- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് എസ് എൽ സി പോലും പാസാകാതെ തൂപ്പുകാരിയായി ഒരു വർഷം കഴിഞ്ഞ് പ്യൂണായി; പിന്നീട് പത്താംക്ലാസും ഡിഗ്രിയും നേടി അസിസ്റ്റന്റുമായി; നിയമനം ചട്ടവിരുദ്ധമെന്ന ധനകാര്യ പരിശോധനാവിഭാഗത്തിന്റെ റിപ്പോർട്ടും മുക്കി; എല്ലാത്തിനും കുട പിടിച്ചത് സർവ്വകലാശാലാ ഉന്നതർ; കൈക്കൂലിയിൽ കുടുങ്ങി പുറത്തേക്ക്; എൽസിയെ പിരിച്ചു വിടും; എം ജി സർവ്വകലാശാലയിൽ ശുദ്ധികലശം
കോട്ടയം. കൈക്കൂലി കേസിൽ സസ്പെൻഷനിൽ കഴിയുന്ന എംജി സർവകലാശാല പരീക്ഷാ ഭവനിലെ അസിസ്റ്റന്റ് സി.ജെ.എൽസിയെ സർവീസിൽ നിന്നു നീക്കം ചെയ്യാൻ സിൻഡിക്കേറ്റിലെ അംഗങ്ങൾക്കിടയിൽ ധാരണ. ഇവരെ പിരിച്ചു വിടാൻ ശുപാർശ ലഭിച്ച സാഹചര്യത്തിലാണ് സിൻഡിക്കേററ് അംഗങ്ങൾ അനൗദ്യോഗിക ധാരണയുണ്ടാക്കിയത്. സർവ്വകലാശാലയിലെ കൈക്കൂലി മാഫിയക്ക് അറുതി വരുത്തുക എന്ന ലക്ഷ്യം കൂടി വച്ച് സിൻഡിക്കേറ്റ് യോഗം വിളിച്ചിരിക്കുകയാണ് വിസി.
എല്ലാ അന്വേഷണ റിപ്പോർട്ടുകളും എൽസിക്ക് എതിരാണ്. 22നു ചേരുന്ന സിൻഡിക്കറ്റ് യോഗം ഈ റിപ്പോർട്ടുകൾ ചർച്ച ചെയ്യും. .എംബിഎ പ്രൊവിഷനൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും വേഗം കൈമാറുന്നതിന് തിരുവല്ല സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ കയ്യിൽ നിന്നു പലതവണയായി എൽസി 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു കേസ്. 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജനുവരി 29നാണ് ഇവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. വിജിലൻസ്, എംജിയിലെ നാലംഗ സിൻഡിക്കറ്റ് കമ്മിഷൻ, രജിസ്റ്റ്രാർ, അസിസ്റ്റന്റ് രജിസ്റ്റ്രാർ എന്നിവരാണു സംഭവത്തിൽ അന്വേഷണം നടത്തിയത്.
വിജിലൻസ് റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് എസ്പി വി.ജി.വിനോദ് കുമാർ പറഞ്ഞു. സിൻഡിക്കറ്റ് കമ്മിഷൻ റിപ്പോർട്ട് വിസിക്കു നൽകിയിരുന്നു. ഈ റിപ്പോർട്ടാണു സിൻഡിക്കറ്റ് യോഗം ചർച്ച ചെയ്യുന്നത്. അസിസ്റ്റന്റ് രജിസ്റ്റ്രാറുടെ നേതൃത്വത്തിൽ വകുപ്പുതല ആഭ്യന്തര അന്വേഷണമാണു നടന്നത്. മാർക്ക് ലിസ്റ്റിന് വേണ്ടി വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എൽസി നേരത്തെയും സമാന സാഹചര്യത്തിൽ പണം വാങ്ങിയിരുന്നു.
സർവകലാശാലയിലെ മാർക്ക് ലിസ്റ്റിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. 2016 മുതൽ എംബിഎ വിഭാഗത്തിൽ ജോലി ചെയ്യുന്ന എൽസി ആദ്യ നിയമനം നേടിയെടുത്തത് എസ്എസ്എൽസി പോലും പാസാകാതെ ആണ്. 2009 മുതൽ താൽകാലിക വേതനത്തിൽ തൂപ്പുകാരിയാണ് അപ്പോഴും സർവ്വകലാശാല ഭരിച്ചിരുന്നത് ഇവർ തന്നെയായിരുന്നു.. 2010 ൽ ചില ഇളവുകൾ മുതലെടുത്തു എസ്എസ്എൽസി പോലും പാസാകാതെ പ്യൂൺ തസ്തികയിലെത്തി. ഇതിന് സർവ്വകലാശാലയിലെ ചില ഉന്നതരും ചില രാഷ്ട്രീയക്കാരും ചരടുവലിച്ചു. എഴുത്തു പരീക്ഷയില്ലാതെ ആയിരുന്നു നിയമനം. എഴുത്ത് പരീക്ഷ ഒഴിവാക്കാനാണ് ഇടപെടൽ നടന്നത്.
എസ്എസ്എൽസി, ഡിഗ്രീ യോഗ്യത പരീക്ഷകൾ ജയിച്ച ശേഷം 2016 ൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നേടി. ഇതിനും വഴിവിട്ട സഹായങ്ങൾ എൽസിക്ക് കിട്ടി. പിഎസ്സിക്ക് വിട്ട നിയമനങ്ങൾ പ്രബാല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ തിരക്കിട്ട നിയമനം. എം ജി സർവകലാശാല എംപ്ലോയിസ് അസോസിയേഷൻ സജീവ അംഗമായ എൽസി ഈ സ്വാധീനങ്ങൾ എല്ലാം ഉപയോഗിച്ചാണ് പദവികൾ നേടിയെടുത്തതെന്ന് വ്യക്തം. എൽസിയുടെ നിയമനത്തിൽ ചട്ടലംഘനമില്ലെന്നാണ് വിസിനിലപാട് എടുത്തത്. പക്ഷേ സർവകലാശാലയിലെ ഏതോ അലമാരയിൽ പൊടിയടിച്ചിരിക്കുന്ന ധനകാര്യ പരിശോധന വിഭാഗത്തിന്റൈ 2020 ജനുവരിയിലെ റിപ്പോർട്ടിൽ എൽസിയുടെ നിയമനം അനധികൃതമാണന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബൈട്രാൻസ്ഫർ നിയമനങ്ങളുടെ ചട്ടം ലംഘിച്ചാണ് 2017ൽ 10 പേരുടെ സ്ഥാനത്ത് എൽസി ഉൾപ്പെടെ 28 പേരെ നിയമിച്ചത്.
ക്രമക്കേടിന്റെ വഴി ഇങ്ങനെ
എൻട്രി കേഡർ അസിസ്റ്റന്റിന്റെ 238 തസ്തികൾ. അതിന്റെ നാല് ശതമാനം പേർക്ക് ബൈട്രാൻസ്ഫർ നൽകാമെന്ന് ചട്ടം. അതായത് താഴ്ന്ന തസ്തികയിൽ 4 വർഷം സർവീസ് പൂർത്തിയാക്കിയ 10 പേർക്ക്. പക്ഷേ വേണ്ടപ്പെട്ടവർക്കായി ചട്ടം ചിട്ടപ്പെടുത്തി. എല്ലാ അസിസ്റ്റന്റ് തസ്തികയുടേയും ആകെ ഒഴിവായ 712ന്റെ നാല് ശതമാനമാക്കി. അങ്ങനെ എൽസി ഉൾപ്പെടെ 18 പേർക്ക് പിൻവാതിൽ നിയമനം. ഈ പതിനെട്ട് നിയമനങ്ങളും റദ്ദാക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം പറയുന്നു.
എൽസിയുടെ ബാങ്ക്, ഓഫീസ്, ഫോണ് രേഖകൾ എന്നിവ വിശദമായി വിജിലൻസ് പരിശോധിച്ചിരുന്നു. പത്തനംതിട്ട തിരുവല്ല സ്വദേശിയിൽ നിന്ന് എൽസി കൈക്കൂലി വാങ്ങിയെടുത്തത് കോവിഡ്കാലത്തെ പരീക്ഷകളിലെ അനിശ്ചിതത്വം മുതലെടുത്തായിരുന്നു. മേഴ്സി ചാൻസിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിനിയോട് ജയിച്ചില്ലെന്നും ജയിപ്പിച്ചു തരാമെന്നും പറഞ്ഞു പണം വാങ്ങി. പല ഘട്ടങ്ങളായാണ് എംബിഎ പരീക്ഷ നടന്നത്. ഫലത്തിലും ആശയക്കുഴപ്പങ്ങൾ വന്നു. സിൻഡിക്കേറ്റ് അംഗം ഡോ. ടി ഹരികൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് സർവ്വകലാശാല തലത്തിൽ അന്വേഷണം നടത്തിയത്. അതേസമയം, കൈക്കൂലി വാങ്ങിയത് എൽസി മാത്രമാണെന്നും സിൻഡിക്കേറ്റ് ഉപസമിതി കണ്ടെത്തി. എം ജി സർവകലാശാലയിയെ എം ബി എ സെക്ഷൻ ഓഫീസർക്ക് ജാഗ്രത കുറവുണ്ടായി എന്നും സിൻഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിരുന്നു.
സർവ്വകലാശാലയുടെ മൂല്യനിർണയ രീതികളിൽ മാറ്റം വരുത്താനും സിൻഡിക്കേറ്റ് ഉപസമിതി ശുപാർശ നൽകിയിട്ടുണ്ട്. 7000 ഡിഗ്രി സർട്ടിഫിക്കറ്റുകൾ ആണ് സർവകലാശാലയിൽ കെട്ടിക്കിടക്കുന്നത് എന്നും സമിതി കണ്ടെത്തി. പരീക്ഷാ ഫലങ്ങളിലെ കാലതാമസം ഒഴിവാക്കാൻ പ്രത്യേക ക്യാംപുകൾ വേണമെന്നും സിൻഡിക്കേറ്റ് ഉപസമിതി സമിതി ശുപാർശ നൽകി. വിജിലൻസ് റിപ്പോർട്ട് പ്രകാരം പത്തനംതിട്ട യിലെ തിരുവല്ല സ്വദേശിയിൽ നിന്നാണ് എൽസി ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിലെ 15000 രൂപ സർവകലാശാല ഓഫീസിൽ വച്ച് കൈപ്പറ്റിയപ്പോഴാണ് വിജിലൻസ് നാടകീയമായി എൽസിയെ പിടികൂടിയത്. വിജിലൻസ് എസ്പി വി ജി വിനോദ് കുമാറിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കെണി ഒരുക്കിയത്.
എം.ജി സർവകലാശാല കൈക്കൂലി കേസിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവും പറഞ്ഞിരുന്നു.സർവ്വകലാശാലയോടു അടിയന്തിര റിപ്പോർട്ട് മന്ത്രി തേടിയിരുന്നു. സംഭവത്തിൽ സർവ്വകലാശാല രണ്ട് ജീവനക്കാരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്