തൃശ്ശൂർ: ഫുട്‌ബോൾ ലോകകപ്പിലെ ഒരു ത്രില്ലർ മത്സരത്തിന്റെ പ്രതീതി ജനിപ്പിച്ച് തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം ജനസാഗരത്തെ ആവേശക്കൊടുമുടിയേറ്റി. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് വർണക്കുടകളുയർത്തി. കുടകൾക്ക് പുറമേ കോലങ്ങളും ഉയർത്തി പാറമേക്കാവ് പൂരനഗരിയെ ആവേശം പകർന്നു. വ്യത്യസ്തമായ കുടകളിലൂടെയാണ് തിരുവമ്പാടി വിസ്മയിപ്പിച്ചത്.

വീണ്ടും വിസ്മയിപ്പിക്കാനിരിക്കുന്നുണ്ടെന്ന തോന്നലുളവാക്കിക്കൊണ്ടാണ് കുടമാറ്റം പുരോഗമിച്ചത്. കൈലാസനാഥനും ഗുരുവായൂരപ്പനുമൊക്കെ പൂരനഗരിയിൽ ആവേശം വിതറി. ഒടുവിൽ തേക്കിൻകാട് മൈതാനത്തെ ആവേശത്തിന്റെ പരകോടിയിലേക്ക് തള്ളിവിട്ട് തിരുവമ്പാടി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ വർണക്കുട ഉയർത്തി.

ത്രിസന്ധ്യയിൽ മഴവില്ലഴക് വിരിയിച്ച് മെസ്സി ഉയർന്നുനിന്നപ്പോൾ തേക്കിൻകാട് മൈതാനത്തെ ആവേശം അണപ്പൊട്ടി. ആരാധകർ ടീ ഷർട്ട് മുകളിലുയർത്തി ആവേശത്തിലാറാടി. ഖത്തർ ലോകകപ്പ് ഉയർത്തി നിൽക്കുന്ന മെസ്സിയുടെ ചിത്രമാണ് ആനപ്പുറത്ത് വർണവിസ്മയമൊരുക്കിയത്.

ലോകകിരീടം നേടിയ മെസിക്ക് ആശംസയുമായി തിരുവമ്പാടിയുടെ വേറിട്ട കുട ആനപ്പുറത്തുയർന്നതോടെ ജനസാഗരം ആർത്തുവിളിച്ചു. മലയാളികളുടെ അഹങ്കാരമായ തൃശൂർ പൂരത്തിന് അലങ്കാരമായി മെസി കുടയും ഉയർന്നത് ആരാധാകരെ ആവേശത്തിലാക്കി. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തിൽ ഓരോന്നും ഒന്നിനൊന്ന് മികച്ച് നിന്നു. വർണാലങ്കാരങ്ങളും ദേവ രൂപങ്ങളും കുടകളിൽ നിറഞ്ഞു.

തേക്കിൻകാട് മൈതാനത്ത് പതിനായിരങ്ങളാണ് പൂരത്തിൽ അലിഞ്ഞു ചേർന്നത്. വർണക്കുടകൾക്കു പുറമെ എൽഇഡി കുടകളും വ്യത്യസ്ത രൂപങ്ങളും ആനപ്പുറത്ത് അണിനിരത്തി പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ചു. കാണികൾ ആർപ്പു വിളികളോടെ ഒപ്പം കൂടി. പാറമേക്കാവിലമ്മയുമായി ഗുരുവായൂർ നന്ദനും, തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തിടമ്പേറ്റിയത്. ഇരുവശത്തെയും ആനച്ചന്തവും കുടകളുടെ വൈവിധ്യവും കാണാൻ ജനസഹസ്രങ്ങൾ പൂരപ്പറമ്പിൽ എത്തി. 15 കൊമ്പന്മാരാണ് ഇരുവശവും നിരന്നത്.

കിഴക്കൂട്ട് അനിയന്മാരാർ പ്രമാണിയായ ഇലഞ്ഞിത്തറമേളം പൂരാസ്വാദകർക്ക് എന്നും ഓർമിക്കാവുന്ന അനുഭവമായിരുന്നു. തിരുവമ്പാടിയുടെ പാണ്ടിമേളത്തിനു ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ ആയിരുന്നു പ്രമാണി. മേളപ്രമാണി കോങ്ങാട് മധുവിന്റെ നേതൃത്വത്തിലായിരുന്നു മഠത്തിൽവരവ് പഞ്ചവാദ്യം.

ഘടക ക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പോടെയായിരുന്നു പൂരാഘോഷങ്ങളുടെ തുടക്കം. ശ്രീമൂലസ്ഥാനത്ത് മേളം പെരുപ്പിച്ച് വടക്കുന്നാഥനെ വണങ്ങി നീങ്ങിയ ഘടകപൂരങ്ങളെല്ലാം കാണികളുടെ കണ്ണും കാതും മനസ്സും നിറച്ചു. നെയ്തലക്കാവിലമ്മയെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ ആയിരങ്ങൾ എത്തി. ആനപ്രേമികളുടെ ഇഷ്ടതാരം പാമ്പാടി രാജൻ അയ്യന്തോൾ ഭഗവതിയെയാണ് തിടമ്പേറ്റിയത്.

രാത്രി 10.30നു പാറമേക്കാവിന്റെ പഞ്ചവാദ്യത്തിനു ചോറ്റാനിക്കര നന്ദപ്പ മാരാർ പ്രമാണിയാകും. ഈ സമയം തിരുവമ്പാടിയുടെ മഠത്തിൽവരവ് സമയത്തെ പഞ്ചവാദ്യം ആവർത്തിക്കും. കുടമാറ്റം അവസാനിച്ചതോടെ ഇനി വെടിക്കെട്ടിനായുള്ള കാത്തിരിപ്പാണ്. ആകാശത്ത് വിരിയുന്ന വർണ്ണവിസ്മയങ്ങൾ കാണാൻ കാത്തിരിക്കുകയാണ് തേക്കിൻകാട് മൈതാനത്തെ ജനസാഗരം. തിങ്കൾ പുലർച്ചെ 3ന് വെടിക്കെട്ട് ആരംഭിക്കും. ആദ്യം തിരുവമ്പാടിയും തുടർന്നു പാറമേക്കാവും തിരികൊളുത്തും.