- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയ വീഞ്ഞ് പുതിയ കുപ്പി: നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ നിലനിര്‍ത്തി കൊണ്ട്; ശ്രീജിത്ത് കൊടേരി അടക്കം എല്ലാ ഉദ്യോഗസ്ഥരും സിപിഎം വിശ്വസ്തര്‍; കേസന്വേഷണം വരുതിയിലാക്കാന്‍ പി ശശിയുടെ കാഞ്ഞ ബുദ്ധി
പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത് പി. ശശിയുടെ കാഞ്ഞ ബുദ്ധി
കണ്ണൂര്‍: നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ നിലനിര്‍ത്തിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ കാഞ്ഞ ബുദ്ധി. നേരത്തെ സംസ്ഥാനമാകെ കോളിളക്കം സൃഷ്ടിച്ച കണ്ണൂര്‍ മുന്‍ എ.ഡി. എം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ നിന്നും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ രക്ഷിക്കുന്നതിനായി കണ്ണൂര്‍ ടൗണ്‍എസ്.എച്ച്.ഒയായിരുന്ന ശ്രീജിത്ത് കൊടെരിയായാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചിരുന്നത്.
സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അതീവ വിശ്വസ്തനായാണ് ശ്രീജിത്ത് കൊടെരി അറിയപ്പെട്ടിരുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വേളയില്‍ പി.പി ദിവ്യയുമായി അടുത്ത ബന്ധവും ശ്രീജിത്ത് കൊടേരി കാത്തുസൂക്ഷിച്ചിരുന്നു. ഇതു തിരിച്ചറിഞ്ഞു കൊണ്ടാണ് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധ സമരം ശക്തമാക്കിയത്.
എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവെന്ന് വരുത്തി തീര്‍ത്തു കൊണ്ടു പ്രതിഷേധം തണുപ്പിക്കാന്‍ പഴയ വീഞ്ഞ് പുതിയ കുപ്പിലാക്കുകയാണ് ആഭ്യന്തര വകുപ്പിന്റെ തലപ്പത്തിരുന്നു കൊണ്ടു പി.ശശി തന്ത്രപരമായി ചെയ്തത്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ നിലനിര്‍ത്തി കൊണ്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
കണ്ണൂര്‍ എ.സി.പി ടി.കെ. രത്‌നകുമാര്‍ കണ്ണൂര്‍ ടൗണ്‍ എസ്എച്ച്.ഒ ശ്രീജിത്ത് കോടെരി എന്നിവര്‍ ഉള്‍പ്പെട്ട നാലംഗ സംഘമാണ് അന്വേഷണ സംഘത്തിലുള്ളത്. കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്. ഉത്തരമേഖലാ ഐജിയാണ് വിവാദ സംഭവത്തില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്. നിലവില്‍ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടവരെല്ലാം സി.പി.എമ്മിന്റെ അതീവ വിശ്വസ്തരായ ഉദ്യോഗസ്ഥരാണ്.
കണ്ണുര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിലെ പ്രമാണിമാര്‍ക്കും പ്രിയങ്കരനായ പൊലിസ് ഓഫിസറാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പെ സി.പി.എം നേതൃത്വത്വത്തിന്റെ സഹയാത്രികനാണ് എ.സി.പി ടി.കെ രത്‌നകുമാര്‍. ജില്ലയ്ക്കു പുറത്തുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരെ കേസ് അന്വേഷണത്തിന് കൊണ്ടുവരാതെ സ്വന്തം വരുതിയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥരെ കൊണ്ടു കേസ് അന്വേഷണം നടത്താനുള്ള അതിവിദഗ്ദ്ധമായ നീക്കമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയത്.
ഇതിനിടെ നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റ ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് വിവാദമായിട്ടുണ്ട്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29 ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. കണ്ണൂര്‍ ടൗണ്‍ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.
ജൂനിയര്‍ ഉദ്യോഗസ്ഥന്‍ കലക്ടറില്‍ നിന്നും ഉള്‍പ്പെടെയുള്ളവരില്‍ നിന്നും മൊഴിയെടുത്തതിനെതിരെ പ്രതിപക്ഷ സംഘടന നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കണ്ണൂരിലെ സി.പി.എം നേതൃത്വവുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്ത് കൊടേരി. നേരത്തെ ചക്കരക്കല്ലിലേക്ക് സ്ഥലം മാറ്റപ്പെട്ട ഇദ്ദേഹത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രത്യേക താല്‍പര്യപ്രകാരം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനിലേക്ക് തന്നെ നിയോഗിക്കുകയായിരുന്നു.
ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കേസിന് വലിയ പുരോഗതിയില്ലാത്തതിനാല്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ കണ്ണൂരിന് പുറത്തു നിന്നുള്ള ഐ.പി.എസ് പദവിയുള്ള ഓഫീസറെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്ന അഭിപ്രായം മരണമടഞ്ഞ നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോടാണ് ഇക്കാര്യം ഉന്നയിച്ചത്. ഇതിനിടെ ഒളിവില്‍ കഴിയുന്ന പി.പി ദിവ്യയെ പൊലിസ് ചോദ്യം ചെയ്യുന്നത് മുന്‍കൂര്‍ ജാമ്യ ഹര്‍ജി 29 ന് തലശേരി സെഷന്‍സ് കോടതി കേസ് പരിഗണിക്കുന്നതുവരെ കാത്തു നില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യ ഹരജി പരിഗണിച്ചില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം തേടി പി.പി ദിവ്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ സാധ്യതയേറെയാണ്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്