- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിമുടി ചട്ടലംഘനം; അദ്ധ്യാപകർക്ക് യോഗ്യതയില്ല; ഹാജരില്ലാത്ത വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചു; പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സയൻ ലോ കോളജ് പ്രിൻസിപ്പാളിനെ നീക്കാൻ യൂണിവേഴ്സിറ്റിയുടെ ഉത്തരവ്; അഫിലിയേഷൻ റദ്ദാക്കാനും ശുപാർശ
പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സയൻ ലോകോളജിൽ അദ്ധ്യാപകരുടെ നിയമനത്തിലും വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയതിലും അടിമുടി ചട്ടലംഘനം നടന്നുവെന്ന് എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് കണ്ടെത്തി. ഈ സാഹചര്യത്തിൽ പ്രിൻസിപ്പാളിനെ നീക്കം ചെയ്യാൻ കോളജ് മാനേജർക്ക് നിർദ്ദേശം നൽകി.
കോളജിന്റെ അഫിലിയേഷൻ പുനഃപരിശോധിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. തുടരന്വേഷണത്തിന് ഏകാംഗ കമ്മിഷനെയും നിയോഗിച്ചു. വിവിധ വിദ്യാർത്ഥികൾ നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തിയ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റിന്റെ തീരുമാനം.
അപാകതകൾ പരിഹരിച്ച് യൂണിവേഴ്സിറ്റി മാനദണ്ഡ പ്രകാരം അദ്ധ്യാപക നിയമനം നടത്തി പട്ടിക യൂണിവേഴ്സിറ്റിയിൽ ഹാജരാക്കണം. ജെയസൺ ജോസഫ് സാജൻ എന്ന വിദ്യാർത്ഥിയുടെ പുറത്താക്കൽ നടപടി പിൻവലിച്ച് തുടർ പഠനത്തിന് അവസരം നൽകണം. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ജയ്സൺ വരുത്തിയ പാകപ്പിഴക്കുള്ള ശിക്ഷയായി പുറത്തു നിർത്തിയ കാലഘട്ടം പരിഗണിക്കണം. പരാതിക്കാരിൽ ചിലരുടെ മൊഴി ഇതു വരെ രേഖപ്പെടുത്താത്ത സാഹചര്യത്തിൽ തുടരന്വേഷണത്തിന് ഏകാംഗ കമ്മിഷനായി ഡോ. ബിജു പുഷ്പനെ നിയമിച്ചു.
മതിയായ ഹാജർ ഇല്ലാത്ത വിദ്യാർത്ഥികളിൽ ചിലരെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിച്ചത് റദ്ദാക്കാൻ പരീക്ഷാ വിഭാഗത്തിന് നിർദ്ദേശം നൽകും. സർവകലാശാല നിഷ്‌കർഷിക്കുന്ന യോഗ്യത ഇല്ലാത്ത അദ്ധ്യാപകരെ നിയമിക്കുകയും അർഹതയില്ലാത്ത വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുകയും വഴി സർവകലാശാല അഫിലിയേഷൻ ചട്ടങ്ങളുടെ ലംഘനം നടത്തിയതിനാൽ അഫിലിയേഷൻ പുനഃപരിശോധിക്കും. ഹാജർ കുറവുള്ള വിദ്യാർത്ഥികളെ നിയമ വിരുദ്ധമായി പരീക്ഷ എഴുതാൻ അനുവദിച്ച കോളജ് പ്രിൻസിപ്പാളിനെ തൽസ്ഥാനത്ത് നിന്ന് നീക്കുന്നതിന് മാനേജർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്