- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി വായ്പ്പയെടുത്തു മുങ്ങിയ മെഹുല്‍ ചോക്സി ബെല്‍ജിയത്തില്‍ അറസ്റ്റില്‍; സിബിഐയുടെ അപേക്ഷയില്‍ ബെല്‍ജിയം പോലീസ് അറസ്റ്റു ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍; തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ച മോദി ചോക്സിയെയും വിലങ്ങുവെച്ചു കൊണ്ടുവരുമോ?
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി വായ്പ്പയെടുത്തു മുങ്ങിയ മെഹുല്‍ ചോക്സി ബെല്‍ജിയത്തില്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിര്‍ദേശ പ്രകാരമാണ് ചോക്സിയെ അറസ്റ്റു ചെയ്തിരിക്കുന്നത്. ബെല്‍ജിയം പോലീസിന്റേതാണ് നടപടി.
സിബിഐയുടെ അപേക്ഷയില്‍ ബെല്‍ജിയം പോലീസ് ശനിയാഴ്ചയാണ് 65-കാരനായ മെഹുല്‍ ചോക്സിയെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ ജയിലിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2018-ലും 2021-ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ചോക്സിയെ പിടികൂടിയിരിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം നേരിടുന്ന ചോക്‌സി, ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെല്‍ജിയത്തില്‍ താമസിച്ചു വരികയായിരുന്നു. മെഹുലിന്റെ ഭാര്യ പ്രീതിക്ക് ബല്‍ജിയം പൗരത്വമുണ്ട്. ബല്‍ജിയത്തില്‍ താമസിക്കുന്നതിനുള്ള പെര്‍മിറ്റിനായി മെഹുല്‍ ചോക്‌സി നല്‍കിയ രേഖകളും വ്യാജമാണെന്ന് ആരോപണമുണ്ട്.
2021ല്‍ ആന്റിഗ്വയില്‍നിന്നു മുങ്ങിയ മെഹുലിനെക്കുറിച്ചു പിന്നീടു വിവരമില്ലായിരുന്നു. ബാങ്ക് വായ്പ തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ സഹോദരീപുത്രനാണു മെഹുല്‍ ചോക്‌സി. ലണ്ടന്‍ ജയിലില്‍ കഴിയുന്ന നീരവിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ബ്രിട്ടനിലെ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ ബാങ്കിങ് മേഖലയെ പിടിച്ചുകുലുക്കിയ കോടികളുടെ പിഎന്‍ബി (പഞ്ചാബ് നാഷണല്‍ ബാങ്ക്) തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പ്, 2018 ജനുവരി ആദ്യ വാരത്തോടെയാണ് ചോക്സിയും അനന്തരവന്‍ നീരവ് മോഡിയും ഇന്ത്യയില്‍ നിന്ന് കടന്നത്. ഈ കേസിനെ പറ്റി രാജ്യത്തെ ഫെഡറല്‍ പബ്ലിക് സര്‍വ്വീസിന് (എഫ്.പി.എസ്) കൃത്യമായ അറിവുണ്ട്. ഇക്കാര്യത്തിന് ആവശ്യമായ പ്രാധാന്യവും ശ്രദ്ധയും നല്‍കുന്നുണ്ട്.
അര്‍ബുധ ചികിത്സക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് താമസം മാറാന്‍ ചോക്സി തയ്യാറെടുക്കുകയാണെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കോടികളുടെ തട്ടിപ്പു കേസില്‍ രാജ്യംവിട്ട ചോക്സിയെ ഇന്ത്യക്കു കൈമാറാന്‍ ബെല്‍ജിയത്തോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനായ തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിച്ച കേന്ദ്രസര്‍ക്കാര്‍ മെഹുല്‍ ചോക്സിയെയും തിരികെ നാട്ടിലെത്തുക്കുമോ എന്നാണ് അറിയേണ്ടത്.
13,000 കോടി രൂപയുടെ പിഎന്‍ബി വായ്പ തട്ടിപ്പ് നടത്തിയ ചോക്‌സിയുടെ 2,565.9 കോടിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. മുംബൈ ആസ്ഥാനമായുള്ള പ്രത്യേക പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്റ്റ് (പിഎംഎല്‍എ) കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്ന് ഫെഡറല്‍ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ആസ്തി തിരിച്ചുകിട്ടാനുള്ള അപേക്ഷയിലാണ് ലേലം അനുവദിക്കാനുള്ള കോടതി തീരുമാനം. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക പിഎന്‍ബിയുടെയും ഐസിഐസിഐ ബാങ്കിന്റെയും സ്ഥിരനിക്ഷേപമായി സൂക്ഷിക്കുമെന്ന് ഇഡി അറിയിച്ചു. 2018ല്‍ ചോക്‌സിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. സാന്താക്രൂസിലെ ഖേനി ടവറിലെ ഏകദേശം 27 കോടി രൂപ വിലമതിക്കുന്ന ഫ്‌ലാറ്റുകളും അന്ധേരി ഈസ്റ്റിലെ 98.03 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്വത്തുക്കളും ലേലം ചെയ്യപ്പെടുന്ന ആദ്യ ബാച്ച് ആസ്തികളില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയില്‍ മാത്രം നാലായിരത്തിലേറെ ശാഖകളുള്ള ഗീതാഞ്ജലി ജ്വല്ലറിയുടെ ഉടമയാണ് മെഹുല്‍ ചോക്‌സി. പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളില്‍ നിന്ന് 13,000 കോടി രൂപ വായ്പയെടുത്ത് മെഹുല്‍ ചോക്‌സിയും അനന്തരവന്‍ നീരവ് മോദിയും തിരിച്ചടക്കാതെ രാജ്യം വിടുകയായിരുന്നു. പിഎന്‍ബി തട്ടിപ്പ് മാധ്യമങ്ങള്‍ അറിയുന്നതിന് ദിവസങ്ങള്‍ക്കുമുന്‍പ് മെഹുല്‍ ചോക്‌സി ഇന്ത്യ വിട്ടിരുന്നു. ചികിത്സക്കെന്നും പറഞ്ഞാണ് 2018 ജനുവരിയില്‍ യുഎസിലേക്ക് പോയത്. പിന്നീട് യുഎസില്‍ നിന്ന് ആന്റിഗ്വയിലേക്ക് കടന്ന് ആന്റിഗ്വ നിയമപ്രകാരം നിശ്ചിത തുക നല്‍കി പൗരത്വം നേടി.
സാമ്പത്തിക കുറ്റവാളിയായ ചോക്‌സിയെ കൈമാറണമെന്ന് ആന്റിഗ്വയോട് ഇന്ത്യ പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയിരിക്കെ ബോട്ടില്‍ ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 2021 മേയില്‍ ചോക്‌സി ഡൊമിനിക്കയില്‍ നിന്നും പിടിയിലായിയിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ ബെല്‍ജിയത്തില്‍ ഉണ്ടെന്ന വിവരങ്ങള്‍ ലഭിക്കുന്നത്.