെ കുട്ടിക്കാലത്ത് ബാലന്‍ കെ നായര്‍ മദ്രാസിലാണ് എപ്പോഴും. കാരണം ഷൂട്ടിങ്ങെല്ലാം മദ്രാസിലെ സ്റ്റുഡിയോയിലാണ് നടക്കാറ്. നാലും അഞ്ചും പടങ്ങളൊക്കെ ഉണ്ടാവാറുള്ള ബാലന്‍ കെ നായര്‍ക്ക് അവിടെ രാമകൃഷ്ണ എന്നൊരു ഹോട്ടലില്‍ സ്ഥിരം റൂമാണ്. വരുമ്പോള്‍ രാവിലെയുള്ള മംഗലാപുരം മെയിലിന് വന്നാല്‍ വൈകുന്നേരം മദ്രാസിലേക്ക് മടങ്ങാറാണ് പതിവ്.

ആ സമയത്ത് വീട്ടില്‍ നിയന്ത്രിക്കാന്‍ ആരും ഇല്ലാത്തതിനാല്‍ മേഘനാഥന്‍ പഠനത്തില്‍ ലേശമൊന്ന് ഉഴപ്പി. പത്താം ക്ലാസായപ്പോള്‍ അച്ഛന്‍ എന്നെ മദ്രാസിലേക്ക് കൊണ്ടുപോയി. തുടര്‍ന്നുള്ള പഠനം അവിടെയായിരുന്നു. അങ്ങനെയാണ് അദ്ദേഹം മദ്രാസിലെത്തുന്നത്. അന്ന് അച്ഛന്റെ കൂടെയായിരുന്നു താമസം. അസ്ത്രം എന്ന സിനിമയിലൂടെയായിരുന്നു മേഘനാഥന്റെ സിനിമാരംഗത്തെ അരങ്ങേറ്റം. ബാലന്‍ കെ.നായരുടെ മകനായതിനാല്‍ തന്നെ സിനിമയില്‍ വരുന്നതിന് മുമ്പേ മേഘനാഥന് ഒരുവിധം സംവിധായകരെയെല്ലാം അറിയാമായിരുന്നു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌കൂളിന് സമീപത്തെ പി.എന്‍. മേനോന്റെ വീട്ടില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ ഉച്ചഭക്ഷണം. സംവിധായകനും പരസ്യകലാ രംഗത്ത് സജീവമായ ആളുമായിരുന്ന പി.എന്‍. മേനോന്റെ വീട്ടിലെത്തുമ്പോള്‍ അവിടെയുണ്ടായിരുന്ന ആല്‍ബങ്ങളെല്ലാം നോക്കുന്നത് മേഘനാഥന്റെ പതിവായിരുന്നു. ഒരിക്കല്‍ ഇങ്ങനെ ആല്‍ബം നോക്കിയിരിക്കുന്നതിനിടെയാണ് അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് പി.എന്‍. മേനോന്‍ ചോദിച്ചത്. ഒന്നും നോക്കാതെ അന്ന് ആഗ്രഹമുണ്ടെന്നായിരുന്നു മേഘനാഥന് മറുപടി നല്‍കിയത്.




അങ്ങനെ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത 'അസ്ത്രം' എന്ന സിനിമയില്‍ മമ്മൂട്ടിയ്‌ക്കൊപ്പമായിരുന്നു മേഘനാഥന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നത്. പിന്നീടങ്ങോട്ട് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അഭിനയിച്ച സിനിമകളില്‍ മിക്കതിലും നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നു. പേടിച്ചൊ വെറുത്തിട്ടോ ആണെങ്കിലുമൊത്തെ ആ കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകര്‍ എന്നും ഓര്‍മിക്കും. അമ്പതിലേറെ മലയാളസിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

ഗതി മാറ്റിയ ആക്ഷന്‍ ഹീറോ ബിജു..അപ്രതീക്ഷിതമായുള്ള മടക്കവും

സ്ഥിരം നെഗറ്റീവ് വേഷത്തില്‍ മാത്രം ഒതുങ്ങിയ മേഘനാഥനിലെ നടനെ ആദ്യമായി മറ്റൊരു റോളില്‍ പരീക്ഷിച്ചത് അഥവ അദ്ദേഹത്തിന് പുതിയൊരു പാത നല്‍കിയത് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവായിരുന്നു. ഒപ്പം ടെലിവിഷന്‍ പരമ്പരകളിലെ ക്യാരക്ടര്‍ റോളുകളും അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തി. എങ്കിലും വില്ലന്‍ കഥാപാത്രത്തിലെ ആവര്‍ത്തനം അദ്ദേഹത്തെ ഒരിക്കലും മടുപ്പിച്ചിട്ടില്ലെന്നാണ് അദ്ദേഹം ഒരിക്കല്‍ മനസ് തുറന്നത്.

'എന്റെ കരിയറില്‍ ആദ്യകാലങ്ങളിലെല്ലാം ചെയ്തിട്ടുള്ളത് വില്ലന്‍ വേഷങ്ങളാണ്. വില്ലന്‍ വേഷങ്ങളാണെങ്കിലും എല്ലാ ചിത്രങ്ങളിലും എനിക്ക് നാലോ അഞ്ചോ സീനുകള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. അതില്‍ കൂടുതലൊന്നും ഒരു സിനിമയിലും ഞാന്‍ അഭിനയിച്ചിട്ടില്ല. ഈ പുഴയും കടന്ന് എന്ന ചിത്രത്തില്‍ ആകെ നാല് സീനുകളിലെ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. എങ്കിലും ആ കഥയുടെ വലിയൊരു ഭാഗത്ത് മറ്റു കഥാപാത്രങ്ങളിലൂടെ എന്റെ കഥാപാത്രത്തിന്റെ സാന്നിധ്യം ചിത്രത്തിലുണ്ടായിരുന്നു. ആദ്യ കാലങ്ങളില്‍ ഇതുപോലെ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് കിട്ടിയിരുന്നതെങ്കില്‍ പിന്നീട് കഥാപാത്രങ്ങളുടെ പ്രാധാന്യം കുറയുകയും ഒരു സീനിലോ ഫൈറ്റിലോ മാത്രമായി എന്റെ കഥാപാത്രം ഒതുങ്ങുകയും ചെയ്തു.




അങ്ങനെ വന്നപ്പോള്‍ അത്തരം കഥാപാത്രങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയാണുണ്ടായത്.ആയിടക്ക് ഒന്നു രണ്ട് സീരിയലുകളില്‍ ഞാന്‍ അഭിനയിച്ചു.പോസിറ്റീവ് കഥാപാത്രങ്ങളായിരുന്നു അതിലെനിക്ക്. പിന്നീടെനിക്ക് ഒരു മാറ്റമുണ്ടായത് ആക്ഷന്‍ ഹീറോ ബിജുവിലാണ്. അതിനുശേഷം കിട്ടിയതെല്ലാം ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളാണ്.പക്ഷെ, നല്ലതാണെങ്കില്‍ വില്ലന്‍ വേഷങ്ങളാണെങ്കിലും ചെയ്യും. വളരെ സെലക്ടീവാകാനൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. കിട്ടുന്ന സീനുകളില്‍ ചെയ്യാന്‍ എന്തെങ്കിലും ഉണ്ടാവണം.

വെറുതെ ഒരു സീനിനും അടിയ്ക്കും മാത്രമായുള്ള കഥാപാത്രങ്ങളെ മാറ്റിനിര്‍ത്തി കൂടുതല്‍ ശ്രദ്ധകിട്ടുന്ന വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹം.കോമഡിവേഷങ്ങള്‍ ചെയ്യാന്‍ തന്റെ ശരീരം അത്ര ഫ്‌ളക്‌സിബിള്‍ അല്ലെന്നായിരുന്നു മേഘനാഥന്റെ സ്വയം വിലയിരുത്തല്‍. 'ഹനീഫിക്ക, ജനാര്‍ദനന്‍ ചേട്ടന്‍, നരേന്ദ്ര പ്രസാദ് ഏറ്റവും ഒടുവില്‍ ബാബുരാജ് തുടങ്ങിയ നിരവധി താരങ്ങള്‍ വില്ലന്‍ വേഷങ്ങളില്‍ നിന്ന് കോമഡിയിലേക്ക് വന്നിട്ടുണ്ട്. അവര്‍ക്ക് അങ്ങനെ ഒരു വേഷം കൊടുത്തതുകൊണ്ടാണ് അവര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാനായത്.നമ്മള്‍ ഒരു നെഗറ്റീവ് വേഷത്തില്‍ തിളങ്ങി കഴിയുമ്പോള്‍ പിന്നെ ആ കണ്ണിലൂടെയാണ് എല്ലാവരും നമ്മളെ നോക്കിക്കാണുന്നത്. ആരും മാറി ചിന്തിക്കുന്നില്ല.

പുതിയ സംവിധായകരോ അല്ലെങ്കില്‍ പഴയ സംവിധായകരോ തിരക്കഥാകൃത്തുക്കളോ ആ രീതിയില്‍ മാറി ചിന്തിക്കുമ്പോഴേ ഞങ്ങള്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുകയുള്ളൂ. അങ്ങനെ വരുമ്പോഴേ ആ മേഖലയില്‍ തിളങ്ങാനാവുമോ എന്ന് ഞങ്ങള്‍ക്ക് കാണിച്ചുകൊടുക്കാന്‍ സാധിക്കുകയുള്ളൂവെന്നായിരുന്നു ആക്ഷന്‍ ഹീറോ ബിജുവിന് പിന്നാലെ ഒരു മാധ്യമത്തിന് നല്‍കിയ ആഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.



അങ്ങിനെ വ്യത്യസ്തമായ വേഷങ്ങള്‍ തന്നെക്കൊണ്ട് പറ്റും എന്ന് പ്രേക്ഷകരെക്കൊണ്ട് പറയിപ്പിച്ചു തുടങ്ങുന്നിടത്താണ് മേഘനാഥനെന്നും അണ്ടര്‍റേറ്റഡ് നടനും കര്‍ഷകനും വിടവാങ്ങുന്നത്.