കോട്ടയം: എം ജി സർവകലാശാലയുടെ വിവരക്കേട് മൂലം തന്റെ മകളുടെ ഒരു അധ്യയനം വർഷം നഷ്ടമായതായി, വിശ്വസഞ്ചാരിയും മാധ്യമ പ്രവർത്തകനുമായ സന്തോഷ് ജോർജ് കുളങ്ങരയുടെ വെളിപ്പെടുത്തലിനെതിരെ സർവകലാശാലാ രജിസ്ട്രാർ ഡോ കെ. ജയചന്ദ്രൻ രംഗത്ത്. ഇന്റർനാഷണൽ ബാക്കലോറിയേറ്റിന് (ഐ ബി) ശേഷമുള്ള മകളുടെ തുടർപഠനവുമായി ബന്ധപ്പെട്ട്, വസ്തുതകൾ പരിശോധിക്കാതെ സർവകലാശാലയെയും ജീവനക്കാരെയും ആക്ഷേപിക്കുന്ന രീതിയിലാണ് സന്തോഷ് ജോർജ് കുളങ്ങര ദൗർഭാഗ്യകരമായ പ്രസ്താവന നടത്തിയതെന്ന് കെ. ജയചന്ദ്രൻ പത്രക്കുറിപ്പിൽ പറയുന്നു.

വാർത്താക്കുറിപ്പിന്റെ പൂർണ്ണ രൂപം : ഇന്റർനാഷണൽ ബാക്കലോറിയേറ്റ് ( ഐബി) മഹാത്മാ ഗാന്ധി സർവകലാശാല 2007 മുതൽ അംഗീകരിച്ചിട്ടുള്ള പരീക്ഷകളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്. സർവകലാശാല 2007-ൽ പ്രസിദ്ധീകരിച്ച അംഗീകൃത ബിരുദങ്ങളുടെയും പരീക്ഷകളുടെയും പട്ടികയിൽ ഐബിയും (പ്രീ-ഡിഗ്രി) ഉണ്ട്. ഇക്കാലയളവിൽ ഡിപ്ലോമയ്ക്കും പ്രീ ഡിഗ്രിക്കും പ്രത്യേക യോഗ്യതാ ചട്ടങ്ങളാണ് ബന്ധപ്പെട്ട ബോർഡ് ഓഫ് സ്റ്റഡീസുകൾ നിഷ്‌കർഷിച്ചിരുന്നത്.

2017നുശേഷം ഓൺലൈനിൽ ശരിയായ രീതിയിൽ അപേക്ഷ സമർപ്പിച്ച ഐബി യോഗ്യതയുള്ളവർക്ക് തുടർ പഠനത്തിന് ആവശ്യമായ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സർവകലാശാല നൽകിയിട്ടുണ്ട്. ഇക്കാലയളവിനു മുൻപു നൽകിയ സർട്ടിഫിക്കറ്റുകളുടെ പൂർണ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ മകൾ 2016-17 അധ്യയന വർഷത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാമിലാണ് പ്രവേശനമെടുത്തിരുന്നത്.

സ്വയംഭരണ കോളേജുകളിലെ പ്രവേശന നടപടികൾ പൂർണ്ണമായും കോളേജാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ പ്രവേശന സംബന്ധമായ വിവരങ്ങൾ പ്രവേശനം പൂർത്തിയായതിനു ശേഷം 30 ദിവസങ്ങൾക്കുള്ളിൽ കോളജ് സർവകലാശാലയിൽ സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ പ്രസ്തുത വിദ്യാർത്ഥിനി 2016 ജൂലൈ എട്ടിനാണ് 534508 എന്ന ചെലാൻ പ്രകാരം ഫീസ് അടച്ച് കോളജിൽ സമർപ്പിക്കുന്നതിനുള്ള എലിജിബിലിറ്റി സർട്ടിഫിക്കറ്റിനായി സർവകലാശാലയിൽ അപേക്ഷ സമർപ്പിച്ചത്. അപേക്ഷയിൽ തുടർ നടപടി സ്വീകരിച്ച ് 2016 ഒക്ടോബർ അഞ്ചിന് സർവകലാശാല അപേക്ഷകയ്ക്ക് അറിയിപ്പ് നൽകിയിരുന്നു.

പഠനമാരംഭിച്ച് ഒരു വർഷത്തിനു ശേഷമാണ് സർവകലാശാല മറുപടി നൽകിയതെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. എങ്കിലും ഇതുമായി ബന്ധപ്പെട്ട് സർവകലാശാലയുടെ ഭാഗത്തുനിന്നും എന്തെങ്കിലും ന്യൂനതകൾ സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിച്ചുവരികയാണ്. വസ്തുതകൾ പരിശോധിക്കാതെ സർവകലാശാലയെയും ജീവനക്കാരെയും ആക്ഷേപിക്കുന്ന രീതിയിൽ സന്തോഷ് ജോർജ് കുളങ്ങര നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമാണ്."- ഇങ്ങനെയാണ് പത്രക്കുറിപ്പ് അവസാനിക്കുന്നത്്.

'ഐ ബി അറിയാത്ത കിഴങ്ങന്മാർ'

സന്തോഷ് ജോർജ് കുളങ്ങര തന്റെ മകൾക്കുണ്ടായ ഒരു ദുരനുഭവം പറയുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയിൽ വൈറലായത്. ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജി നടത്തിയ ഒരു സെമിനാറിലാണ് അദ്ദേഹം കേരളാ മോഡൽ വിദ്യാഭ്യാസത്തിന്റെ പൊള്ളത്തരം പറയുന്നത്. മൂൻ എം ജി വാഴ്സിറ്റി വിസിക്കൊപ്പം സദസ്സിലിരുന്നാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്.സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകളുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. -"എന്റെ മകൾ പത്താം ക്ളാസുവരെ ഞങ്ങളുടെ തന്നെ സ്‌കൂളിലാണ് പഠിച്ചത്. എന്റെ പിതാവാണ് അന്നും ഇന്നും സ്ഥാപനത്തിന്റെ ചെയർമാൻ. പത്താം ക്ളാസിന് ശേഷം അവൻ എന്റെ പിതാവിനോട് പറഞ്ഞു. അച്ചാച്ചാ നമ്മുടെ സ്‌കൂളിൽ തന്നെ പഠിച്ചതുകൊണ്ട് എനിക്കു കിട്ടുന്ന മാർക്കിൽ എനിക്കുതന്നെ സംശയമുണ്ട്. അച്ചാച്ചനെ പേടിച്ച് ടീച്ചേർസ് ഫ്രീയായിട്ട് മാർക്ക് തരുന്നുണ്ടോയെന്ന് സംശയമുണ്ട്. അതുകൊണ്ട് ഇനി ഞാൻ മറ്റേതെങ്കിലും സ്‌കൂളിൽ പോയി പഠിക്കാം. എനിക്കെത്ര മാർക്ക് കിട്ടുമെന്ന് കൃത്യമായി എനിക്ക് അറിയാമല്ലോ? ഫാദർ സമ്മതിച്ചു.

അങ്ങിനെ അവൾ കൊടൈക്കനാലിലെ ഇന്റർനാഷണൽ സ്‌കൂളിൽ ചേർന്നു പഠിച്ചു. ഇന്റർനാഷണൽ ബാക്കലോറിയേറ്റ് (ഐ ബി) ആണ് അവിടുത്തെ സിലബസ്. അത്യാവശ്യം നന്നായി പഠനം കഴിഞ്ഞ് തിരിച്ചെത്തി. തുടർന്ന് ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ അഡ്‌മിഷൻ കിട്ടി. ഒരു വർഷം കഴിഞ്ഞപ്പോൾ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്ന് മകൾക്ക് ഒരു കത്ത് വന്നു.നിങ്ങളുടെ കോഴ്‌സ് ഞങ്ങൾ അംഗീകരിക്കുന്നില്ല, തിരിച്ചുപൊയ്‌ക്കോളൂ എന്ന്. ഐ ബി സിലബസ് പഠിച്ചുവന്ന ഒരാളെ ഗാന്ധി യൂണിവേഴ്‌സിറ്റി പുറത്താക്കി. എന്റെ മകളുടെ ഒറ്റവർഷം നഷ്ടപ്പെട്ടു. ഐ ബി എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിലുള്ളതെന്ന് മുൻ വൈസ് ചാൻസിലറെ മുന്നിൽ ഇരുത്തികൊണ്ട് ഞാൻ പറയുകയാണ്. ഇവന്മാരല്ലേ നമ്മുടെ വിദ്യാഭ്യാസത്തെ പരിഷ്‌കരിക്കാൻ പോകുന്നത്. നല്ല മാർക്കുണ്ടായിരുന്നതുകൊണ്ട് അവൾക്ക് ബംഗളൂരുവിൽ അഡ്‌മിഷൻ കിട്ടി."- ഇങ്ങനെയായിരുന്നു സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ.

ഈ വീഡിയോ വൈറൽ ആവുകയും വാർത്തയാവുകയും ചെയ്തതോടെയാണ് സർവകലാശാല പ്രതികരിച്ചത്. എന്നാൽ സർവകലാശാലയുടെ വിശദീകരണത്തിനുശേഷം പുതിയ പ്രതികരണമൊന്നും സന്തോഷ് ജോർജ് കുളങ്ങര നടത്തിയിട്ടില്ല. പക്ഷേ സർവകലാശാലയുടെ ഈ പത്രക്കുറിപ്പിലും കാര്യങ്ങൾ വ്യക്തമല്ല എന്ന് പലരും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നുണ്ട്.