കോഴിക്കോട്: ഖത്തർ ലോകകപ്പിനെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ ഒരുങ്ങവെ കോഴിക്കോട് ചാത്തമംഗലം പുള്ളാവൂർ പുഴയിൽ അർജന്റീന - ബ്രസീൽ ആരാധകർ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കൂറ്റൻ കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് അധികൃതർ. കട്ടൗട്ടുകൾ ഉടൻ നീക്കം ചെയ്യണമെന്നാണ് ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശം. പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസമാകുന്ന നിലയിലാണ് കട്ടൗട്ടുകൾ സ്ഥാപിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. അഭിഭാഷകനായ ശ്രീജിത് പെരുമന നൽകിയ പരാതിയിലാണ് ഫുട്‌ബോൾ ആരാധകരെ ഞെട്ടിച്ച് ചാത്തമംഗലം പഞ്ചായത്ത് ഇത്തരമൊരു നടപടി സ്വീകരിച്ചത്.

ലോകകപ്പിന്റെ ആവേശത്തിൽ ഇഷ്ടതാരങ്ങളുടെ മാനം മുട്ടെയുള്ള കട്ടൗട്ടുകൾ മത്സരിച്ച് സ്ഥാപിച്ച അർജന്റീന - ബ്രസീൽ ആരാധകർക്ക് വൻ ഞെട്ടലാണ് ഈ തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്. ഫാൻസ് അസോസിയേഷനുകൾ ഇത് നീക്കിയില്ലെങ്കിൽ പഞ്ചായത്ത് തന്നെ ഇവ നീക്കം ചെയ്യുമെന്നാണ് മുന്നറിയിപ്പ്. പഞ്ചായത്തിന്റെ തീരുമാനം സങ്കടകരമെന്നാണ് ആരാധകർ പ്രതികരിക്കുന്നത്. 

അതേ സമയം പരാതി നൽകിയ അഭിഭാഷകനെതിരെ സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നുകഴിഞ്ഞു. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് കട്ടൗട്ട് എടുത്തുമാറ്റണമെന്ന് പരാതി നൽകിയത്. പുഴയിലെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. എന്നാൽ, നെയ്മറുടെ കട്ടൗട്ട് കരയിലാണെന്നും മെസിയുടേത് പുഴക്ക് നടുവിലെ തുരുത്തിലാണെന്നും ഫുട്‌ബോൾ ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഈ കട്ടൗട്ടുകൾ എങ്ങനെയാണ് പുഴയുടെ ഒഴുക്ക് തടയുകയെന്നും ആരാധകർ ചോദിക്കുന്നു. പരാതിക്കാരന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ കമന്റുകൾ നിറയുകയാണ്.

നാടാകെ ലോകകപ്പിൽ ആവേശം തുളുമ്പി നിൽക്കുന്ന ഈ സമയത്ത് ഇങ്ങനെയൊരു തീരുമാനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആരാധകർ പറയുന്നു. തിങ്കളാഴ്ച എല്ലാവരുമായും ചർച്ച ചെയ്ത് വിഷയത്തിൽ തീരുമാനം എടുക്കുമെന്ന് പ്രദേശത്തെ ബ്രസീൽ ആരാധകർ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് പുള്ളാവൂർ പുഴയിൽ ലോകകപ്പ് ആവേശം നിറച്ച് കാൽപ്പന്താരാധകർ മെസ്സിയുടെ ഭീമൻ കട്ടൗട്ട് സ്ഥാപിച്ചത്. കോഴിക്കോട് ചാത്തമംഗലം എൻ.ഐ.ടിക്ക് സമീപം പുള്ളാവൂരിലെ ചെറുപുഴയ്ക്ക് നടുവിലാണ് 30 അടിക്ക് മുകളിലുള്ള മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചത്. കട്ടൗട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലോകമെമ്പാടും ശ്രദ്ധനേടിയിരുന്നു. ഫോക്സ് സ്പോർട്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയെത്തി. ഇതിന് മറുപടിയെന്നോണം ബ്രസീൽ ആരാധകർ നെയ്മറുടെ കട്ടൗട്ടും പുള്ളാവൂർ പുഴയിൽ സ്ഥാപിച്ചിരുന്നു. 40 അടി ഉയരത്തിലുള്ള കട്ടൗട്ടാണ് ആരാധകർ സ്ഥാപിച്ചത്.

അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും വാർത്ത ഏറ്റെടുത്തു. കേരളത്തിലെ, പ്രത്യേകിച്ച് മലബാറിലെ ഫുട്‌ബോൾ ആരാധകരുടെ ആവേശപ്പെരുമ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബ്രസീൽ ആരാധകർ ഇതിനു സമീപം നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്.

ഇതിൽ നിന്ന് ആവേശമുൾക്കൊണ്ട് താമരശേരി പരപ്പൻപൊയിലിൽ ദേശീയ പാതയോരത്ത് ക്രിസ്റ്റ്യാനോ റൊണാൽഡോയുടെ ആരാധകർ 45 അടി ഉയരത്തിലുള്ള കട്ടൗട്ടും ഉയർത്തി. ആരാധകരുടെ കട്ടൗട്ട് മൽസരം അരങ്ങു തകർക്കുമ്പോഴാണ് പരാതിയിൽ പഞ്ചായത്തിന്റെ നടപടി വന്നിട്ടുള്ളത്. പുഴയിൽ നിലവിൽ അരയറ്റം വെള്ളം മാത്രമാണുള്ളതെന്ന് വീഡിയോകളിൽ വ്യക്തമാണ്.

ജൂനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പരിശോധന നടത്തിയിരുന്നു. കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസം സൃഷ്ടിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഉടനടി ഇവ നീക്കം ചെയ്യാനുള്ള നീക്കം ചെയ്യാനുള്ള നിർദ്ദേശം പഞ്ചായത്ത് നൽകിയിട്ടുള്ളത്. സ്ഥലത്ത് പരിശോധന നടത്തിയെന്നും വസ്തുതകൾ ബോധ്യപ്പെട്ടതിനാലാണ് കട്ടൗട്ടുകൾ നീക്കാൻ നിർദ്ദേശം നൽകിയതെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.