കോഴിക്കോട്: കേരള രാഷ്ട്രീയത്തില്‍ 'മതവും ജാതിയും' സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. പാലക്കാട് തിരഞ്ഞെടുപ്പില്‍ പി സരിനായി സന്ദീപ് വാര്യര്‍ വിഷയത്തിലെ പരസ്യം രണ്ട് പത്രങ്ങളില്‍ മാത്രം എത്തിയതിലും ഇത് കാണാം. ഇടതുപക്ഷം പോലും ഇക്കാര്യങ്ങളില്‍ ശ്രദ്ധ കാട്ടുന്നുവെന്നതാണ് വസ്തുത. ഈ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ്. 2026ല്‍ നിയമസഭാ പോരും. കേരളത്തില്‍ ഹാട്രിക് ഭരണമാണ് സിപിഎം ലക്ഷ്യം. ഈ ചരിത്രത്തിലേക്ക് നീങ്ങാന്‍ പുതിയൊരു ആയുധം തേടുകയാണ് ഇടതുപക്ഷം. ഇന്നുവരെ കേരള രാഷ്ട്രീയത്തില്‍ ആരും പരീക്ഷിക്കാത്ത 'ആയുധം'. അതാണ് ഫുട്‌ബോള്‍.

ചൂരല്‍മലയില്‍ പ്രകൃതി ദുരന്തത്തിന് ഇരയായത് 500 ഓളം കുടുംബങ്ങളാണ്. ഇവര്‍ക്ക് രണ്ട് കോടി വച്ച് നല്‍കിയാല്‍ പോലും നൂറു കോടി പ്രതിസന്ധികള്‍ പരിഹരിക്കാന്‍. ഇതിന് സമയമില്ലാത്ത സര്‍ക്കാര്‍ ഇനിയൊരു നൂറു കോടിയുടെ സംഘാടനത്തിലാകും. ഇതിന് പിന്നില്‍ വോട്ട് രാഷ്ട്രീയവുമുണ്ട്. കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാക്കി, അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം കേരളത്തില്‍ പന്ത് തട്ടാനെത്തുന്നത് സിപിഎം വോട്ടുറപ്പിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമായി വിലയിരുത്തുന്നു. ഫുട്‌ബോളില്‍ ലോക ചാമ്പ്യന്മാരാണ് അര്‍ജന്റീന. കേരളത്തില്‍ നിരവധി ആരാധകരുള്ള ടീം. മെസിയാണ് അവരുടെ താരം. ബ്രസീലും അര്‍ജന്റീനയും മലബാറിനെ ഇളക്കി മറിക്കുന്ന വികാരങ്ങളാണ്. ഇതിലൊന്നിനെ എത്തിച്ച് അവരുടെ മൊത്തം ഫാന്‍സ് വോട്ടുകളും പെട്ടിയിലാക്കാനാണ് സിപിഎം നീക്കമെന്നാണ് സൂചന. പക്ഷേ ഇതിന്റെ പകയില്‍ ബ്രസീല്‍ ഫാന്‍സ് മറിച്ചു ചിന്തിക്കുമോ? ഇതാണ് അറിയാനുള്ള കാര്യം.

കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ബുധനാഴ്ച മാധ്യമങ്ങളെ കണ്ട് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. മത്സരനടത്തിപ്പിനായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തി എന്നാണ് അറിയുന്നത്. ടീം അടുത്ത വര്‍ഷമാകും കേരളത്തിലെത്തുക. മെസ്സി കളിക്കാനെത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മെസ്സിയുടെ കാര്യത്തില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനാകും അന്തിമ തീരുമാനം എടുക്കുക. എന്ത് വില കൊടുത്തും മെസിയെ എത്തിക്കാനാണ് ശ്രമം. മെസിയെത്തിയാല്‍ പിണറായി സര്‍ക്കാരിന് അത് പുതിയ പ്രതിച്ഛായയാകും. അതുകൊണ്ട് എല്ലാ അന്താരാഷ്ട്ര ബന്ധങ്ങളും ഉപയോഗിച്ച് മെസിയെ കൊണ്ടു വരാന്‍ ശ്രമിക്കും. 2011-ല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കൊല്‍ക്കത്തയില്‍ കളിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയ്ക്കെതിരെയായിരുന്നു മത്സരം. മെസ്സിയുടെ അര്‍ജന്റീന ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരം കൂടിയായിരുന്നു അത്.

ഫുട്‌ബോള്‍ മാന്ത്രികനായ മറഡോണ നേരത്തെ കേരളത്തിലെത്തിയിരുന്നു. വലിയ ആവേശമാണ് മറഡോണയുണ്ടാക്കിയത്. ബോബി ചെമ്മണ്ണൂരില്‍ നിന്നും ബോച്ചയിലേക്കുള്ള മാറ്റം അങ്ങനെയാണ്. ബോബി ചെമ്മണ്ണൂരിനുണ്ടായിരുന്ന നിരവധി പ്രതിസന്ധികളും വിവാദങ്ങളും മറഡോണയുടെ വരവോടെ മാറിയെന്ന് കരുതുന്നവര്‍ പോലുമുണ്ട്. ഇതിന് സമാനമായി ഇടതു സര്‍ക്കാരിന്റെ എല്ലാ പ്രതിസന്ധിയും മെസിയെ എത്തിച്ച് മറികടക്കാനാണ് ഇടതു സര്‍ക്കാര്‍ നീക്കം. മത്സര നടത്തിപ്പിനായി ഭീമമായ തുകയാകും ആവശ്യംവരിക. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്പോണ്‍സര്‍ വഴിയാകും കണ്ടെത്തുക. സ്പോണ്‍സര്‍മാരുടെ കാര്യത്തിലും ധാരണയായതായാണ് വിവരം. ഇതു സംബന്ധിച്ച പ്രഖ്യാപനവും ഉടനുണ്ടാകും. കേരളത്തില്‍ രണ്ട് മത്സരങ്ങളാകും ടീം കളിക്കുക. ഏഷ്യയിലെ പ്രമുഖ രണ്ട് ടീമുകളാകും അര്‍ജന്റീനയുമായി കളിക്കുക.

നേരത്തേ സെപ്റ്റംബറില്‍ സ്പെയിനിലെത്തി മന്ത്രിയും സംഘവും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ടീം വരുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വി. അബ്ദുറഹിമാന്‍ അന്ന് പറഞ്ഞിരുന്നു. മത്സരം നടത്തുന്ന വേദിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. വേദി തീരുമാനിക്കപ്പെട്ടാല്‍ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അധികൃതര്‍ എത്തി ഗ്രൗണ്ട് പരിശോധിക്കും.

കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇ-മെയില്‍ സന്ദേശമയച്ചതായി മന്ത്രി വി. അബ്ദുറഹിമാന്‍ 2024 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. 2025 ഒക്ടോബറില്‍ കേരളത്തിലെത്താനാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീം സന്നദ്ധത അറിയിച്ചതെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ടീമിനെ കേരളത്തിലേക്കു ക്ഷണിച്ച് നേരത്തേ സംസ്ഥാന കായിക മന്ത്രാലയം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനു കത്തയച്ചിരുന്നു. അതിനു മറുപടിയായാണ് ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള ഇ മെയില്‍ സന്ദേശം ലഭിച്ചത്.