മലപ്പുറം: പിരിവും പറ്റിക്കലും ചിലര്‍ക്ക് വീണ്ടും തുടരാം. ലയണല്‍ മെസ്സി മാര്‍ച്ചില്‍ കേരളത്തിലേക്ക് വരുമെന്ന് വീണ്ടും പ്രഖ്യാപിച്ച് കായികമന്ത്രി. രണ്ട് ദിവസം മുമ്പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നിരുന്നു. നവംബറില്‍ നടക്കേണ്ട കളി സ്റ്റേഡിയത്തിന്റെ അസൗകര്യം മൂലമാണ് നടക്കാതിരുന്നതെന്നും മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ആര്‍ക്കാണ് മെയില്‍ വന്നതെന്നോ എവിടെ നിന്നാണ് മെയില്‍ വന്നതെന്നോ ഒന്നും പറയുന്നില്ല. ഇതിനിടെ കലൂര്‍ സ്റ്റേഡിയെ ആകെ കുളമായി കിടക്കുകയാണ്. ഈ സ്റ്റേഡിയം അന്തര്‍രാഷ്ട്ര നിലവാരത്തില്‍ ആക്കണമെങ്കില്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരുമെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഫിഫയുടെ അംഗീകാരം സ്റ്റേഡിയത്തിന് അനിവാര്യതയാണ്. ഇത്തരം വെല്ലുവിളിക്കിടെയാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം. മന്ത്രിയുടെ ഈ നിലപാടാണ് പലതരം പ്രശ്‌നങ്ങളും വിവാദങ്ങളും കേരളത്തിലുണ്ടാകുന്നത്. കലൂരിലെ സ്റ്റേഡിയത്തില്‍ മാര്‍ച്ചില്‍ ഒരു അന്താരാഷ്ട്ര മത്സരം നടക്കുക അസാധ്യമാണ്. അത്രയും ശോചനീയമാണ് അവസ്ഥ.

അതിനിടെയാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം. രണ്ട് നാള്‍ മുമ്പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നിരുന്നു. മാര്‍ച്ചില്‍ നിര്‍ബന്ധമായും കളിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മെയിലില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. വിഷന്‍ 2023 കായിക സെമിനാറിന്റെ ഭാഗമായി മലപ്പുറത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബറില്‍ കളി നടക്കേണ്ടത് ആയിരുന്നു. സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു. മെസിയും അര്‍ജന്റീനയും ഈ വര്‍ഷം കൊച്ചിയിലേക്കെത്തില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം. ഫിഫയുടെ അനുമതി കിട്ടാതെ എങ്ങനെ മന്ത്രി മെസി വരുമെന്ന് വീണ്ടും പറയുന്നതെന്നതാണ് ഉയരുന്ന ചോദ്യം.

ഔദ്യോഗികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ, നവീകരണത്തിനെന്ന പേരില്‍ കൊച്ചി സ്റ്റേഡിയം പൊളിച്ചിട്ടത് എന്തിനാണ്, ഇനി പഴയപടി എപ്പോഴാകും, കരാര്‍ വ്യവസ്ഥകള്‍ എന്തൊക്കെയാണ്, സ്‌പോണ്‍സറെ കണ്ടെത്തിയത് എങ്ങനെയാണ് തുടങ്ങി നിരവധി സംശയങ്ങളാണ് ഉയരുന്നത്. കളങ്കിതരുമായി കൂട്ടിനില്ലെന്ന് നേരത്തെ പറഞ്ഞ സര്‍ക്കാര്‍ തന്നെയാണ് മുട്ടില്‍ മരം മുറികേസിലെ പ്രതികളെ സ്‌പോണ്‍സറാക്കിയത്. ഇതാണ് വിവാദത്തിന് പുതിയ തലം നല്‍കിയത്. ഫിഫയാണ് ഇന്ത്യയിലെ അര്‍ജന്റീനാ കളിക്ക് അനുമതി നല്‍കേണ്ടത്. അത് കായിക മന്ത്രി അടക്കം പലപ്പോഴും മറക്കുന്നു. ഇത് തന്നെയാണ് പുതിയ പ്രഖ്യാപനത്തിലുമുള്ളത്.

നേരത്തെ തയാറെടുപ്പുകളുടെയും യാത്രയുടെയും കാര്യത്തില്‍ സംഘാടകര്‍ തുടര്‍ച്ചയായി കരാര്‍ ലംഘനങ്ങള്‍ നടത്തുന്നതിനാലാണ് നവംബറിലെ കേരള പര്യടനം ഉപേക്ഷിക്കുന്നതെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) പ്രതിനിധികളെ ഉദ്ധരിച്ച് അര്‍ജന്റീനയിലെ മാധ്യമമായ 'ലാ നാസിയോണ്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ''നവംബറിലെ ഇന്ത്യന്‍ പര്യടനം യാഥാര്‍ഥ്യമാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഞങ്ങളുടെ പ്രതിനിധി കേരളത്തിലെത്തി. സ്റ്റേഡിയവും ഹോട്ടലും സന്ദര്‍ശിച്ചു. പക്ഷേ, ആവശ്യപ്പെട്ട ക്രമീകരണങ്ങള്‍ സജ്ജമാക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല. നവംബറിനു പകരം മാര്‍ച്ചില്‍ പര്യടനം നടത്തുന്ന കാര്യം ആലോചനയിലുണ്ട്'' എഎഫ്എ പ്രതിനിധിയെ ഉദ്ധരിച്ച് ലാ നാസിയോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയായിരുന്നു.

നവംബര്‍ 17ന് കൊച്ചിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെയും സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെയും പ്രഖ്യാപനം.