ണ്ണയും സ്വര്‍ണ്ണവും. ഗള്‍ഫ്രാജ്യങ്ങളുടെ സാമ്പത്തിക കരുത്തിന് പിന്നില്‍ ഈ രണ്ടുഘടകങ്ങള്‍ ആയിരുന്നു. പക്ഷേ കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഈ രണ്ടുമേഖലകളിലും കനത്ത തിരിച്ചടി നേരിട്ടതോടെ ഗള്‍ഫ് മേഖലയില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയുണ്ടെന്നാണ് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുകയാണ്. എണ്ണ ഉത്പാദക രാജ്യങ്ങള്‍ ഒന്നിച്ചു നിന്നിട്ടും വില പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല. അതുപോലെ സ്വര്‍ണ്ണവിപണിയായിരുന്നു, ഗള്‍ഫ് മേഖലയുടെ മറ്റൊരു കരുത്ത്. പക്ഷേ ഇപ്പോഴിതാ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പലപ്പോഴും സ്വര്‍ണ്ണത്തിന് ഗള്‍ഫിലേക്കാള്‍ വിലകുറയുകയാണ്. ഇതോടെ ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണക്കടത്തും കുറഞ്ഞിട്ടുണ്ട്.

എണ്ണ വില കൂപ്പുകുത്തുന്നു

ഗള്‍ഫ് രാജ്യങ്ങളുടെ പ്രധാന വരുമാനമാര്‍ഗം തന്നെയാണ് പെട്രോഡോളര്‍. ഇപ്പോഴിതാ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞിരിക്കയാണ്. വില ബാരലിന് 70 ഡോളറിന് താഴെയാവുന്ന സാധ്യതയും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഡിസംബറില്‍വരെ ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഡിമാന്‍ഡ് താഴ്ന്ന് നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നടപടി. പക്ഷേ ഒപെക് ഇതര രാജ്യങ്ങള്‍ ഉല്‍പ്പാദനം നിയന്ത്രിക്കാഞ്ഞതോടെ വില വീണ്ടും ഇടിഞ്ഞു.

ചൈന ഇലട്രിക്ക് വാഹനങ്ങളിലേക്ക് പോയതാണ് എണ്ണ വിപണിക്ക് വലിയ തിരിച്ചടിയായി പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപയോക്താക്കള്‍ ചൈനയാണ്. ഹൈ സ്പീഡ് ഇലട്രിക്ക് ട്രെയിനുകളും, ഗ്യാസ് ഇന്ധനം ഉപയോഗിച്ചുള്ള ട്രക്കുകളും വ്യാപകമായതോടെ ചൈനയില്‍ പെട്രോള്‍ ഡീസല്‍ ഉപയോഗം കുറയുകയാണ്. ലോകത്തിലെ മറ്റ് രാജ്യങ്ങളും ഇലട്രിക്കിലേക്ക് തിരിയുന്നതോടെ പ്രെടോഡോളര്‍ വിപണിയുടെ അന്ത്യമാവുമെന്നും പ്രവചനമുണ്ട്. ഇത് മനസ്സിലാക്കിയാണ് യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ ഐടി -ടൂറിസം അടക്കമുള്ള മേഖലയിലേക്ക് മാറുന്നത്.

മാത്രമല്ല മുമ്പൊക്കെ എണ്ണവില നിയന്ത്രിച്ചിരുന്നത്് സൗദി അറേബ്യ ഉള്‍പ്പെടുന്ന ഒപ്പെക്ക് രാജ്യങ്ങളായിരുന്നു. എന്നാല്‍ എണ്ണയിലെ പഴയ ആധിപത്യം ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കില്ല. യുഎസ്, ബ്രസീല്‍, കാനഡ്, ഗയാന തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വിപണിയിലേക്ക്് എണ്ണ ധാരാളമായി ഒഴുകുന്നുണ്ട്. ഇതോടൊപ്പം പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും എണ്ണ വിപണിയെ ബാധിച്ചു. സംഘര്‍ഷം കത്തിനിന്ന ഒക്ടോബര്‍ ആദ്യവാരത്തിനുശേഷം, ക്രൂഡ് വില ഇടിഞ്ഞത് 11 ശതമാനത്തിലേറെയാണ്.

സാധാരണനിലയില്‍ ക്രൂഡ് വിലയിലെ ഏതൊരു ഇടിവും ഇന്ത്യക്ക് നേട്ടമാവേണ്ടതാണ്. പക്ഷേ ഇത്തവണ ഡോളര്‍ കരുത്താര്‍ജിച്ചത് ഇന്ത്യക്ക് തിരിച്ചടിയാണ്. ഇന്ത്യയുടെ എണ്ണ വാങ്ങല്‍ കൂടുതലും ഡോളറിയാണ്. അതിനാല്‍ ഡോളര്‍ മൂല്യം വര്‍ധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയര്‍ത്തുകയാണ്. എണ്ണ വില കുറയുന്നതിനൊപ്പം ഡോളറിനെതിരെ രൂപ കരുത്താര്‍ജ്ജിക്കുകയും ചെയ്താല്‍ മാത്രമേ ഇന്ത്യക്ക് നേട്ടമുണ്ടാവു. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു സാധ്യതയില്ല.

കനക വിപണി എങ്ങോട്ട്?

ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് എല്ലാവരും സ്വര്‍ണ്ണത്തെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണ വിപണിയിലെ മാറ്റങ്ങള്‍ സാമ്പത്തികലോകത്ത് നിര്‍ണ്ണായകമാണ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെയില്‍ അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് ഇന്ത്യന്‍ സ്വര്‍ണവിലയില്‍ ഉണ്ടായത്. സ്വര്‍ണ്ണത്തിന്റെ ആഗോള ഡെസ്റ്റിനേഷന്‍ ആയി ഇന്ത്യ മാറിയേക്കുമെന്നു വിദഗ്ധര്‍. ഒമാന്‍, ഖത്തര്‍, സിംഗപ്പൂര്‍, യുഎഇ തുടങ്ങിയ പ്രധാന വിപണികളെ അപേക്ഷിച്ച് ഇന്ത്യയില്‍ സ്വര്‍ണ വില കൂടുതല്‍ ആകര്‍ഷകമാകുന്നതോടെ വിപണി കേന്ദ്രം ഇവിടെയാവുകയാണ്.

വിവിധ കാരണങ്ങളാല്‍, പല വിദേശ രാജ്യങ്ങളിലും, പ്രത്യേകിച്ച് ഈ മേഖലകളില്‍ സ്വര്‍ണ്ണവില ഉയരുകയാണ്. അതേസമയം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് ജയിച്ചതോടെ ഡോളര്‍ കരുത്താര്‍ജിച്ചു. ഇതു യുഎസ് ഓഹരി വിപണികളെയും ആകര്‍ഷകമാക്കിയതോടെ സ്വര്‍ണ്ണം തിരുത്തല്‍ ഘട്ടത്തിയേലയ്ക്ക് കടന്നിരുന്നു. ഇതാണ് ഇന്ത്യയിലെ പ്രാദേശിക സ്വര്‍ണ്ണവില കുറയാന്‍ പ്രധാന കാരണം. പ്രാദേശിക ഉത്സവ സീസണ്‍ കഴിഞ്ഞതും, നോമ്പ് ആരംഭിക്കുന്നതും സ്വര്‍ണ്ണ ആവശ്യകത കുറച്ചു.

ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം മിഡില്‍ ഈസ്റ്റില്‍ നാള്‍ക്കുനാള്‍ അനശ്ചിതത്വം വര്‍ധിപ്പിക്കുന്നതാണ് അവിടങ്ങളിലെ സ്വര്‍ണ്ണവിലയും, ഇന്ത്യയിലെ സ്വര്‍ണ്ണവിലയും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യയിലെ സ്വര്‍ണ്ണ വില കുറയകുയാണ്. നിലവില്‍ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കുത്തനെയുള്ള പ്രതിവാര ഇടിവാണ് സ്വര്‍ണ്ണം രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസില്‍ സ്വര്‍ണത്തിന്റെ സ്പോട്ട് വില 4.5% കുറഞ്ഞു. നിലവില്‍ ട്രോയ് ഔണ്‍സിന് 2,563.25 ഡോളറാണ് വില.

ഇന്ത്യയിലെ 24 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 7,582.3 രൂപയാണ്. പ്രതിവാരം 4.12 ശതമാനം ഇടിവാണു രേഖപ്പെടുത്തിയത്. 22 കാരറ്റ് ഗ്രാമിന് 6,952.3 രൂപയാണ് വില. ഇനി വിദേശ വിപണിയുമായുള്ള മാറ്റം ഒന്നു നോക്കാം. യുഎഇയില്‍ നിലവില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന് 76,204 രൂപയാണ്. സിംഗപ്പൂരില്‍ 76,805 രൂപയും, ഖത്തറില്‍ 76,293 രൂപയും, ഒമാനില്‍ 75,763 രൂപയുമാണ്. ആഗോള വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ ഇടിവ് നേരിടുമ്പോഴും ഈ വിലകള്‍ ഇന്ത്യന്‍ നിരക്കുകളേക്കാള്‍ വളരെ കൂടുതലാണ്.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ സ്വര്‍ണ്ണവില നിക്ഷേപകര്‍ക്കും, ആഭരണപ്രിയര്‍ക്കും കൂടുതല്‍ ആകര്‍ഷകമാണെന്നു വിദഗ്ധര്‍ പറയുന്നു. ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം ഇനിയും വര്‍ധിക്കാം. അതേസമയം രാജ്യത്ത് സ്വര്‍ണ്ണം തിരുത്തല്‍ തുടരാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെയെങ്കില്‍ കൂടുതല്‍ വിദേശീയര്‍ ഇന്ത്യന്‍ സ്വര്‍ണ്ണവിപണിയില്‍ ആകൃഷ്ടരായേക്കാം. സ്വര്‍ണ്ണത്തിന്റെ ആഗോള വിപണികേന്ദ്രം ഇന്ത്യയാവുന്ന കാലവും വിദൂരമല്ല.