- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല; തുറക്കാന്‍ കഴിയാത്ത വായയും സ്ഥാനം തെറ്റിയ തുറക്കാത്ത കണ്ണും ഹൃദയത്തിലെ ദ്വാരവും സ്‌കാനിംഗില്‍ തെളിയാത്തത് വന്‍ വീഴ്ച; മിഡാസിലും ശങ്കേഴ്സിലും സംഭവിച്ചത് ഗുരുതര വീഴ്ച; അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം ക്രിമിനല്‍ കേസ്; ആരോഗ്യ വകുപ്പില്‍ ആലോചന സജീവം

തിരുവനന്തപുരം: ആലപ്പുഴയിലെ അസാധാരണ വൈകല്യത്തോടെ ജനിച്ച ശിശുവിന്റെ ചികിത്സാപിഴവ് സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ കണ്ടെത്താത്ത സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. വീഴ്ച ഉണ്ടായവര്‍ക്കെതിരെയെല്ലാം ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടു ലാബുകള്‍ പൂട്ടിയിട്ടുണ്ട്.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ ഇല്ലാത്തതായിരുന്നില്ല പ്രശ്നമെന്നും ചില ടെസ്റ്റുകള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ സന്നദ്ധരാകാത്തതായിരുന്നു പ്രശ്നമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ രണ്ട് സ്‌കാനിങ് സെന്ററുകള്‍ ഇന്നലെ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തിരുന്നു. ഈ ലാബുകള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിച്ചേക്കും. അതിന് നിയമോപദേശവും ആരോഗ്യ വകുപ്പ് തേടിയേക്കും. അതിനിടെ അട്ടിമറിക്കും സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ട്. അതു വിജയിച്ചാല്‍ പൂട്ടിയ ലാബുകള്‍ മറ്റൊരിടത്ത് കുറച്ചു കാലം കഴിയുമ്പോള്‍ തുറക്കും.
ആലപ്പുഴ അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയും സ്‌കാന്‍ ചെയ്ത മിഡാസ്, ശങ്കേഴ്‌സ് എന്നീ ലാബുകള്‍ക്കെതിരെയും പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു നടപടി. തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധസംഘം മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോക്ടര്‍ വി മീനാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവുണ്ടായി എന്നാണ് വിലയിരുത്തല്‍.
ആലപ്പുഴ നവറോജി പുരയിടത്തില്‍ സുറുമിയ്ക്കാണ് ഗുരുതര ശാരീരിക വൈകല്യങ്ങളോടെ ശിശു ജനിച്ചത്. ഗര്‍ഭസ്ഥാവസ്ഥയില്‍ ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ഇവിടെയുള്ള ഡോക്ടറുടെ വീട്ടിലുമാണ് സുറുമി ചികിത്സ തേടിയത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം പലതവണ സ്‌കാനിങ്ങിനും വിധേയയായി. സ്‌കാനിങ് റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍ ഗര്‍ഭസ്ഥ ശിശുവിന് കുഴപ്പമൊന്നും ഇല്ലെന്നാണ് മാതാപിതാക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രസവശേഷമാണ് ശിശുവിന് ഗുരുതര അംഗപരിമിതികള്‍ ഉള്ളതായി അറിയുന്നത്. ചികിത്സിച്ച ഡോക്ടര്‍ക്കും സ്‌കാനിങ് നടത്തിയ സ്വകാര്യ ലാബിനും വീഴ്ച വന്നതായി ആരോപിച്ചാണ് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയത്.
കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാന്‍ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികള്‍ വ്യക്തമാക്കുന്നത്. പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത്തെ കുട്ടിക്കാണ് അസാധരണ വൈകല്യം കണ്ടെത്തിയത്.
വൈകല്യങ്ങള്‍ ഗര്‍ഭകാലത്തെ സ്‌കാനിംഗില്‍ ഡോക്ടര്‍മാര്‍ അറിയിച്ചില്ലെന്നാണ് ദമ്പതികളുടെ പരാതി. ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും എതിരെയാണ് ദമ്പതികള്‍ കേസ് നല്‍കിയിരിക്കുന്നത്.സ്വകാര്യ ലാബില്‍ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്നാണ് ദമ്പതികള്‍ പറയുന്നത്.
മിഡാസ് ലാബ്, ശങ്കേഴ്‌സ് ലാബ്, ആലപ്പുഴ, കടപ്പുറം ആശുപത്രി


