- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പത്താം തീയതി ജന്മദിനം: ഒമ്പതിന് കുടുംബത്തിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ ശവകുടീരത്തില്‍; ജന്മദിനത്തില്‍ തന്നെ പക്ഷാഘാതവും സംഭവിച്ചു: എംജി കണ്ണന് യാത്രയാകുന്നത് അവസാനമായി പ്രിയ നേതാവിനെ വണങ്ങിയ ശേഷം
പത്തനംതിട്ട: മേയ് 10 നായിരുന്നു ഇന്നലെ അന്തരിച്ച ഡിസിസി വൈസ് പ്രസിഡന്റ് എം.ജി. കണ്ണന്റെ ജന്മദിനം. അന്ന് രാവിലെയാണ് അദ്ദേഹത്തിന് പക്ഷാഘാതമുണ്ടായതും തലച്ചോറില്‍ രക്തസ്രാവം സംഭവിച്ച് മരണത്തിലേക്ക് നീങ്ങിയതും. ജന്മദിനത്തില്‍ പ്രിയ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ശവകുടീരം സന്ദര്‍ശിക്കണമെന്ന് കണ്ണന്‍ തീരുമാനിച്ചിരുന്നു. ചില അസൗകര്യങ്ങള്‍ അന്നുള്ളതിനാല്‍ ഒമ്പതാം തീയതി കണ്ണന്‍ കുടുംബത്തെയും കൂട്ടി പുതുപ്പളളിയില്‍ എത്തി. ഉമ്മന്‍ചാണ്ടിയുടെ ശവകുടീരത്തില്‍ പൂവ് വച്ച് പ്രാര്‍ഥിച്ചു.
പുതുപ്പള്ളി പള്ളിയില്‍ കുര്‍ബാനയും കൂടി മടക്കം. 10 ന് ഉച്ചയോടെ രക്തസമ്മര്‍ദം മൂര്‍ഛിച്ച് കണ്ണന് പക്ഷാഘാതം വന്നത്. ഉടന്‍ തന്നെ മുത്തൂറ്റ് ആശുപത്രിയിലും അവിടെ നിന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചു. തലച്ചോറിനുള്ളിലെ രക്തസ്രാവത്തിന് ശസ്ത്രക്രിയ നടത്തി. സുഖം പ്രാപിക്കുമെന്നൊരു തോന്നലുണ്ടായപ്പോഴാണ് പെട്ടെന്ന് നില വഷളായതും വെന്റിലേറ്ററിലേക്ക് മാറ്റിയതും. രാത്രിയില്‍ നില അതീവഗുരുതരമായി. ഒടുവില്‍ ബന്ധുക്കളുടെയും പാര്‍ട്ടി നേതാക്കളുടെയും സമ്മതത്തോടെ ഇന്നലെ രാവിലെ 11. 35 ന് വെന്റിലേറ്റര്‍ മാറ്റുകയായിരുന്നു. കണ്ണന്റെ മകന് ചെറുപ്രായത്തില്‍ രക്താര്‍ബുദം ബാധിച്ചു. അന്ന് ചികില്‍സയ്ക്ക് വേണ്ട മുഴുവന്‍ ക്രമീകരണങ്ങളും സഹായങ്ങളും തിരുവനന്തപുരം ആര്‍.സി.സിയില്‍ ചെയ്തു കൊടുത്തത് ഉമ്മന്‍ചാണ്ടിയായിരുന്നു.
കഴിഞ്ഞ തവണ അടൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ കണ്ണന് അവസരമൊരുക്കിയതും അദ്ദേഹമായിരുന്നു. കണ്ണന്‍ എവിടെ വിളിച്ചാലും ആ പരിപാടികള്‍ക്കൊക്കെ ഉമ്മന്‍ ചാണ്ടി എത്തുമായിരുന്നു. ചെന്നീര്‍ക്കരയിലെ ഏതൊരു ചെറിയ പരിപാടിക്ക് പോലും കണ്ണന്റെ ഒറ്റ വിളിയില്‍ ഉമ്മന്‍ചാണ്ടി എത്തുന്നത് പതിവായി.
കോണ്‍ഗ്രസ് പ്രസ്ഥാനം ആ കുടുംബത്തോടൊപ്പം ഉണ്ടാകും: കെ.സി വേണുഗോപാല്‍: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി എം.ജി. കണ്ണനെ കുറിച്ച് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പാണ് എഴുതിയത്. അതിങ്ങനെ:
പത്ര വിതരണ ഏജന്റ് കൂടിയായതിനാല്‍ അതിരാവിലെയാണ് കണ്ണന്റെ ഒരു ദിനം ആരംഭിച്ചിരുന്നത്. പിന്നീടുള്ള സമയം മുഴുവന്‍ അയാള്‍ ഓടിക്കൊണ്ടിരുന്നത് സ്വന്തം ആവശ്യങ്ങളേക്കാളുപരി സമൂഹത്തിന്റെയും സഹജീവികളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയാണ്. സമരങ്ങളും, സാമൂഹിക പ്രവര്‍ത്തനവും ഇടവേളകളില്ലാതെ തുടര്‍ന്നുകൊണ്ടിരുന്ന ജീവിതത്തില്‍ കൃത്യ സമയത്ത് ആഹാരം കഴിക്കാനോ ആരോഗ്യം ശ്രദ്ധിക്കാനോ കഴിയാതെ പോകുന്ന അനേകം രാഷ്ട്രീയക്കാരുടെ പ്രതിനിധിയാണ് കണ്ണന്‍.
ഈ ചെറിയ കാലയളവിലെ ജീവിതം മുഴുവന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും വേണ്ടിയാണ് ആ ചെറുപ്പക്കാരന്‍ ഉഴിഞ്ഞുവച്ചത്. സ്വന്തം കഷ്ടപ്പാടുകള്‍ക്കിടയിലും മുഖത്തൊരു ചിരിയുമായി അപരന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ എന്നും കണ്ണന്‍ മുന്നിലുണ്ടായിരുന്നു. ഇന്ന് കണ്ണനെ അവസാനമായി പരുമലയില്‍ ഹോസ്പിറ്റലിലെത്തി കണ്ടു. അതിനുശേഷം ചെന്നീര്‍ക്കരയിലെ വീട്ടിലെത്തി പിതാവിനെയും ഭാര്യയെയും മക്കളെയും സന്ദര്‍ശിച്ചു. അവരുടെ വാക്കുകളിലും പ്രതിധ്വനിച്ചത് കണ്ണന് പ്രസ്ഥാനത്തോടുണ്ടായിരുന്ന വൈകാരികമായ ആത്മാര്‍ത്ഥത തന്നെയാണ്.
ഭാര്യയുടെ തുച്ഛമായ വരുമാനം കൊണ്ടാണ് ആ കുടുംബം മുന്നോട്ടു പോയിരുന്നത്. പരിമിതമായ ജീവിത സാഹചര്യങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഒരു കുടുംബം. 15 വയസ്സ് പ്രായമുള്ള ശിവകിരണിനും 10 വയസ്സ് മാത്രം പ്രായമുള്ള ശിവഹര്‍ഷിനും അച്ഛന്‍ ഇനി ഒപ്പമില്ലെന്ന യാഥാര്‍ഥ്യത്തെ ഇപ്പോഴും പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ലോകത്തിനു മുമ്പില്‍ ചിരിക്കുമ്പോഴും സ്വന്തം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മറ്റുള്ളവരോട് പങ്കുവയ്ക്കുന്ന പ്രകൃതക്കാരന്‍ ആയിരുന്നില്ല കണ്ണന്‍.
കുടുംബത്തിന്റെ അവസ്ഥ പങ്കുവയ്ക്കാതെയാണ് കണ്ണന്‍ യാത്രയായതെങ്കിലും ആ കുടുംബം നിരാലംബരാകില്ല. ഇത്രയും നാള്‍ കണ്ണന്‍ ജീവിതം സമര്‍പ്പിച്ച കോണ്‍ഗ്രസ് പ്രസ്ഥാനം ആ കുടുംബത്തോടൊപ്പം ഉണ്ടാകും. ആ ഉറപ്പു മാത്രമാണ് ഈ നിമിഷം പറയാനുള്ളത്.