കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടം ഉണ്ടാകുമ്പോള്‍ അര്‍ദ്ധരാത്രിയിലും സര്‍ക്കാര്‍ നടത്തിയത് വമ്പന്‍ ഇടപെടല്‍. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയത്. പരിക്കേറ്റ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റപെട്ടവരെയെല്ലാം സുരക്ഷിതമാക്കി പുറത്ത് എത്തിക്കാനാണ് ശ്രമങ്ങള്‍ നടത്തുന്നത്. മുണ്ടകൈ, ചുരല്‍മല, അട്ടമല ഭാഗങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് തവണ മണ്ണിടിഞ്ഞുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കേരളത്തെ ഞെട്ടിപ്പിക്കുന്ന വലിയ ദുരന്തങ്ങളിലൊന്നായി ഇത് മാറാന്‍ സാധ്യത ഏറെയാണ്.

വെള്ളര്‍മല ജിവിഎച്ച്എസ് പൂര്‍ണമായി മുങ്ങി. നേരം പുലര്‍ന്നതോടെ ഓരോ വീടുകളിലും കയറിയുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്നലെ പുഞ്ചിരി മട്ടം മുണ്ടക്കൈ ഭാഗത്ത് നിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. സുലൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ എത്തും. പുഴ കുത്തിയൊലിച്ച് വരുന്നതിനാല്‍ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റര്‍ സഹായം തേടിയത്. സൈന്യവും ഉടനെത്തും.

രണ്ട് ഹെലികോപ്റ്റര്‍ ഉടന്‍ തന്നെ വയനാട്ടിലേക്ക് എത്തും. വയനാട്ടിലെ എസ്‌കെഎംജെ സ്‌കൂളില്‍ ഹെലികോപ്റ്ററുകള്‍ ഇറക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. കുടുങ്ങി കിടക്കുന്നവര്‍ ഉണ്ടെങ്കിലും എയര്‍ ലിഫ്റ്റിംഗ് വഴി രക്ഷാപ്രവര്‍ത്തനം നടത്തും. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുള്‍പൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുള്‍പൊട്ടി. പ്രദേശത്തുനിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. ഇതില്‍ ഒരാള്‍ വിദേശിയെന്നാണ് റിപ്പോര്‍ട്ട്. ഏഴു മരണമാണ് പ്രാഥമികമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടില്ല. അതിസാഹസിക രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. കുറച്ചു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

പ്രദേശത്തെ പ്രധാന റോഡും ചൂരല്‍മല ടൗണിലെ പാലവും തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. രാത്രി ആയതിനാലും പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനാലും അപകടത്തിന്റെ വ്യാപ്തി പൂര്‍ണമായും വ്യക്തമല്ല. പ്രദേശത്ത് ഒറ്റപ്പെട്ട ആളുകളെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്. വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടി എന്ന് പ്രദേശവാസികള്‍ പറയുന്നു. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയ്ക്കു സമീപമാണ് മുണ്ടക്കൈ.

കോഴിക്കാട് ജില്ലയില്‍ നാലിടത്ത് ഉരുള്‍പൊട്ടലുണ്ടായി. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. മഞ്ഞച്ചീളിയില്‍ ഒട്ടേറെ വീടുകളും കടകളും തകര്‍ന്നു. ഒരാളെ കാണാതായി. വിലങ്ങാട് ടൗണില്‍ വെള്ളം കയറി. പുഴകളില്‍ ജലനിരപ്പുയരുന്നു.