മുംബൈ: ടാറ്റ ട്രസ്റ്റുകളുടെ ഭരണസമിതിയില്‍ നിര്‍ണായക സ്വാധീനമുള്ള മെഹ്ലി മിസ്ത്രി പുറത്തേക്ക്. സര്‍ ഡോറാബ്ജി ടാറ്റ ട്രസ്റ്റിലും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിലും അദ്ദേഹത്തിന്റെ പുനര്‍നിയമനം ഭൂരിപക്ഷം ട്രസ്റ്റിമാര്‍ തള്ളിയതോടെയാണ് ഈ വഴിത്തിരിവ്. ഒക്ടോബര്‍ 28ന് അദ്ദേഹത്തിന്റെ മൂന്നുവര്‍ഷത്തെ കാലാവധി അവസാനിക്കുകയാണ്.

ആറ് ട്രസ്റ്റിമാരില്‍ ചെയര്‍മാന്‍ നോയല്‍ ടാറ്റ, വേണു ശ്രീനിവാസന്‍, വിജയ് സിംഗ് എന്നിവര്‍ മിസ്ട്രിയുടെ പുനര്‍നിയമനത്തെ എതിര്‍ത്തു. ഡാരിയസ് ഖംബാത്ത, പ്രമിത് ഷാവേരി, ജഹാംഗീര്‍ എച്ച്.സി. ജഹാംഗീര്‍ എന്നിവര്‍ അദ്ദേഹത്തെ പിന്തുണച്ചെങ്കിലും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് ഈ തീരുമാനം.

മുതിര്‍ന്ന വ്യവസായിയും അന്തരിച്ച രത്തന്‍ ടാറ്റയുടെ അടുത്ത അനുയായിയുമായിരുന്ന മെഹ്ലി മിസ്ട്രി, 2022-ലാണ് രണ്ട് ട്രസ്റ്റുകളിലും അംഗമായത്. ടാറ്റ സണ്‍സിലെ ഏറ്റവും വലിയ ഓഹരി ഉടമകളായ ഈ രണ്ട് ട്രസ്റ്റുകളും ടാറ്റ ഗ്രൂപ്പിന്റെ ബോര്‍ഡ് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിലും ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്രസ്റ്റിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിട്ടുണ്ട്. സെപ്റ്റംബറില്‍, ടാറ്റ സണ്‍സ് ബോര്‍ഡില്‍ വിജയ് സിംഗിനെ വീണ്ടും നോമിനേറ്റ് ചെയ്യാനുള്ള നിര്‍ദ്ദേശത്തിന് ഏകകണ്ഠമായ പിന്തുണ ലഭിച്ചില്ല. ഇതിന് പിന്നാലെ വിജയ് സിംഗ് സ്ഥാനമൊഴിയുകയും ചെയ്തു. ഈ വിഷയത്തില്‍ വിജയ് സിംഗിന്റെ തുടര്‍ച്ചയെ തുറന്ന എതിര്‍ത്ത ട്രസ്റ്റിമാരില്‍ മിസ്ത്രയും ഉള്‍പ്പെട്ടിരുന്നു. ഇത് നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചുവെന്ന് പലരും കരുതുന്നു.

ട്രസ്റ്റിമാരുടെ കാലാവധിയെക്കുറിച്ചുള്ള ഒരു പ്രമേയത്തിന്റെ വ്യാഖ്യാനത്തെച്ചൊല്ലിയും ട്രസ്റ്റുകളില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. 2024 ഒക്ടോബറില്‍ പാസാക്കിയ ഈ പ്രമേയം, നിശ്ചിത പരിധിയില്ലാതെ പുനര്‍നിയമനം സാധ്യമാക്കുന്നു. ചില ട്രസ്റ്റിമാര്‍ ഇത് ജീവിതാവസാനം വരെ സ്ഥാനത്ത് തുടരാമെന്ന വ്യവസ്ഥയായി കാണുമ്പോള്‍, മറ്റ് ചിലര്‍ ഓരോ തവണയും അംഗീകാരം നേടണമെന്ന നിലപാടിലാണ്.

വേണു ശ്രീനിവാസനെ അടുത്തിടെ ഇരുപക്ഷത്തിന്റെയും പിന്തുണയോടെ പുനര്‍നിയമനം നടത്തിയത് നേട്ടമായി. ട്രസ്റ്റിമാരുടെ കാലാവധി നീട്ടുന്നതിന് ഇനിമുതല്‍ എല്ലാവരുടെയും ഏകകണ്ഠമായ അംഗീകാരം വേണമെന്ന നിബന്ധന മിസ്രി വച്ചിരുന്നു. എന്നാല്‍, ഭൂരിപക്ഷം ട്രസ്റ്റിമാരും ഈ നിബന്ധന അംഗീകരിച്ചില്ല.

മെഹ്ലി മിസ്ട്രിയുടെ പകരക്കാരനെ കണ്ടെത്താനുള്ള നടപടികള്‍ ട്രസ്റ്റുകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. ടാറ്റ സണ്‍സിലേക്കുള്ള ബോര്‍ഡ് നാമനിര്‍ദ്ദേശങ്ങളെ സംബന്ധിച്ചും തുടര്‍ തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ ട്രസ്റ്റ്സില്‍ ഭിന്നത രൂക്ഷമായിരിക്കെ ആജീവനാന്ത ട്രസ്റ്റിയായി വേണു ശ്രീനിവാസനെ ഏകകണ്ഠമായി തിരഞ്ഞെടുത്തപ്പോള്‍ മെഹ്ലി മിസ്ത്രിക്ക് പുനര്‍നിയമനം നല്‍കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. എന്നാല്‍ അതുണ്ടായില്ല. ട്രസ്റ്റികളില്‍ ഒരു വിഭാഗം നോയല്‍ ടാറ്റയുടെ പക്ഷത്തും മറ്റൊരുവിഭാഗം മുന്‍ അധ്യക്ഷന്‍ രത്തന്‍ ടാറ്റയുടെ വിശ്വസ്തരും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഈ നിര്‍ണ്ണായക നീക്കം.

രത്തന്‍ ടാറ്റയുടെ മരണശേഷം ഭരണത്തില്‍ ഭിന്നത

2024 ഒക്ടോബറില്‍, ദീര്‍ഘകാലം ചെയര്‍മാനായിരുന്ന രത്തന്‍ ടാറ്റയുടെ വിയോഗത്തിന് ശേഷം ടാറ്റ ട്രസ്റ്റിന്റെ ട്രസ്റ്റികള്‍ക്കിടയില്‍ ആഭ്യന്തര ഭിന്നത ഉടലെടുത്തിരുന്നു. ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ബോര്‍ഡിലേക്ക് നോമിനികളെ നിയമിക്കുന്നതിലടക്കം ഭരണത്തിലും സുതാര്യത പ്രശ്നങ്ങളിലും അഭിപ്രായ ഭിന്നതകള്‍ രൂപപ്പെട്ടു. ടാറ്റ സണ്‍സില്‍ 66 ശതമാനം ഓഹരി പങ്കാളിത്തമുളള ട്രസ്റ്റ്്സ് രണ്ടുവിഭാഗമായി തിരിഞ്ഞിരിക്കുകയാണ്.

നോയല്‍ ടാറ്റ ക്യാമ്പ്

രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരനും ട്രസ്റ്റ്സിന്റെ ചെയര്‍മാനുമായ നോയല്‍ ടാറ്റയാണ് ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. ഈ ഗ്രൂപ്പില്‍ വേണു ശ്രീനിവാസനും ഉള്‍പ്പെടുന്നു. ഭരണത്തിലെ തുടര്‍ച്ചയും, സ്ഥിരപ്രതിഷ്ഠ നേടിയ ഭരണരീതികളുമാണ് ഈ വിഭാഗത്തിന് താല്‍പര്യം.

മെഹ്ലി മിസ്ത്രി ക്യാമ്പ്: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ കസിനായ മെഹ്ലി മിസ്ത്രിയാണ് ഈ വിഭാഗത്തിന്റെ നേതാവ്. കൂടുതല്‍ സുതാര്യതയ്ക്കും മേല്‍നോട്ടത്തിനുമായാണ് ഈ വിഭാഗം സമ്മര്‍ദ്ദം ചെലുത്തുന്നത്. ട്രസ്റ്റിമാരായ പ്രമിത് ജാവേരി, ജെഹാംഗീര്‍ എച്ച് സി ജെഗാംഗീര്‍, ദാരിയസ് ഖംബാട്ടയും അടക്കമുള്ള ട്രസ്റ്റികളും ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു. ടാറ്റ സണ്‍സില്‍ 18.37 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഷാപൂര്‍ജി പല്ലോന്‍ജി കുടുംബവുമായി ബന്ധം സൂക്ഷിക്കുന്നയാളാണ് ട്രസ്റ്റി മെഹ്ലി മിസ്ത്രി.

മിസ്ത്രിയുടെ പുനര്‍നിയമനം തര്‍ക്കവിഷയം ആയതിങ്ങനെ

156 വര്‍ഷം പഴക്കമുള്ള ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സില്‍ 66 ശതമാനം ഓഹരി ടാറ്റ ട്രസ്റ്റുകള്‍ക്കാണ്. സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്, സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ് എന്നിവ ഉള്‍പ്പെടെ നിരവധി ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ മേല്‍നോട്ടവും ടാറ്റ ട്രസ്റ്റുകള്‍ക്കാണ്. ടാറ്റ ട്രസ്റ്റുകള്‍ക്ക് കീഴില്‍ 30 ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 400 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മിസ്തിയുടെ പുനര്‍നിയമനവും അതുപോലെ ഏകകണ്ഠമായി വേണമെന്ന് ഒരുവിഭാഗവും, അതല്ല, സ്വാഭാവിക തുടര്‍ച്ച വേണമെന്ന് മറുവിഭാഗവും വാദിച്ചിരുന്നു. 2024, ഒക്ടോബര്‍ 17 ന് ചേര്‍ന്ന സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റികളുടെ സംയുക്ത യോഗത്തിലെ മിനിട്ട്സ് ചൂണ്ടിക്കാട്ടി ഏതുട്രസ്റ്റിയുടെയും കാലാവധി അവസാനിച്ചാല്‍ അയാളെ പരിധിയില്ലാത്ത കാലത്തേക്ക് പുനര്‍നിയമിക്കുമെന്നാണ് തീരുമാനമെന്നാണ് വാദം.

എല്ലാ ട്രസ്റ്റികളെയും ആജീവനാന്ത കാലത്തക്ക് തിരഞ്ഞെടുക്കണമെന്നും 75 വയസാകുമ്പോള്‍ മാത്രമേ ട്രസ്റ്റിഷിപ് പുന: പരിശോധിക്കുകയുള്ളുവെന്നും കഴിഞ്ഞ വര്‍ഷം അംഗീകരിച്ച പ്രമേയത്തില്‍ നിഷ്‌ക്കര്‍ഷിക്കുന്നു.

ചെയര്‍മാന്‍ നോയല്‍ ടാറ്റയുടെ അധികാര പരിധി, ഭരണത്തിലെ ട്രസ്റ്റുകളുടെ ഇടപെടല്‍, ടാറ്റ സണ്‍സിന്റെ ലിസ്റ്റിംഗ് എന്നിവയെച്ചൊല്ലിയാണ് അഭിപ്രായഭിന്നതകള്‍ രൂക്ഷമായിരിക്കുന്നത്. മുന്‍കാലങ്ങളില്‍ രത്തന്‍ ടാറ്റയുടെ വ്യക്തിപ്രഭാവത്തില്‍ എല്ലാവരും ഒരുമിച്ചായിരുന്നു. എന്നാല്‍, ടാറ്റ ട്രസ്റ്റിസ് ചെയര്‍മാന്‍ നോയല്‍ ടാറ്റയ്ക്ക് ആ പഴയ നിയന്ത്രണം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില ട്രസ്റ്റിമാരെ ഒഴിവാക്കി പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിലുള്ള അതൃപ്തിയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റ സണ്‍സിന്റെ ബോര്‍ഡ് യോഗങ്ങളില്‍ നിന്നുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ വേണ്ടരീതിയില്‍ പങ്കുവെക്കുന്നില്ല എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സെപ്റ്റംബര്‍ 11-ന് നടന്ന ട്രസ്റ്റ് യോഗത്തില്‍ നോമിനി ഡയറക്ടറായ വിജയ് സിംഗിന്റെ പുനര്‍നിയമനത്തെ നാല് ട്രസ്റ്റിമാര്‍ എതിര്‍ത്തിരുന്നു.ടാറ്റാ സണ്‍സിന്റെ ലിസ്റ്റിംഗ് ആണ് തര്‍ക്കങ്ങളിലെ മറ്റൊരു പ്രധാന വിഷയം. റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകള്‍ പ്രകാരം കമ്പനി ലിസ്റ്റ് ചെയ്യേണ്ടതുണ്ട്.