കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിനു സമീപത്തെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റുമരിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഇനി സ്വന്തം വീടിന്റെ തണല്‍. മകന്റെ വിയോഗത്തില്‍ തളര്‍ന്ന മാതാപിതാക്കള്‍ക്ക് താങ്ങായി സര്‍ക്കാര്‍ നല്‍കിയ ഉറപ്പാണ് അഞ്ച് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമായത്.

ശനിയാഴ്ച രാവിലെ ഒമ്പതിന് പടിഞ്ഞാറെ കല്ലട വിളന്തറയിലുള്ള വീട്ടില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വീടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മിഥുന്റെ മാതാപിതാക്കള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറി. ദുരന്തത്തിന് പിന്നാലെ വീട് സന്ദര്‍ശിച്ച വിദ്യാഭ്യാസ മന്ത്രി, മിഥുന്റെ വലിയ ആഗ്രഹമായിരുന്ന വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് കുടുംബത്തിന് വാഗ്ദാനം ചെയ്തിരുന്നു. ആ വാക്കാണ് ഇപ്പോള്‍ കൃത്യസമയത്ത് പാലിക്കപ്പെട്ടത്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്‌സ് അസോസിയേഷനായിരുന്നു വീട് നിര്‍മ്മാണത്തിന്റെ ചുമതല വഹിച്ചത്. 1000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള വീടിന് ഏകദേശം 20 ലക്ഷം രൂപയാണ് ചെലവ് വന്നത്. മൂന്ന് മുറികളും ഹാളും അടുക്കളയും സിറ്റൗട്ടും രണ്ട് ശുചിമുറികളും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വീട് ഒരുക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷവും കെ.എസ്.ഇ.ബി 10 ലക്ഷവും സ്‌കൂള്‍ മാനേജ്മെന്റ് 10 ലക്ഷവും കെ.എസ്.ടി.എ 11 ലക്ഷവും വിദ്യാഭ്യാസ വകുപ്പ് 3 ലക്ഷം രൂപയും സഹായമായി നല്‍കിയിരുന്നു. കരുനാഗപ്പള്ളിയിലുള്ള പാലക്കോട്ട് ബില്‍ഡേഴ്‌സ് ആറു മാസത്തെ കരാര്‍ അഞ്ച് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയാണ് വീട് കൈമാറിയത്.

വിടപറഞ്ഞ മകന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രിയപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ഈ സ്‌നേഹഭവനം നാടിന്റെ നൊമ്പരമായി മാറി. വേദനയില്‍ നടന്ന ഗൃഹപ്രവേശനമായിരുന്നു കല്ലടയിലേത്. മിഥുനം എന്നാണ് വീടിന് നല്‍കിയ പേര്. മിഥുന്റെ ഓര്‍മ്മ നിറയ്ക്കാന്‍ വേണ്ടി കൂടിയാണ് ഈ പേര് നല്‍കിയത്.